മുംബൈ പ്ലേ ഓഫിൽ എത്തിയാൽ രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് ആകും എന്ന് രവി ശാസ്ത്രി

രോഹിത് ശർമ്മ മികച്ച ഫോമിലേക്ക് തിരികെയെത്തും എന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി‌. മുംബൈ ഇന്ത്യൻസിന്റെ മികച്ച ഫോം രോഹിത് ശർമ്മക്ക് തന്റെ മോശം റൺ മറികടക്കാനുള്ള സമയം നൽകും എന്ന് രവി ശാസ്ത്രി പറഞ്ഞു. അവസാന അഞ്ചു മത്സരങ്ങളിലും രണ്ടക്കം കാണാൻ കഴിയാത്ത രോഹിത് ശർമ്മ ഇപ്പോൾ നല്ല ഫോമിൽ അല്ല ഉള്ളത്.

എന്നാൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുകയാണെങ്കിൽ, മാൻ ഓഫ് ദ മാച്ച് നേടാൻ രോഹിതിന് ആകും എന്നും പ്ലേ ഓഫിലെ ഒരു ഗെയിമിൽ അദ്ദേഹമായിരിക്കും താരം എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാം എന്നും രവി ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഇത് മറ്റ് ടീമുകൾക്ക് അപകട സൂചനയുമാണ്. രോഹിത് ഉണരാൻ പോകുന്നു, അവൻ ഒരു ദിവസം ഫോമിൽ എത്തി ബൗളർമാരെ ഒക്കെ അടിച്ചു പറത്തും. ഷോട്ടുകൾ കളിക്കാൻ അദ്ദേഹത്തിന് ധാരാളം സമയം ലഭിച്ചു. ഫോമിലേക്ക് അദ്ദേഹം തിരിച്ചുവരും. അതിൽ യാതൊരു സംശയവുമില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എൽ രാഹുൽ സ്ട്രൈക്ക് റേറ്റ് വർധിപ്പിക്കേണ്ടതുണ്ട് എന്ന് രവി ശാസ്ത്രി

ഇന്നലെ രാജ്സ്ഥാൻ റോയൽസിന് എതിരെ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട കെ എൽ രാഹുലിനെ വിമർശിച്ച് രവി ശാസ്ത്രി. രാഹുൽ സ്ട്രൈക്ക് റേറ്റ് വർധിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്ന് രവി ശാസ്ത്രി പറഞ്ഞു. രാഹുൽ ഇന്നലെ പിച്ച് മനസ്സിലാക്കിയാണ് മെല്ലെ ബാറ്റു ചെയ്തത് എന്ന് പറഞ്ഞു. എന്നാൽ അത് ശരിയല്ല എന്ന് വ്യക്തമാണെന്നും രാഹുലിന്റെ വാക്കുകൾ താൻ കണക്കിൽ എടുക്കുന്നില്ല എന്നും രവി ശാസ്ത്രി പറഞ്ഞു.

“തീർച്ചയായും അദ്ദേഹം സ്‌ട്രൈക്ക് ഉയർത്തേണ്ടതുണ്ട്. നിങ്ങൾക്ക് രണ്ട് അവസരങ്ങൾ കളിയിൽ ലഭിച്ചു അങ്ങനെ ആകുമ്പോൾ നിങ്ങൾ 39 അല്ല നേടേണ്ടത്. ആ പന്തിൽ 60 റണ്ണോ അല്ലെങ്കിൽ 70 റണ്ണോ എടുക്കണമായിരുന്നു. അങ്ങനെ ബാറ്റു ചെയ്തിരുന്നു എങ്കിൽ 160 എന്നത് 175 ആയി മാറും.” രവി ​​ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

കെ എൽ രാഹുലോ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ആരെങ്കിലും ആക്രമിച്ചു കളിക്കേണ്ടതുണ്ട്‌. രാജസ്ഥാൻ റോയൽസ് ടീമും നന്നായി കളിച്ചില്ല എന്നും ഇരു ടീമിനും ഒരുപാട് പഠിക്കാനും മെച്ചപ്പെടാനും ഉണ്ട് എന്നുൻ രവി ശാസ്ത്രി പറഞ്ഞു.

ഏകദിന ക്രിക്കറ്റിന്റെ നിലനിൽപ്പിന് വലിയ മാറ്റങ്ങൾ നിർദേശിച്ച് രവി ശാസ്ത്രി

ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ നിലനിൽപ്പിന് വലിയ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ ക്രിക്കറ്റിന്റെ ഭാവിയെ പറ്റി ചർച്ച ചെയ്ത സമയത്താണ് ഏകദിന ക്രിക്കറ്റിന്റെ നിലനിൽപ്പിന് വലിയ മാറ്റങ്ങൾ വേണമെന്ന ആവശ്യം രവി ശാസ്ത്രി മുൻപോട്ടുവെച്ചത്.

ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ 50 ഓവറിന് പകരം 40 ഓവറാക്കി ചുരുക്കണമെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ മത്സരങ്ങൾ 60 ഓവർ ആയിരുന്നെന്നും തുടർന്ന് ആളുകളുടെ ശ്രദ്ധ കുറഞ്ഞപ്പോൾ 50 ഓവർ ആക്കിയെന്നും രവി ശാസ്ത്രി പറഞ്ഞു.

ടി20 ഫോർമാറ്റ് ആണ് ക്രിക്കറ്റിന്റെ ഭാവിയെന്നും എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള ടി20 പരമ്പരകളിൽ കുറവ് വരുത്തണമെന്നും ശാസ്ത്രി പറഞ്ഞു. ടി20 ക്രിക്കറ്റിന്റെ പ്രചാരണത്തിനായി പ്രാദേശിക ടി20 ലീഗുകൾ ഉണ്ടെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

പരമ്പര 4-0ന് ജയിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് മാനസിക മുൻതൂക്കം ഉണ്ടാകും എന്ന് രവി ശാസ്ത്രി

ലണ്ടനിലെ ഓവലിൽ ലോക ഒന്നാം നമ്പർ ഓസ്‌ട്രേലിയയെ നേരിടേണ്ടി വന്നാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഇനി ഒരു ജയം കൂടി മതി. ഇപ്പോൾ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 2-0ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ പരമ്പര തൂത്തുവാരണം എന്ന് രവിശാസ്ത്രി പറയുന്നു.

“ഇവിടെയുള്ള 4-0ന്റെ വിജയം സൈക്കോളജിക്കലി എതിർ ടീമിന് ശക്തമായ സൂചന നൽകുന്നു.” രവിശാസ്ത്രി പറയുന്നു. “ഈ ഫലത്തിന്റെ സ്വാധീനം ആ ഫൈനലിലും ഉണ്ടാകും, പക്ഷേ സാഹചര്യങ്ങൾ വ്യത്യസ്തമാണ്, കാരണം ഓസ്‌ട്രേലിയയുടെ പേസർമാർക്ക് പറ്റിയ പിച്ച് ആകും. അവരുടെ ഫാസ്റ്റ് ബൗളർമാരിൽ പലരും പരിക്കേറ്റിട്ടുണ്ട്, അവർ തിരികെയെത്തും. എന്നാലും ഈ പരമ്പര തൂത്തുവാരിയാൽ അത് ഇന്ത്യയെ സ്വയം വിശ്വസിക്കാൻ പ്രേരിപ്പിക്കും.” ശാസ്ത്രി പറഞ്ഞു.

“ഇന്ത്യക്ക് ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ആണ് ഈ ലോകകപ്പിൽ ഉള്ളത്” – രവി ശാസ്ത്രി

ഈ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഇന്ത്യ ഇതുവരെ ലോകകപ്പിന് പോയതിൽ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ആണെന്ന് മുമ്പ് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി.

കഴിഞ്ഞ ആറ്-ഏഴ് വർഷമായി ഞാൻ ഈ സിസ്റ്റത്തിന്റെ ഭാഗമാണ്, ആദ്യം ഒരു പരിശീലകനെന്ന നിലയിലും, ഇപ്പോൾ ഞാൻ പുറത്ത് നിന്നും ടീമിനെ വീക്ഷിക്കുന്നു, ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര മികച്ച ലൈനപ്പാണ് ഇതെന്ന് ഞാൻ കരുതുന്നു. ശാസ്ത്രി മുംബൈ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പറഞ്ഞു.

സൂര്യ കുമാർ നമ്പർ 4-ലും ഹാർദിക് പാണ്ഡ്യ നമ്പർ 5-ലും ഋഷഭ് പന്ത് അല്ലെങ്കിൽ ദിനേഷ് കാർത്തിക് 6-ലും ഇറങ്ങുന്നത് ടീമിൽ വലിയ വ്യത്യാസം വരുത്തുന്നു. കാരണം ഈ താരങ്ങളുടെ സാന്നിദ്ധ്യം ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാരെ അവർ കളിക്കുന്ന രീതിയിൽ കളിക്കാൻ അനുവദിക്കുന്നു. എന്നും രവി ശാസ്ത്രി പറഞ്ഞു.

ഇനി പരിശീകനാവില്ല എന്ന് രവി ശാസ്ത്രി

മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി താൻ ഇനി പരിശീലക വേഷത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞു. സ്പോർട്സ് ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി പരിശീലകനാവാൻ ഇനിയില്ല എന്ന് അറിയിച്ചത്.

എന്റെ കോച്ചിംഗ് സമയം അവസാനിച്ചു‌. ഏഴു വർഷമായി ഞാൻ പരിശീലകൻ ആയി പ്രവർത്തിച്ചു. അത് മതി. അദ്ദേഹം പറഞ്ഞു. ഞാൻ എന്തെങ്കിലും കോച്ചിംഗ് നടത്തുകയാണെങ്കിൽ, അത് ഗ്രാസ്റൂട്ട് ലെവലിൽ മാത്രം ആയിരിക്കും. ഗ്രാസ് റൂട്ട് ലെവലിൽ പരിശീലനം നടത്താനായി തനിക്ക് ഒരു സംരംഭം ഉണ്ട്. ഞാൻ അതു വഴി ചെയ്തു കൊള്ളാം. രവി ശാസ്ത്രി പറഞ്ഞു.

അതല്ലാതെ പരിശീലകനെന്ന നിലയിൽ എന്റെ സമയം അവസാനിച്ചു എന്നും ഇനി ഞാൻ ദൂരെ നിന്ന് കളി കാണുകയും ആസ്വദിക്കുകയും ചെയ്യും എന്നും ശാസ്ത്രി പറഞ്ഞു.

രവി ശാസ്ത്രിയുടെ അഭിപ്രായത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രവിചന്ദ്രന്‍ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റ് ലോക ക്രിക്കറ്റിലെ ടോപ് ടീമുകള്‍ മാത്രം കളിക്കേണ്ട ഒന്നാണെന്ന് പറഞ്ഞ് രവി ശാസ്ത്രിയുടെ അഭിപ്രായത്തെ എതിര്‍ത്ത് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. എല്ലാ രാജ്യങ്ങള്‍ക്കും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം ഉണ്ടാക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും അത് സാധ്യമല്ലെങ്കിലും ഇപ്പോളുള്ള ടെസ്റ്റ് രാജ്യങ്ങള്‍ക്കെങ്കിലും അതിന് അവസരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറയ്ക്കുകയല്ല വേണ്ടതെന്നും അശ്വിന്‍ പറഞ്ഞു.

ടി20 ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ആവശ്യം വളരെ വലുതാണെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പടിയെങ്കില്‍ ഇതേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ അവസരം ലഭിച്ചാലാണ് താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റിലേക്കായി തങ്ങളുടെ ശൈലിയെ മാറ്റുവാനുള്ള അവസരം ലഭിക്കുകയുള്ളുവെന്നും അശ്വിന്‍ പറഞ്ഞു.

ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ മാത്രമേ ഫസ്റ്റ് ക്ലാസ് ഘടന മികച്ചതാകുയുള്ളുവെന്നും അത് വഴി കൂടുതൽ താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കുവാന്‍ സാധിക്കും. മൂന്നോ നാലോ രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിച്ചാൽ ക്രിക്കറ്റിന്റെ വളര്‍ച്ചയെയും അത് ബാധിക്കുമെന്ന് അശ്വിന്‍ കൂട്ടിചേര്‍ത്തു.

ഹാര്‍ദ്ദിക്കിന് പകരക്കാരനെ കണ്ടെത്താനാകാതെ പോയത് ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ നഷ്ടപ്പെടുത്തി – രവി ശാസ്ത്രി

താന്‍ കോച്ചായിരുന്നപ്പോള്‍ രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യയ്ക്ക് നഷ്ടമായതിന് കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനെ കണ്ടെത്താനാകാത്തതിനാലാണ് എന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. തനിക്ക് ടോപ് സിക്സിൽ ബൗളിംഗ് കൂടി ചെയ്യുവാന്‍ കഴിയുന്ന ഒരു വ്യക്തിയെ എന്നും ടീമിൽ വേണമെന്നായിരുന്നുവെന്നും എന്നാൽ ഹാര്‍ദ്ദിക്കിന് പരിക്കേറ്റത് വലിയ തിരിച്ചടിയായെന്നും അതാണ് 2019, 2021 ലോകകപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും ശാസ്ത്രി സൂചിപ്പിച്ചു.

തങ്ങള്‍ സെലക്ടര്‍മാരോട് പകരം ഒരാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത്തരത്തിൽ ഒരാള്‍ ഇല്ലെന്നത് അവര്‍ക്കും കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു.

അമ്പാട്ടി റായിഡു, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ ലോകകപ്പ് ടീമിൽ വേണമായിരുന്നു: രവി ശാസ്ത്രി

2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായിഡു, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ ഉണ്ടാവണമായിരുന്നെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തിയത് ശെരിയായിരുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് കാര്യമായ പങ്ക് ഉണ്ടായിരുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

മഹേന്ദ്ര സിംഗ് ധോണി, റിഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നീ കീപ്പർമാരെയാണ് ഇന്ത്യ 2019നുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ തീരുമാനത്തിൽ താൻ സംതൃപ്തൻ അല്ലായിരുന്നെന്നും ഒരു വിക്കറ്റ് കീപ്പർക്ക് പകരം ശ്രേയസ് അയ്യരെയോ അമ്പാട്ടി റായിഡുവിനെയോ ടീമിൽ ഉൾപെടുത്തണമായിരുന്നെന്നും രവി ശാസ്ത്രി പറഞ്ഞു. 2019 ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായിരുന്നു.

ടി20 ക്രിക്കറ്റിൽ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ രോഹിത് ശർമ്മക്ക്‌ കഴിയും : രവി ശാസ്ത്രി

ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് കഴിയുമെന്ന് ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി. നമീബിയക്കെതിരായ ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെയാണ് രോഹിത് ശർമ്മക്ക് ടി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് രവി ശാസ്ത്രി പറഞ്ഞത്.

രോഹിത് കഴിവുള്ള ഒരു ക്യാപ്റ്റൻ ആണെന്നും ഐ.പി.എല്ലിൽ ഒരുപാട് കിരീടങ്ങൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഏറെ കാലമായി ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആണെന്നും രവി ശാസ്ത്രി പറഞ്ഞു. നേരത്തെ ടി20 ലോകകപ്പോടെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ ടോസ് സമയത്ത് തനിക്ക് ശേഷം രോഹിത് ശർമ്മ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആവുമെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

ഐ.പി.എൽ ടീമിന്റെ പരിശീലകനാവാൻ രവി ശാസ്ത്രി

പുതുതായി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തിയ അഹമ്മദാബാദ് ടീം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെ പരിശീലകനായി എത്തിക്കാൻ ശ്രമം തുടങ്ങി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദ് ടീമിന്റെ ഉടമകളായ സി.വി.സി ക്യാപിറ്റൽസ് രവി ശാസ്ത്രിയെ ടീമിന്റെ പരിശീലകനാവാൻ സമീപിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കാൻ കുറച്ച് സമയം വേണമെന്ന് രവി ശാസ്ത്രി ആവശ്യപെട്ടിട്ടുണ്ട്. ടി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഈ കാര്യത്തിൽ രവി ശാസ്ത്രി തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്. രവി ശാസ്ത്രി അഹമ്മദാബാദ് ടീമിന്റെ പരിശീലകനാവുകയാണെങ്കിൽ ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിൽ സഹ പരിശീലകരായ ഭരത് അരുണും ആർ.ശ്രീധറും ശാസ്ത്രിക്കൊപ്പം ടീമിന്റെ ഒപ്പം ചേരും.

ധോണി എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ക്യാപ്റ്റൻ : രവി ശാസ്ത്രി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വൈറ്റ് ബോൾ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വൈറ്റ് ബോൾ ക്രിക്കറ്റ് എടുക്കുമ്പോൾ ധോണിയുടെ തൊട്ടടുത്ത് വേറെ ആരും എത്തില്ലെന്നും ശാസ്ത്രി പറഞ്ഞു. ഐ.സി.സി ടൂർണമെന്റുകളിൽ ധോണിയുടെ റെക്കോർഡ് വളരെ മികച്ചതാണെന്നും ഐ.പി.എൽ, ചാമ്പ്യൻസ് ലീഗ്, ഐ.സി.സി ടൂർണമെന്റുകൾ, 2 ലോകകപ്പുകൾ എന്നിവയെല്ലാം ധോണി നേടിയ കാര്യം രവി ശാസ്ത്രി ഓർമ്മിപ്പിക്കുകയും ചെയ്തു.

നേരത്തെ യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേശകനായി ബി.സി.സി.ഐ ധോണിയെ നിയമിച്ചിരുന്നു. ധോണി ഇന്ത്യൻ ക്യാപ്റ്റനായിരിക്കെയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയത്.

Exit mobile version