റാസ്മസ് ഹോയ്‌ലുണ്ടിനെ ലോണിൽ സ്വന്തമാക്കാൻ ഇന്റർ മിലാൻ ലക്ഷ്യമിടുന്നു


ജൂൺ 2, 2025 – ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സ്ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ടിനെ ഈ സമ്മറിൽ സീരി എയിലേക്ക് തിരികെ കൊണ്ടുവരാൻ ഇന്റർ മിലാൻ ശ്രമം നടത്തുകയാണ്. താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് ക്ലബ്ബ് പ്രധാനമായും ലക്ഷ്യമിടുന്നത്.


2023ൽ അറ്റലാന്റയിൽ നിന്ന് 75 ദശലക്ഷം യൂറോയും 10 ദശലക്ഷം യൂറോയുടെ ബോണസുകളും നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ഡാനിഷ് സ്ട്രൈക്കർ ഹോയ്‌ലുണ്ടിന് യുണൈറ്റഡിൽ ഇതുവരെ ഫോം കണ്ടെത്താൻ ആയിട്ടില്ല. യുവൻ്റസും നാപ്പോളിയും താരത്തിൽ താൽപര്യം കാണിച്ചിട്ടുണ്ടെങ്കിലും, ഇന്ററാണ് ഇപ്പോൾ മുൻപന്തിൽ.


ജോക്വിൻ കൊറിയ, മാർക്കോ അർണൗട്ടോവിച്ച് എന്നിവരുടെ കരാറുകൾ അവസാനിക്കാനിരിക്കെയും മെഹ്ദി ടാരെമി ക്ലബ്ബ് വിടുമെന്ന റിപ്പോർട്ടുകൾക്കിടയിലുമാണ് ഇന്റർ ആക്രമണം ശക്തിപ്പെടുത്താൻ നോക്കുന്നത്. ലൗട്ടാരോ മാർട്ടിനെസും മാർക്കസ് തുറാമും സിമോൺ ഇൻസാഗിയുടെ ആദ്യ ചോയ്സ് മുന്നേറ്റ നിരയാണെങ്കിലും, സ്ക്വാഡ് ഡെപ്ത് കൂട്ടാൻ അവർ ആഗ്രഹിക്കുന്നു.

ഹൊയ്ലുണ്ടിന്റെ സെലിബ്രേഷൻ പ്രശ്നമല്ല, അനാദരവല്ല എന്ന് എനിക്ക് അറിയാം – റൊണാൾഡോ

ഡെൻമാർക്കിന്റെ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിനിടെ തന്റെ ഐക്കണിക് സിയു സെലിബ്രേഷൻ അനുകരിച്ച റാസ്മസ് ഹൊയ്ലുണ്ടിനെ വിമർശിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ.

“ഹൊയ്ലുണ്ട് എന്റെ ആഘോഷം നടത്തുന്നത് ഒരു പ്രശ്‌നമല്ല. അത് അനാദരവ് കൊണ്ടല്ലെന്ന് എനിക്കറിയാം. അദ്ദേഹം മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും എന്നെപ്പോലെ ആഘോഷിക്കുന്ന ആളുകളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളെ അദ്ദേഹം എന്റെ ആഘോഷം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!”

ആദ്യ പാദത്തിൽ ഹൊയ്ലുണ്ട് നേടിയ ഗോളിൽ ഡെന്മാർക്ക് വിജയിച്ചിരുന്നു. രണ്ടാം പാദത്തിൽ തിരികെ വന്ന് സെമി ഉറപ്പാക്കാൻ ആകും എന്ന് റൊണാൾഡോ പറഞ്ഞു.

ഈ ഗോൾ ആത്മവിശ്വാസം നൽകും, എന്റെ പ്രകടനങ്ങൾ ഇതുവരെ നല്ലതായിരുന്നില്ല – ഹൊയ്ലുണ്ട്

മൂന്ന് മാസത്തിന് ശേഷം തന്റെ ആദ്യ ഗോൾ നേടിയ റാസ്മസ് ഹൊയ്ലുണ്ട് ഗോൾ വരൾച്ച അവസാനിപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചു. അറ്റലാന്റയിൽ നിന്ന് 72 മില്യൺ പൗണ്ടിന് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഹൊയ്ലുണ്ട് ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ താളം കണ്ടെത്തിയിട്ടില്ല. അവസാന 21 മത്സരങ്ങളിൽ ഹൊയ്ലുണ്ടിന്റെ ആദ്യ ഗോളായിരുന്നു ഇത്.

“ഗോൾ നേടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, അത് എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നു,” ഹൊയ്ലുണ്ട് പറഞ്ഞു.

“എന്റെ പ്രകടനങ്ങൾ ആണ് വിമർശത്തിന് കാരണമാകുന്നത്. ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ കളിയിൽ എനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഞാൻ കരുതുന്നു, പുതിയ സംവിധാനവുമായും പുതിയ പൊസിഷനുകളുമായും ഞങ്ങൾ ഇപ്പോഴും പൊരുത്തപ്പെടുന്നു. പക്ഷേ, ഞാൻ അടുത്തിടെ മെച്ചപ്പെട്ടു വരികയാണെന്ന് ഞാൻ കരുതുന്നു.” – ഹൊയ്ലുണ്ട് പറഞ്ഞു.

2 അസിസ്റ്റും 1 ഗോളുമായി ബ്രൂണോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളിനാണ് വിജയിച്ചത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം റാസ്മസ് ഹൊയ്ലുണ്ട് ഇന്ന് ഗോൾ കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസ് 2 അസിസ്റ്റും ഒരു ഗോളും ഇന്ന് നേടി.

ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്പൂർണ്ണ ആധിപത്യം പുലർത്തി. എറിക്സന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. 28ആം മിനുറ്റിൽ ആയിരുന്നു ഹൊയ്ലുണ്ടിന്റെ ഗോൾ. ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നറിയ ഹൊയ്ലുണ്ട് വലം കാൽ ഷോറ്റ് കൊണ്ട് വലയിലേക്ക് എത്തിച്ചു.

രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ യുവ സെന്റർ ബാക്ക് എയ്ദൻ ഹെവൻ പരിക്കേറ്റ് പുറത്ത് പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി. ഗർനാചോ 67ആം മിനുറ്റിൽ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. 90ആം മിനുറ്റിൽ ബ്രൂണോയുടെ ഗോൾ യുണൈറ്റഡിന്റെ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 29 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗിൽ 13ആം സ്ഥാനത്തേക്ക് എത്തി. ലെസ്റ്റർ സിറ്റി 17 പോയിന്റുമായി 19ആം സ്ഥാനത്താണ്.

ഇരട്ട ഗോളുകളുമായി ഹൊയ്ലുണ്ട്! യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്

അമോറിമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരിച്ചുവന്നു. ഇന്ന് യൂറോപ്പ ലീഗിൽ ചെക്ക് റിപബ്ലിക്കിൽ നടന്ന മത്സരത്തിൽ വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സബ്ബായി എത്തി ഇരട്ട ഗോൾ നേടിയ ഹൊയ്ലുണ്ട് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹീറോ ആയത്.

ഇന്ന് വളരെ വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത്. ഇരു ടീമും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഒനാനയുടെ ഒരു പിഴവ് വിക്ടോറിയ പ്ലസന് ഗോൾ സമ്മാനിച്ചു. വൈദ്രയാണ് ഗോൾ നേടിയത്.

ഈ ഗോളിന് ശേഷം അമോറിം ഹൊയ്ലുണ്ടിനെ ഉൾപ്പെടെ നിരവധി അറ്റാക്കിംഗ് മാറ്റങ്ങൾ വരുത്തി. ഈ മാറ്റങ്ങൾ ഫലം കാണുകയും ചെയ്തു. 62ആം മിനുട്ടിൽ ഹൊയ്ലുണ്ട് യുണൈറ്റഡിന് സമനില നൽകി. അമദിന്റെ ഒരു ഷോട്ട് പ്ലസൻ കീപ്പർ തടഞ്ഞപ്പോൾ റീബൗണ്ടിൽ ഹൊയ്ലുണ്ട് ലക്ഷ്യം കാണുക ആയിരുന്നു.

യുണൈറ്റഡ് ഇതിനു ശേഷം വിജയ ഗോളിനായി ശ്രമിച്ചു. 88ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് ഹൊയ്ലുണ്ടിനെ കണ്ടെത്തി. ഹൊയ്ലുണ്ടിന്റെ ഇടം കാലബ് ഫിനിഷ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡും പരിക്കുകളും, ഹൊയ്ലുണ്ട് ഒരു മാസം കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിന് സീസൺ തുടക്കം നഷ്ടമാകും. ഹൊയ്ലുണ്ട് ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഴ്സണലിന് എതിരായ മത്സരത്തിൽ ആയിരുന്നു ഹൊയ്ലുണ്ടിന് പരിക്കേറ്റത്. താരം ഇനി പ്രീസീസണിൽ കളിക്കില്ല. അടുത്ത ആഴ്ച നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരവും ഹൊയ്ലുണ്ട് കളിക്കില്ല.

ഫുൾഹാം, ലിവർപൂൾ എന്നിവർക്ക് എതിരായ ഹോം മത്സരങ്ങൾ, ബ്രൈറ്റണ് എതിരായ എവേ മത്സരം എന്നിവയും ഹൊയ്ലുണ്ടിന് നഷ്ടമാകും. സെപ്റ്റംബറിലെ ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞാകും ഹൊയ്ലുണ്ട് ഇനി തിരികെയെത്തുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലെനി യോറോ മൂന്ന് മാസം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി, ഹൊയ്ലുണ്ടിനും യോറോക്കും പരിക്ക്

സീസൺ ആരംഭിക്കാൻ രണ്ട് ആഴ്ച മാത്രം ബാക്കിയിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി. അവരുടെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്ക്. ഇന്ന് നടന്മ ആഴ്‌സണലുമായുള്ള പ്രീ-സീസൺ മത്സരത്തിനിടെ റാസ്മസ് ഹൊയ്ലുണ്ടും ലെനി യോറോയും പരിക്കേറ്റ് കളംവിട്ടു. ഇരുവരുടെയും പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ് കളം വിടാൻ ഒരുങ്ങുന്ന യുവ സെന്റർ ബാക്ക് യോറോ

യുണൈറ്റഡിനായി ഇന്ന് ഗോൾ നേടിയ ഹൊയ്ലുണ്ട് അധികം വൈകാതെ പരിക്ക് കാരണം കളം വിട്ടു. ഹൊയ്ലുണ്ടിന് ഹാം സ്ട്രിംഗ് ഇഞ്ച്വറിയാണ്. യോറോക്ക് ആങ്കിളിനാണ് പരിക്ക്. യോറോയുടെ പരിക്കിൽ ആണ് കൂടുതൽ ആശങ്ക എന്ന് മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു. ഇരുവരും എത്ര കാലം പുറത്തിരിക്കും എന്ന് നാളെയോടെയേ അറിയാൻ ആവുകയുള്ളൂ.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സീസണിലെ ആദ്യ മത്സരമായ കമ്മ്യൂണിറ്റി ഷീൽഡിന് ഇറങ്ങാൻ ഇനി 13 ദിവസം മാത്രമെ ബാക്കിയുള്ളൂ.

ഹൊയ്ലുണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നമ്പർ 9

2024/25 സീസണിന് മുന്നോടിയായി സ്‌ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ജേഴ്സി നമ്പർ നൽകി. താരം ഇനി 9-ാം നമ്പർ ജേഴ്സി ആകും മാഞ്ചസ്റ്റർ യുണൈറ്റഡിൽ അണിയുക. കഴിഞ്ഞ വർഷം യുണൈറ്റഡിലേക്ക് എത്തിയ ഹൊയ്ലുണ്ട് 11-ാം നമ്പർ ജേഴ്സി ആയിരുന്നു ഇതുവരെ അണിഞ്ഞിരുന്നത്.

മാർഷൽ ക്ലബ് വിട്ടതോടെയാണ് ഹൊയ്ലുണ്ടിന് നമ്പർ 9 ഷർട്ട് ലഭിച്ചത്. സർ ബോബി ചാൾട്ടൺ, ആൻഡി കോൾ, ദിമിറ്റർ ബെർബറ്റോവ് തുടങ്ങിയ ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ജേഴ്സി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ 9ആം നമ്പർ ജേഴ്സി.

ഡെന്മാർക്കിനായി നമ്പർ 9 ജേഴ്സി ആണ് ഹൊയ്ലുണ്ട് അണിഞ്ഞിരുന്നത്. എസ്‌കെ സ്റ്റർം ഗ്രാസിനായും അദ്ദേഹം അതേ നമ്പർ ജേഴ്സി ആണ് ധരിച്ചിരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ഹൊയ്ലുണ്ട് ഉൾപ്പെടെ 3 താരങ്ങൾ പരിക്ക് മാറി എത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന് സന്തോഷ വാർത്ത. ലിവർപൂളിനെതിരായ എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി 3 താരങ്ങൾ പരിക്കിൽ നിന്ന് മടങ്ങിയെത്തി. റാസ്മസ് ഹൊയ്ലുണ്ട്, ഹാരി മഗ്വയർ, ആരോൺ വാൻ-ബിസാക്ക എന്നിവർ തിരിച്ചെത്തിയതായി ടെൻ ഹാഗ് അറിയിച്ചു. മൂവരും ഈ ആഴ്ച പരിശീലനം നടത്തി.

ഹൊയ്ലുണ്ട് പരിക്കേറ്റ് പോയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ വീണ്ടും മോശമായിരുന്നു. താരം തിരിച്ചെത്തുന്നത് യുണൈറ്റഡിന്റെ ഗോളിന് മുന്നിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് അവർ പ്രതീക്ഷിക്കുന്നു.

പരിക്കേറ്റ് പോകുന്നതിന് മുമ്പ് തുടർച്ചയായി ആറ് കളികളിൽ ഹൊയ്ലുണ്ട് സ്കോർ ചെയ്തിരുന്നു‌ മഗ്വയർ വരുന്നത് യുണൈറ്റഡ് ഡിഫൻസും മെച്ചപ്പെടുത്തും. വാൻ ബിസാക വന്നാൽ ഡാലോട്ട് ലെഫ്റ്റ് ബാക്കിലേക്ക് പോകാനും സാധ്യതയുണ്ട്.

പ്രീമിയർ ലീഗ് ഫെബ്രുവരിയിലെ മികച്ച താരമായി റാസ്മസ് ഹൊയ്ലുണ്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി റാസ്മസ് ഹൊയ്ലുണ്ടിനെ തിരഞ്ഞെടുത്തു. ഫെബ്രുവരിയിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഹൊയ്ലുണ്ട് ഗോളുകൾ നേടിയിരുന്നു. ഇതാണ് താരത്തെ അവാർഡിലേക്ക് എത്തിച്ചത്.

ഫെബ്രുവരിയിൽ 5 ഗോളുകളും ഒരു അസിസ്റ്റും റാസ്മസ് ഹൊയ്ലുണ്ട് നേടി. ഇപ്പോൾ ഹൊയ്ലുണ്ട് പരിക്കേറ്റ് പുറത്താണ്.

“ഞാൻ വളരെ സന്തോഷവാനാണ്. തീർച്ചയായും, ഈ അവാർഡ് ലഭിക്കുന്നത് ഒരു വലിയ കാര്യമാണ്, അതിനാൽ ഈ അവാർഡിന് ഞാൻ വളരെ നന്ദിയുള്ളവനും സന്തുഷ്ടനുമാണ്.” ഹൊയ്ലുണ്ട് പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി, ഹൊയ്ലുണ്ടിന് പരിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിന് പരിക്ക്. താരം മൂന്ന് ആഴ്ചയോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടിയാണിത്. ഹൊയ്ലുണ്ട് ഫോമിൽ ആയതോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ഫോമിലേക്ക് എത്തിയത്‌. അവസാന ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിലും ഹൊയ്ലുണ്ട് ഗോൾ നേടിയിരുന്നു.

ലൂട്ടൺ ടൗണിൽ ഞായറാഴ്ച നടന്ന 2-1 വിജയത്തിൽ ഇരട്ട ഗോളുകളും താരം നേടിയിരുന്നു. ലൂക് ഷോയുടെ പരിക്കിന് പിന്നാലെ ഹൊയ്ലുണ്ട് കൂടെ പുറത്തായത് യുണൈറ്റഡിന് വൻ ആശങ്ക നൽകും. മറ്റൊരു സ്ട്രൈക്കർ യുണൈറ്റഡ് ടീമിൽ ഇല്ല. മാഞ്ചസ്റ്റർ ഡർബി അടക്കം ഹൊയ്ലുണ്ടിന് നഷ്ടമായേക്കും.

മക്ടോമിനെ ഹീറോ!! മാഞ്ചസ്റ്റർ യുണൈറ്റഡിന് വില്ല പാർക്കിൽ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. ഇന്ന് വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. യുണൈറ്റഡിനായി മത്സരം അവസാനിക്കാൻ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ മക്ടോമിനെ ആണ് വിജയ ഗോൾ നേടിയത്.

ഇന്ന് വില്ല പാർക്കിൽ മികച്ച രീതിയിൽ തുടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. പോസിറ്റീവ് ആയി കളിച്ച അവർക്ക് 17ആം മിനുട്ടിൽ ലീഡ് എടുക്കാനായി. ഒരു കോർണറിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ ഗോൾ. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ മഗ്വയർ ഹെഡ് ചെയ്ത് മുന്നിലേക്ക് ഇട്ടപ്പോൾ ആ അവസരം മുതലെടുത്ത് ഒരു ടാപിന്നിലൂടെ റാസ്മസ് ഹൊയ്ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി.

ഹൊയ്ലുണ്ടിന്റെ അവസാന അഞ്ച് മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം യുണൈറ്റഡ് ഡിഫൻസിൽ ഊന്നി കളിക്കാൻ തുടങ്ങി. ഒനാനയുടെ രണ്ട് ഗംഭീര സേവുകൾ സ്കോർ 1-0 എന്ന് തന്നെ സ്കോർ നിലനിർത്തി.

രണ്ടാം പകുതിയിൽ പരിക്ക് കാരണം ലൂക് ഷോയെ നഷ്ടമായത് യുണൈറ്റഡിന് തിരിച്ചടിയായി. ആസ്റ്റൺ വില്ല തുടരെ ആക്രമണങ്ങൾ നടത്തി. 66ആം മിനുട്ടിൽ ആസ്റ്റൺ വില്ല ഡഗ്ലസ് ലൂയിസിലൂടെ സമനില കണ്ടെത്തി. സ്കോർ 1-1.

86ആം മിനുട്ടിൽ മക്ടോമിനെയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലീഡ് എടുത്തു. ഡാലോട്ട് നൽകിയ ക്രോസിൽ നിന്ന് മികച്ച ഹെഡറിലൂടെ ആണ് മക്ടോമിനെ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. സ്കോർ 2-1.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 41 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. 46 പോയിന്റുമായി ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version