ബിഗ് ബാഷിലേക്ക് വീണ്ടും ഒരിന്ത്യന്‍ താരം, പൂനം യാദവ് ബ്രിസ്ബെയിന്‍ ഹീറ്റിലേക്ക്

ബിഗ് ബാഷിലേക്ക് വീണ്ടുമൊരു ഇന്ത്യന്‍ താരം എത്തുന്നു. പൂനം യാദവിനെയാണ് ബ്രിസ്ബെയിന്‍ ഹീറ്റ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഇത് എട്ടാമത്തെ ഇന്ത്യന്‍ താരത്തെയാണ് ഇപ്പോള്‍ ബ്രിസ്ബെയിന്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാണ്ട് താരം അമേലിയ കെര്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് പൂനം യാദവിന് നറുക്ക് വീണത്.

സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ, ഷഫാലി വര്‍മ്മ, രാധ യാദവ്, ജെമീമ റോഡ്രിഗസ്, ഹര്‍മ്മന്‍പ്രീത് കൗര്‍, റിച്ച ഘോഷ് എന്നിവരാണ് ബ്രിഗ് ബാഷിലേക്ക് എത്തുന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍.

ലോകകപ്പിലെ രണ്ടാം ജയവുമായി ഇന്ത്യ, ബംഗ്ലാദേശിനെതിരെ 18 റണ്‍സിന്റെ വിജയം

വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 18 റണ്‍സ് വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയ ശേഷം എതിരാളികളെ 124/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി നിഗാര്‍ സുല്‍ത്താന(35), മുര്‍ഷിദ ഖാടുന്‍(30) എന്നിവര്‍ മികവ് പുലര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗിനെതിരെ സ്കോറിംഗ് നടത്തുവാന്‍ മറഅറു ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു. ഫാത്തിമ ഖാടുന്‍ 13 പന്തില്‍ 17 റണ്‍സ് നേടി പൊരുതുവാന്‍ ശ്രമിച്ചുവെങ്കിലും പൂനം യാദവ് താരത്തെ മടക്കിയയച്ചു.

ഇന്ത്യയ്ക്കായി പൂനം യാദവ് മൂന്നും ശിഖ പാണ്ടേ, അരുന്ധതി റെഡ്ഢി എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

അലൈസ ഹീലിയുടെ അര്‍ദ്ധ ശതകത്തിനിടയിലും ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ഇന്ത്യ, ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം നല്‍കി പൂനം യാദവ്

ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറില്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‍ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ എതിരാളികളായ ഓസ്ട്രേലിയയെ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി 17 റണ്‍സ് വിജയം പിടിച്ചെടുത്തു. 19.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്.

35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 റണ്‍സ് നേടിയ ആഷ്‍ലി ഗാര്‍ഡ്നറെയും മാറ്റി നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്തടുതത് പന്തുകളില്‍ എല്‍സെ പെറി, റേച്ചല്‍ ഹെയ്ന്‍സ് എന്നിവരെ പുറത്താക്കിയ പൂനം യാദവ് ഓസ്ട്രേലിയയെ 76/3 എന്ന നിലയില്‍ നിന്ന് 82/6 എന്ന നിലയിലേക്ക് തള്ളിയിട്ടു.

പൂനം യാദവിന് പുറമെ ശിഖ പാണ്ടേ 3 വിക്കറ്റ് നേടി ഓസ്ട്രേലിയയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് പൂനം യാദവ് തന്റെ നാല് വിക്കറ്റ് നേടിയത്. ശിഖ പാണ്ടേ തന്റെ 3.5 ഓവറില്‍ 14 റണ്‍സാണ് വിട്ട് നല്‍കിയത്.

വിന്‍ഡീസിനെതിരെ രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ, അവസാന ഓവറില്‍ ജയം ഒരുക്കി പൂനം യാദവ്

ശിഖ പാണ്ടേയുടെ കരുത്തില്‍ 107 റണ്‍സിലേക്ക് എത്തിയ ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ 2 റണ്‍സ് വിജയം. ഇന്ത്യയുടെ ചെറിയ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന രണ്ടോവറിലേക്ക് മത്സരം കടന്നപ്പോള്‍ വിന്‍ഡീസിന് ജയിക്കുവാന്‍ 30 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രാജേശ്വരി ഗായക്വാഡ് എറിഞ്ഞ 19ാം ഓവറില്‍ എന്നാല്‍ വിന്‍ഡീസ് മത്സരം തിരികെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സും അടക്കം 19 റണ്‍സാണ് ഓവറില്‍ നിന്ന് അവര്‍ നേടിയത്.

അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് ആദ്യ മൂന്ന് പന്തില്‍ നിന്ന് 7 റണ്‍സ് നേടനായി. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. രണ്ട് വിക്കറ്റുകളും ടീമിന് നഷ്ടമായി. ഇന്ത്യയുടെ പൂനം യാദവ് ആണ് അവസാന ഓവര്‍ എറിഞ്ഞത്. ആ ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ പൂനം യാദവ് സ്വന്തമാക്കിയത്.

വിന്‍ഡീസിന് വേണ്ടി ലീ-ആന്‍ കിര്‍ബി 42 റണ്‍സും ഹെയ്‍ലി മാത്യൂസ് 25 റണ്‍സും നേടിയപ്പോള്‍ ചിനെല്ലേ ഹെന്‍റി 17 റണ്‍സ് നേടി. ഹെയ്‍ലി-ഹെന്‍റി കൂട്ടുകെട്ടാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയത്.

പൂനം യാദവ് അര്‍ജുന അവാര്‍ഡ് കൈപ്പറ്റി, രവീന്ദ്ര ജഡേജ ദേശീയ ടീമിനൊപ്പമായതിനാല്‍ ചടങ്ങിനെത്തിയില്ല

ദേശീയ സ്പോര്‍ട്സ് ദിനമായ ഓഗസ്റ്റ് 29ന് ഇന്ത്യയുടെ പ്രസിഡന്റായ ശ്രീ രാം നാഥ് കോവിന്ദില്‍ നിന്ന് അര്‍ജുന അവാര്‍ഡ് വാങ്ങി ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരം പൂനം യാദവ്. രാഷ്ട്രപതി ദിനത്തില്‍ നടന്ന ചടങ്ങില്‍ നേരിട്ടെത്തിയാണ് താരം അവാര്‍ഡ് സ്വീകരിച്ചത്. അതേ സമയം അവാര്‍ഡിന് അര്‍ഹനായ മറ്റൊരു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ദേശീയ ഡ്യൂട്ടി കാരണം അവാര്‍ഡ് സ്വീകരിക്കാനെത്താനായിരുന്നില്ല.

https://twitter.com/BCCI/status/1167196418513100800

ജഡേജ വിന്‍ഡീസിനെതിരെ ജമൈക്കയില്‍ രണ്ടാം ടെസ്റ്റ് കളിക്കുന്നതിനാലാണ് എത്താനാകാതെ പോയത്. ബിസിസിഐ ഇരു താരങ്ങളെയും അവരുടെ നേട്ടത്തിന് അനുമോദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്. 19 കായിക താരങ്ങളെ അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചത്. ഇതില്‍ ക്രിക്കറ്റില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ഇടം ലഭിച്ചത്. ബിസിസിഐ ജസ്പ്രീത് ബുംറയ്ക്കും , മുഹമ്മദ് ഷമിയ്ക്കും കൂടി അര്‍ജ്ജുന അവാര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കായിക മന്ത്രാലയും ജഡേജയ്ക്കും പൂനം യാദവിനും മാത്രം അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ ഇന്ത്യയ്ക്കായി വീരോചിതമായ പോരാട്ടം പുറത്തെടുത്ത താരമാണ് രവീന്ദ്ര ജഡേജ. അന്ന് 59 പന്തില്‍ നിന്ന് 79 റണ്‍സ് താരം നേടിയെങ്കിലും മത്സരത്തില്‍ വിജയം കരസ്ഥമാക്കുവാന്‍ ടീമിന് സാധിച്ചിരുന്നില്ല.

ഏപ്രില്‍ 2013ല്‍ ആണ് പൂനം യാദവ് തന്റെ ടി20 അരങ്ങേറ്റം കുറിച്ചത്. അതേ മാസം തന്നെ തന്റെ ഏകദിന അരങ്ങേറ്റവും താരം നടത്തി. ഇരു അരങ്ങേറ്റങ്ങളും ബംഗ്ലാദേശിനെതിരെ ആയിരുന്നു. 2014 നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പൂനം യാദവ് അരങ്ങേറ്റം നടത്തി.

ഗ്രേഡ് എ താരങ്ങളായി നാല് വനിത താരങ്ങള്‍

ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരങ്ങള്‍ക്കും പുതിയ ഗ്രേഡ് കരാറുകള്‍. ഗ്രേഡ് എ കരാറില്‍ നാല് താരങ്ങളാണുള്ളത്. നേരത്തെ തന്നെ പട്ടികയിലുള്ള മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ക്കൊപ്പം പൂനം യാദവിനും പുതിയ കരാര്‍ ലഭിച്ചു. അതേ സമയം ടി20യില്‍ നിന്ന് വിരമിച്ച ജൂലന്‍ ഗോസ്വാമിയെ ഗ്രേഡ് ബിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജെമീമ റോഡ്രിഗസ് ഗ്രേഡ് സിയില്‍ നിന്ന് ഗ്രേഡ് ബിയിലേക്ക് മാറിയപ്പോള്‍ വേദ കൃഷ്ണ മൂര്‍ത്തിയ്ക്കും രാജേശ്വരി ഗായക്വാഡിനും ഗ്രേഡ് ബിയില്‍ നിന്ന് ഗ്രേഡ് സിയിലേക്ക് കരാര്‍ മാറ്റി നല്‍കി.

ഗ്രേഡ് എ(50 ലക്ഷം രൂപ): മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ്

ഗ്രേഡ് ബി(30 ലക്ഷം): ഏക്ത ബിഷ്ട്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ടേ, ദീപ്തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്

ഗ്രേഡ് സി(10 ലക്ഷം): രാധ യാദവ്, ദയലന്‍ ഹേമലത, അനൂജ പാട്ടില്‍, വേദ കൃഷ്ണമൂര്‍ത്തി, മാന്‍സി ജോഷി, പൂനം റൗട്ട്, മോണ മോശ്രാം, അരുന്ധതി റെഡ്ഢി, രാജേശ്വരി ഗായക്വാഡ്, താനിയ ഭാട്ടിയ, പൂജ വസ്ട്രാക്കര്‍

ഹര്‍മ്മന്‍പ്രീത് കൗര്‍ വെടിക്കെട്ടിനു ശേഷം ബൗളര്‍മാരും തിളങ്ങി, ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

വെടിക്കെട്ട് പ്രകടനവുമായി ഹര്‍മ്മന്‍പ്രീത് കൗറും ഒപ്പം മികച്ച പിന്തുണയുമായി ജെമീമ റോഡ്രിഗസും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് 194/5 എന്ന പടു കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യ ന്യൂസിലാണ്ടിനെ 160/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തി വനിത ലോക ടി20യിലെ ഉദ്ഘാടന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

51 പന്തില്‍ നിന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ 103 റണ്‍സാണ് നേടിയത്. 8 സിക്സുകളും 7 ഫോറുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ജെമീമ 45 പന്തില്‍ നിന്ന് 59 റണ്‍സ് നേടി. 40/3 എന്ന നിലയിലേക്ക് ആദ്യ ആറോവറിനുള്ളില്‍ വീണ ഇന്ത്യയെ നാലാം വിക്കറ്റില്‍ 134 റണ്‍സ് കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് എത്തിച്ചത്. ജെമീമ 18.2 ഓവറില്‍ പുറത്തായപ്പോള്‍ ഹര്‍മ്മന്‍പ്രീത് ഇന്നിംഗ്സ് അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെയാണ് പുറത്തായത്. ന്യൂസിലാണ്ടിനായി ലിയ തഹാഹു രണ്ടും ജെസ്സ് വാട്കിന്‍, ലെയ്ഗ കാസ്പെറ്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബാറ്റിംഗില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണെങ്കില്‍ ബൗളിംഗില്‍ ദയാലന്‍ ഹേമലതയും പൂനം യാദവും  ആണ് ന്യൂസിലാണ്ടിനെ വട്ടം ചുറ്റിച്ചത്. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് ന്യൂസിലാണ്ട് നേടിയ ശേഷം അന്ന പെറ്റേര്‍സണെ(14) ദയാലന്‍ ഹേമലത പുറത്താക്കിയപ്പോള്‍ 10ാം ഓവറില്‍ രണ്ട് ന്യൂസിലാണ്ട് താരങ്ങളെ പുറത്താക്കി പൂനം യാദവ് ടീമിനെ പ്രതിരോധത്തിലാക്കി.

സൂസി ബെയ്റ്റ്സ് പൊരുതി തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും റണ്‍റേറ്റ് ഓരോ പന്തിനു ശേഷവും കുതിച്ച് കയറുവാന്‍ തുടങ്ങിയത് ന്യൂസിലാണ്ടിനു കാര്യങ്ങള്‍ പ്രയാസകരമാക്കി. 67 റണ്‍സ് നേടിയ സൂസി ബെയ്റ്റ്സിനെ അരുന്ധതി റെഡ്ഢി പുറത്താക്കിയതോടെ ന്യൂസിലാണ്ടിന്റെ തോല്‍വി വേഗത്തിലായി.

ന്യൂസിലാണ്ടിനായി കാറ്റി മാര്‍ട്ടിനും(39) ലെയ്ഗ് കാസ്പെറക്കും(19) പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ സ്കോര്‍ കീഴ്പ്പെടുത്തുവാന്‍ പ്രയാസകരമായ ഒന്നായിരുന്നു. ഇന്ത്യയ്ക്കായി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വിക്കറ്റും രാധ യാദവ് രണ്ട് വിക്കറ്റും നേടി.

ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലേതില്‍ ആദ്യത്തേതില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 19.3 ഓവറില്‍ 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. താനിയ ഭാട്ടിയ(46), ജെമിമ റോഡ്രിഗസ്(36), അനൂജ പാട്ടില്‍(36), വേദ കൃഷ്ണമൂര്‍ത്തി(21) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, ചാമരി അട്ടപ്പട്ടു എന്നിവര്‍ രണ്ട് വിക്കറ്റും ഓരോ വിക്കറ്റുമായി നീലാക്ഷി ഡി സില്‍വ, ശ്രീപാലി വീരക്കോടി, ശശികല സിരിവര്‍ദ്ധനേ എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് ടീം പിന്നോട്ട് പോയി. മൂന്നോവറില്‍ 39 റണ്‍സ് നേടിയ ശേഷം യശോദ മെന്‍ഡിസിനെ(12 പന്തില്‍ 32 റണ്‍സ്) നഷ്ടമായ ശ്രീലങ്കയ്ക്കായി എഹ്സാനി ലോകുസുരിയാഗേ 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ചാമരി അട്ടപ്പട്ടു 27 റണ്‍സ് നേടി പുറത്തായി.

19.3 ഓവറില്‍ ടീം 155 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റുമായി പൂനം യാദവ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങി. രാധ യാദവ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റും അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പടു കൂറ്റന്‍ ജയം, ഇന്ത്യന്‍ വനിതകളും ജയം തുടരുന്നു

178 റണ്‍സിന്റെ പടുകൂറ്റന്‍ ജയവുമായി ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ദക്ഷിണാഫ്രിക്കന്‍ ജൈത്രയാത്ര തുടരുന്നു. സ്മൃതി മന്ഥാന നേടിയ ശതവും ഹര്‍മ്മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടുവാന്‍ സഹായിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 124 റണ്‍സിനു ഓള്‍ഔട്ട് ആയി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി(135) റണ്‍സ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത്(55*), വേദ കൃഷ്ണമൂര്‍ത്തി(51*) എന്നിവര്‍ പുറത്താകാതെ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. വേദ കൃഷ്ണമൂര്‍ത്തി 33 പന്തില്‍ നിന്നാണ് 51 റണ്‍സ് നേടിയത്.

ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകളാണ് പൂനം യാദവ് വീഴ്ത്തിയത്. രാജേശ്വരി ഗായക്വാഡ്, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ജൂലന്‍ ഗോസ്വാമിയും ഒരു വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഓപ്പണര്‍ ലിസെല്ലേ ലീയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 73 റണ്‍സ് നേടിയ താരം ഏഴാം വിക്കറ്റായാണ് പുറത്തായത്. ദീപ്തി ശര്‍മ്മയാണ് ലീയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 88 റണ്‍സിനു ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ ജയത്തോടെ ഇന്ത്യ പരമ്പര 2-0നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version