ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം

ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലേതില്‍ ആദ്യത്തേതില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 19.3 ഓവറില്‍ 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. താനിയ ഭാട്ടിയ(46), ജെമിമ റോഡ്രിഗസ്(36), അനൂജ പാട്ടില്‍(36), വേദ കൃഷ്ണമൂര്‍ത്തി(21) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, ചാമരി അട്ടപ്പട്ടു എന്നിവര്‍ രണ്ട് വിക്കറ്റും ഓരോ വിക്കറ്റുമായി നീലാക്ഷി ഡി സില്‍വ, ശ്രീപാലി വീരക്കോടി, ശശികല സിരിവര്‍ദ്ധനേ എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് ടീം പിന്നോട്ട് പോയി. മൂന്നോവറില്‍ 39 റണ്‍സ് നേടിയ ശേഷം യശോദ മെന്‍ഡിസിനെ(12 പന്തില്‍ 32 റണ്‍സ്) നഷ്ടമായ ശ്രീലങ്കയ്ക്കായി എഹ്സാനി ലോകുസുരിയാഗേ 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ചാമരി അട്ടപ്പട്ടു 27 റണ്‍സ് നേടി പുറത്തായി.

19.3 ഓവറില്‍ ടീം 155 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റുമായി പൂനം യാദവ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങി. രാധ യാദവ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റും അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വിജയമൊരുക്കി ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന പരമ്പര വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 36/3 എന്ന നിലയില്‍ വീണ ശേഷം കരകയറി 219 റണ്‍സ് എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. മിത്താലി രാജ്(52), താനിയ ഭാട്ടിയ(68) എന്നിവര്‍ക്കൊപ്പം ദയാലന്‍ ഹേമലത(35) കൂടി സ്കോറിംഗ് ദൗത്യം ഏറ്റെടുത്തുവെങ്കിലും 50ാം ഓവറില്‍ ഇന്ത്യ 219 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉദ്ദേശിക പ്രബോധിനി, ശ്രീപാലി വീരക്കോഡി എന്നിവര്‍ രണ്ടും ഇനോക രണവീര, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടവും ശശികല സിരിവര്‍ദ്ധനേയും ശ്രീലങ്കയെ മുന്നോട്ട് നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്കോറിനു 7 റണ്‍സ് അകലെ വരെയെത്തുവാനേ ടീമിനു സാധിച്ചുള്ളു. അവസാന ഓവറുകളില്‍ നീലാക്ഷി ഡിസില്‍വ 19 പന്തില്‍ 31 റണ്‍സുമായി ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തിയെങ്കിലും 48.1 ഓവറില്‍ ഇന്ത്യ ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കി.

10 ഓവര്‍ പിന്നിടുമ്പോള്‍ 40/3 എന്ന നിലയിലായിരുന്ന ശ്രീലങ്കയ്ക്കായി നാലാം വിക്കറ്റില്‍ 89 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ശശികല റണ്ണൗട്ട് രൂപത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ചാമരി അട്ടപട്ടു അടുത്ത ഓവറില്‍ പുറത്തായതോടെ ശ്രീലങ്കയുടെ കാര്യം പരുങ്ങലിലായി. നീലാക്ഷി ഡിസില്‍വയുടെ മികവില്‍ 165/7 എന്ന നിലയില്‍ നിന്ന് 205/7 എന്ന നിലയിലേക്ക് ശ്രീലങ്ക മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി മാനസി ജോഷി, രാജേശ്വരി ഗായക്വാഡ് എന്നിവര്‍ രണ്ടും ശിഖ പാണ്ഡേ, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version