വിമർശകർക്കുള്ള മറുപടിയുമായി നോഹ, താൻ കേരള ബ്ലാസ്റ്റേഴ്സിനായി എല്ലാം നൽകും


കൊച്ചി: ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു. നോഹ സദോയി മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ചു. ഒരു പെനാൽറ്റി നേടിക്കൊടുത്തതിന് പുറമെ, 35 വാര അകലെ നിന്ന് ഒരു ഇടങ്കാലൻ ഷോട്ടിലൂടെ തകർപ്പൻ ഗോളും നേടി.


അടുത്തിടെ താരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം എന്ന് താരം പറഞ്ഞു. ഗോൾ നേടിയ ശേഷം നടത്തിയ ആഘോഷം ഇതിനായിരുന്നു എന്ന് നോഹ പറഞ്ഞു.

“എന്നെക്കുറിച്ച് പല തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ വരുന്നുണ്ട്. ഞാൻ എന്നും ഒരു കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനാണ്, കളത്തിലിറങ്ങുമ്പോൾ ടീമിന് വേണ്ടി ഞാൻ എപ്പോഴും എന്റെ കഴിവിന്റെ പരമാവധി നൽകുമെന്നും എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു.” നോഹ പറഞ്ഞു.


ടീമിന്റെ കൂട്ടായ്മയെയും നോഹ പ്രശംസിച്ചു. “ഇന്ന് ഞങ്ങൾ ടീം വർക്ക് എന്താണെന്ന് കാണിച്ചു കൊടുത്തു. ആദ്യമായി എല്ലാവരും ഒരുപോലെ പ്രതിരോധിക്കുന്നതും ആക്രമിക്കുന്നതും ഞാൻ കണ്ടു. മൊത്തത്തിൽ മത്സരത്തിൽ മികച്ച മെന്റാലിറ്റി ടീം കീപ്പ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.


ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്നതിനെക്കുറിച്ചും നോഹ സംസാരിച്ചു. “മോഹൻ ബഗാനെതിരെ കളിക്കുന്നത് കഠിനമായിരിക്കും. അവരുടെ ബെഞ്ചിലുള്ള കളിക്കാർക്ക് പോലും ഏത് ടീമിലും ആദ്യ ഇലവനിൽ കളിക്കാൻ കഴിയും. ഞങ്ങൾ ആ മത്സരത്തിനായി നന്നായി തയ്യാറെടുക്കണം,” അദ്ദേഹം പറഞ്ഞു.

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പറായി തുടങ്ങി!! ഈസ്റ്റ് ബംഗാളിനെ പുറത്താക്കി ക്വാർട്ടറിൽ

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കറ്റാലയുടെ കീഴിലെ ആദ്യ മത്സരത്തിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.

അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം മിനുറ്റിൽ തന്നെ ജീസസിന് നല്ല അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ജീസസിന് പിന്നെയും രണ്ട് നല്ല അവസരം ലഭിച്ചെങ്കിലും ടാർഗറ്റിൽ നിന്ന് പന്ത് അകന്നു.

അവസാനം 40ആം മിനുറ്റിൽ നോഹ നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ജീസസ് ജിമനസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ജിമനസിന്റെ ആദ്യ പെനാൽറ്റി ഗിൽ തടഞ്ഞു എങ്കിലും താരം കിക്ക് എടുക്കും മുമ്പ് ലൈൻ വിട്ടതിനാൽ കിക്ക് വീണ്ടും എടുക്കാൻ റഫറി വിധിച്ചു. ഇത്തവണ ജീസസിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് 1-0 ഈസ്റ്റ് ബംഗാൾ.

രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്ന ബ്ലാസ്റ്റേഴ്സ് 64ആം മിനുറ്റിൽ നോഹയുടെ അവിസ്മരണീയ സ്ട്രൈക്കിൽ ലീഡ് ഇരട്ടിയാക്കി. 35 വാരെ അകലെ നിന്ന് തന്റെ ഇടം കാലു കൊണ്ട് നോഹ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി വലയ്ക്ക് അകത്തേക്ക് വീഴുക ആയിരുന്നു. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളും ഇതായിരിക്കും.

ഇതിന് ശേഷം ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും മൂന്നാം ഗോൾ വന്നില്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനെ ആകും നേരിടുക.

ലൂണ ഒരു മികച്ച ലീഡർ ആണ്, പ്രശ്നങ്ങൾ പണ്ടെ ഒത്തുതീർപ്പായി – നോഹ


കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമായി താൻ കളത്തിൽ വെച്ച് ഇടിയായതിനെ കുറിച്ച് നോഹ സദൗയി ഒടുവിൽ സംസാരിച്ചു. ചെന്നൈയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവം ആരാധകർക്കിടയിലും ഫുട്ബോൾ നിരീക്ഷകർക്ക് ഇടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സംഘട്ടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, നോഹ ആ സംഭവം സ്വാഭാവികമാണെന്ന് പറഞ്ഞു. ഇത് ഒരു നിമിഷത്തിൻ്റെ ആവേശത്തിൽ സംഭവിക്കുന്നത് ആണെന്ന് നോഹ പറഞ്ഞു.

“ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങൾ മുതിർന്ന പുരുഷന്മാരും ടീമംഗങ്ങളുമാണ്. അത് ഒരു തെറ്റായ ആശയവിനിമയമായിരുന്നു, ആ നിമിഷത്തിൻ്റെ ചൂടിൽ അങ്ങനെ സംഭവിച്ചതാണ്. മത്സരത്തിന് ശേഷം ഞങ്ങൾ സംസാരിച്ചു, കാര്യങ്ങൾ വ്യക്തമാക്കി.” നോഹ പറഞ്ഞു.

“ലൂണ ഒരു മികച്ച നേതാവും നല്ല ടീം മേറ്റും ആണ്. ഈ പ്രശ്നം വളരെക്കാലം മുമ്പ് തന്നെ അവസാനിച്ചു.” നോഹ പറഞ്ഞു.

നോഹ നാളെ കളിക്കും എന്ന് ഉറപ്പില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

നോഹ സദൗയി നാളെ തിരികെയെത്തും എന്ന് ഉറപ്പ് പറയാതെ കേരള ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകൻ ടി ജി പുരുഷോത്തമൻ. കാൽമുട്ടിനേറ്റ പരിക്ക് കാരണം അവസാന രണ്ട് മത്സരങ്ങളിലും നോഹ കളിച്ചിരുന്നില്ല. നാളെ ജംഷദ്പൂരിനെതിരെയും നോഹ കളിക്കുന്നത് ഉറപ്പല്ല എന്ന് ടി ജി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

നോഹ പരിക്ക് മാറി പരിശീലനം ആരംഭിച്ചു എങ്കിലും താരം തിരിച്ചുവരവിന്റെ പാതയിൽ ആണെന്ന് പുരുഷോത്തമൻ പറഞ്ഞു. നാളെ മെഡിക്കൽ റിപ്പോർട്ട് നോക്കിയ ശേഷം മാത്രമെ സ്ക്വാഡിൽ അന്തിമ തീരുമാനം എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

നോഹ അടുത്ത ആഴ്ച തന്നെ തിരികെയെത്തും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന നോഹ സദൗയി ഉടൻ തിരികെയെത്തും എന്ന് കേരള ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകൻ ടി ജി പുരുഷോത്തമൻ. കാൽമുട്ടിനേറ്റ ചെറിയ പരിക്ക് കാരണം ആണ് താരത്തിന് കളിക്കാൻ കഴിയാതിരുന്നത് എന്ന് ടിജി പുരുഷോത്തമൻ സ്ഥിരീകരിച്ചു.

പരിക്ക് ഗുരുതരമല്ലെന്നും അടുത്ത ആഴ്ചയോ അതിനു ശേഷമോ നോഹ തിരിച്ചെത്തുമെന്ന് അദ്ദേഹം ആരാധകർക്ക് ഉറപ്പുനൽകി, ഇത് വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന് ഒരു ഉത്തേജനം നൽകും. ഇന്നലെ മോഹൻ ബഗാനോട് കൂടെ തോറ്റതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി: നോഹ സദൗയി രണ്ടാഴ്ചത്തേക്ക് പുറത്ത്

പരിശീലനത്തിനിടെ വിംഗർ നോഹ സദൗയിക്ക് പരിക്കേറ്റതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരീകരിച്ചു. മൊറോക്കൻ ഫോർവേഡ് നിലവിൽ ക്ലബ്ബിന്റെ മെഡിക്കൽ ടീമിന്റെ കീഴിൽ പുനരധിവാസത്തിലാണ്, രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

തൽഫലമായി, ഫെബ്രുവരി 15 ന് മോഹൻ ബഗാനെതിരെ നടക്കുന്ന നിർണായക മത്സരം നോഹയ്ക്ക് നഷ്ടമാകും, ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങൾക്ക് വലിയ തിരിച്ചടിയാണ്. പ്രധാന മത്സരങ്ങൾ മുന്നിലുള്ളതിനാൽ, അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിക്കും. നോഹ ഇല്ല എങ്കിൽ അമാവിയ ഇടതു വിങ്ങിൽ കളിക്കാൻ ആണ് സാധ്യത.

ലൂണയും നോഹയും ഒകെയാണ്!! ഇത്തരം സംഭവങ്ങൾ സ്വാഭാവികം – പുരുഷോത്തമൻ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അഡ്രിയാൻ ലൂണയും നോഹ സദോയിയും ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത് അത്ര കാര്യമാക്കേണ്ട സംഭവം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി ജി പുരുഷോത്തമൻ. ഫുട്ബോൾ മത്സരങ്ങളിൽ ഇതെല്ലാം സ്വാഭാവികം ആണെന്ന് ടി ജി മത്സര ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇരുവരും പ്രൊഫഷണൽ താരങ്ങൾ ആണെന്നും ഇത്തരം കാര്യങ്ങൾ അവരെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരും ഇപ്പോൾ ഒകെയാണ്. ഇത്തരം സംഭവങ്ങൾ ഇടക്ക് ഉണ്ടാകാമെന്നും അവർക്ക് അത് അറിയാമെന്നും ടി ജി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

നോഹയോട് താൻ സംസാരിക്കും, ഞാൻ അങ്ങനെ പ്രതികരിക്കരുതായിരുന്നു – ലൂണ

ഇന്ന് മത്സര ശേഷം ഉണ്ടായത് ഖേദകരമായ സംഭവമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. താൻ നോഹയോട് സംസാരിക്കും എന്നും കാര്യങ്ങൾ ക്ലാരിഫൈ ചെയ്യും എന്നും ലൂണ മത്സര ശേഷം പറഞ്ഞു. തന്റെ ഭാഗത്ത് നിന്നും ഒരു പെർഫക്ട് അപ്രോച്ച് ആയിരുന്നില്ല അത് എന്നും ലൂണ പറഞ്ഞു.

എനിക്ക് പാസ് തരാത്തതിന് അല്ല താൻ ദേഷ്യപ്പെട്ടത്. ഫ്രീ ആയി ബോക്സിൽ നിൽക്കുന്ന മറ്റൊരു താരം ഉണ്ടായിരുന്നു. ആ പാസ് നൽകാത്തത് ആണ് തന്നെ വേദനിപ്പിച്ചത് എന്ന് ലൂണ പറഞ്ഞു. ഞാൻ അങ്ങനെ പ്രതികരിക്കരുതായിരുന്നു. ഞാൻ ക്യാപ്റ്റൻ ആണ്. ഞാൻ ഒരു നല്ല മാതൃക ആകേണ്ട ആളാണ്. ലൂണ പറഞ്ഞു.

മത്സരത്തിന്റെ അവസാനം ഒരു ഗോളവസരം നഷ്ടപ്പെടുത്തിയതിന് ലൂണയും നോഹയും കയ്യാങ്കളിയോട് അടുത്തിരുന്നു.

ലൂണയും നോഹയും തമ്മിൽ കോർത്തു!! കേരള ബ്ലാസ്റ്റേഴ്സ് ജയത്തിലും വിവാദം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെ ചെന്നൈയിൽ ചെന്ന് തകർത്തെറിഞ്ഞത് ആരാധകർക്ക് സന്തോഷം നൽകും എങ്കിലും മത്സരത്തിന്റെ അവസാനം ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണയും ബ്ലാസ്റ്റേഴ്സിന്റെ തന്നെ അറ്റാക്കിംഗ് താരം നോഹയും തമ്മിൽ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത് വിജയത്തിന്റെ നിറം കെടുത്തി.

ഇന്ന് സബ്ബായി രണ്ടാം പകുതിയിൽ എത്തിയ നോഹ കളിയുടെ അവസാന നിമിഷം ഒരു അവസരം നഷ്ടപ്പെടുത്തിയിരുന്നു. പെനാൾറ്റി ബോക്സിൽ ഇഷാനും ലൂണയും പാസിംഗ് ഓപ്ഷൻകായി ഉണ്ടായിട്ടും നോഹ ഗോളിനായി ശ്രമിച്ച് അവസരം കളഞ്ഞു. ഇത് ലൂണയെ പ്രകോപിപ്പിച്ചു. പിന്നാലെ ഇരുവരും കയ്യേറ്റത്തോട് അടുത്തു. ഇഷാൻ പണ്ഡിത ഇടപെട്ടാണ് ഇരുവരെയും തണുപ്പിച്ചത്.

മത്സര ശേഷം ഇരുവരും കൈ നൽകാതെ ആണ് ഡ്രസിങ് റൂമിലേക്ക് പോയത്.

നോഹയുടെ ഗോൾ! കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മത്സരത്തിൽ ഇന്ന് ആദ്യത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ആദ്യ പകുതിയുടെ അവസാനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കണ്ടെത്തിയത്.

43ആം മിനിറ്റിൽ നോഹയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നോഹ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഗോൾ മാത്രം പിറന്നില്ല. അപ്പോഴാണ് കേരളത്തിന് അർഹിച്ച രീതിയിൽ ഒരു പെനാൽറ്റി ലഭിക്കുകയും അത് ഗോളായി മാറുകയും ചെയ്തത്.

രണ്ടാം പകുതിയിൽ ഈ പ്രകടനം തുടർന്ന് വിജയം ഉറപ്പിക്കുക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്സ് ചുമ്മാ ഫയർ!! ചെന്നൈയിനെ തകർത്തെറിഞ്ഞു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഇന്ന് കലൂരിൽ വെച്ച് ചെന്നൈയിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് വിജയിച്ചത്. ജീസസും നോഹയും രാഹുലുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല.

9ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് തകർപ്പൻ സേവിലൂടെ സച്ചിൻ സേവ് ചെയ്തത് കേരളത്തിന് ആശ്വാസമായി. 17ആം മിനുട്ടിൽ ജീസസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. നോഹയു. ജീസസും സ്ഥിരമായി ചെന്നൈയിൻ ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എങ്കിലും ഗോൾ അകന്നു നിന്നു.

രണ്ടാം പകുതിയിൽ പക്ഷെ ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ മുതലാക്കി. 56ആം മിനുട്ടിൽ ജിമിനസിന്റെ ഗോൾ ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കോറോയുടെ ഒരു ഷോട്ട് ജിമിനസ് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

70ആം മിനുട്ടിൽ നോഹ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. ഈ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു. അവസാനം ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടറിൽ രാഹുൽ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയാക്കി. നോഹ നടത്തിയ നീക്കത്തിനു ഒടുവിൽ അൺ സെൽഫിഷ് ആയി നോഹ പന്ത് രാഹുലിന് ഗോൾ മുഖത്ത് വെച്ച് നൽകുക ആയിരുന്നു.

9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് നിൽക്കുന്നു. ചെന്നൈയിൻ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്.

നോഹ ഹൈദരബാദിനെതിരെ കളിക്കും എന്ന് സൂചന നൽകി സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌രെ നോഹ സദൗയിയുടെ തിരിച്ചുവരവിനെ കുറിച്ച് പോസിറ്റീവ് അപ്‌ഡേറ്റ് നൽകി. വിംഗർക്ക് ഉടൻ തന്നെ കളിക്കാൻ കഴിയുമെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. നാളെ നടക്കുന്ന ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സരത്തിൽ നോയ കളിക്കും എന്ന് സ്റ്റാറേ പറഞ്ഞു.

മുംബൈ സിറ്റിക്കും ബെംഗളൂരു എഫ്‌സിക്കുമെതിരായ അവസാന രണ്ട് മത്സരങ്ങൾ നോഹക്ക് നഷ്ടമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും നോഹ സദൗയിയുടെ അഭാവം പ്രകടമായിരുന്നു. രണ്ടു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുതൽ താരം പരിശീലനത്തിൽ തിരികെയെത്തിയിട്ടുണ്ട്.

Exit mobile version