ആദ്യ പകുതി നല്ലതായിരുന്നു, രണ്ടാം പകുതിയിലാണ് കളി കൈവിട്ടു പോയത് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് ഗോവയ്ക്ക് എതിരായ മത്സരത്തിൽ ആദ്യപകുതിയിൽ നന്നായി കളിച്ചുവെന്നും രണ്ടും പകുതിയുടെ തുടക്കത്തിൽ വഴങ്ങിയ ഗോൾ ആണ് കളിയുടെ ഗതി മാറ്റിയത് എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. രണ്ടാം പകുതിയിൽ വഴങ്ങിയ 2 ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

“ആദ്യ പകുതിയിൽ മത്സരം മികച്ചതായിരുന്നു, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങി. ആദ്യ പകുതിയിൽ പ്ലാൻ ചെയ്തത് ഞങ്ങൾക്ക് വ്യക്തമായി നടത്താൻ ആയി. പക്ഷെ രണ്ടാം പകുതിയിൽ കൈവിട്ടുപോയി,” അദ്ദേഹം വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം സ്വന്തം ഹോമായ കൊച്ചിയിൽ ജംഷഡ്പൂരിന് എതിരെയാണ്. അവർക്കെതിരെ ജയത്തിലൂടെ തിരിച്ചുവരവിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു..

അവസരങ്ങൾ മുതലെടുക്കാത്തത് ആണ് പ്രശ്നമായത്, അടുത്ത കളിയിൽ തിരിച്ചുവരും – പുരുഷോത്തമൻ

കൊച്ചിയിൽ മോഹൻ ബഗാനോട് 3-0 ന് കനത്ത തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിൽ പ്രവേശിക്കാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ശക്തമായി തിരികെവരും എന്ന് താൽക്കാലിക മുഖ്യ പരിശീലകൻ ടി.ജി. പുരുഷോത്തമൻ പറഞ്ഞു.

“ഞങ്ങൾ സൃഷ്ടിച്ച അവസരങ്ങൾ ഗോളുകളാക്കി മാറ്റിയില്ല. ചിലപ്പോൾ വിജയത്തിനായി ശ്രമിക്കുമ്പോൾ ഇത്തരം പരാജയങ്ങൾ സംഭവിക്കും. ഇത് ഒരു പ്രതിരോധ പിഴവോ പ്രതിരോധ വീഴ്ചയോ അല്ല, മത്സരങ്ങൾ ജയിക്കാൻ ആയി ഞങ്ങൾ പൂർണ്ണമായി ആക്രമണത്തിൽ മുഴുകുമ്പോൾ, ചിലപ്പോൾ ഇത് സംഭവിക്കാം,” പുരുഷോത്തമൻ മത്സരശേഷം പറഞ്ഞു.

“നമ്മൾ തോറ്റാൽ, ഒരു ടീം എന്ന നിലയിൽ നാമെല്ലാവരും തോൽക്കുകയാണ്, ജയിച്ചാൽ ഒരു ടീം എന്ന നിലയിൽ നമ്മൾ ജയിക്കുകയാണ്. അല്ലാതെ അത് ഒരു പ്രതിരോധ പ്രശ്നമോ ആക്രമണത്തിലെ പ്രശ്നമോ ആയി കാണാൻ ആകില്ല. ഒരു ടീം എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. അടുത്ത മത്സരങ്ങളിൽ ഞങ്ങൾ വളരെ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ലൂണയും നോഹയും ഒകെയാണ്!! ഇത്തരം സംഭവങ്ങൾ സ്വാഭാവികം – പുരുഷോത്തമൻ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അഡ്രിയാൻ ലൂണയും നോഹ സദോയിയും ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത് അത്ര കാര്യമാക്കേണ്ട സംഭവം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി ജി പുരുഷോത്തമൻ. ഫുട്ബോൾ മത്സരങ്ങളിൽ ഇതെല്ലാം സ്വാഭാവികം ആണെന്ന് ടി ജി മത്സര ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇരുവരും പ്രൊഫഷണൽ താരങ്ങൾ ആണെന്നും ഇത്തരം കാര്യങ്ങൾ അവരെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് പേരും ഇപ്പോൾ ഒകെയാണ്. ഇത്തരം സംഭവങ്ങൾ ഇടക്ക് ഉണ്ടാകാമെന്നും അവർക്ക് അത് അറിയാമെന്നും ടി ജി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

ഈ പിച്ചിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്, കളിക്കാർക്ക് പരിക്ക് പറ്റാത്താത് ഭാഗ്യം – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഭരതനാട്യം ഗിന്നസ് റെക്കോർഡ് പരിപാടിക്ക് ശേഷം കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥ വലിയ വിമർശനത്തിന് വിധേയമാകുന്നുണ്ട്. ഒരുകാലത്ത് സ്റ്റേഡിയത്തിന്റെ വിലപ്പെട്ട സ്വത്തായിരുന്ന ടർഫ് ഇപ്പോൾ മോശം അവസ്ഥയിലാണ്, ഇത് കളിക്കാരുടെ സുരക്ഷയെയും കളിയുടെ ഗുണനിലവാരത്തെയും കുറിച്ച് ആശങ്ക ഉയർത്തുന്നതായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമൻ പറഞ്ഞു.

പത്രസമ്മേളനത്തിൽ സംസാരിക്കവെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമൻ പിച്ചിന്റെ അവസ്ഥയിൽ നിരാശ പ്രകടിപ്പിച്ചു.

“ഇതുപോലുള്ള ഒരു ഗ്രൗണ്ടിൽ കളിക്കുന്നതും പരിക്കുകൾ ഒഴിവാക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. ഭാഗ്യവശാൽ, കഴിഞ്ഞ മത്സരത്തിൽ ആർക്കും പരിക്കേറ്റില്ല. അത്തരം സാഹചര്യങ്ങൾ നേരിടേണ്ടിവരുന്നത് വളരെ ദയനീയമാണ്.” അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ പോകുകയാണ്. അപ്പോഴും പിച്ചിന്റെ മോശം അവസ്ഥ ടീമിന് ഒരു പ്രധാന ആശങ്കയായി തുടരുന്നു. കളിക്കളത്തെ പഴയ നിലവാരത്തിലേക്ക് പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിര പരിശീലകരായി തങ്ങളെ നിയമിക്കുമോ എന്ന കാര്യത്തെ കുറിച്ച് അറിയില്ല – ടി ജി

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിര പരിശീലകരായി തങ്ങളെ നിയമിക്കുമോ എന്ന കാര്യത്തെ കുറിച്ച് അറിയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകൻ ടി ജി പുരുഷോത്തമൻ. മത്സര ശേഷമുള്ള ബ്രോഡ്കാസ്റ്റർ ചടങ്ങിൽ സംസാരിക്കവെ ഒരു ചോദ്യത്തിന് മറുപടിയായാണ് ടി ജി ഭാവിയെ കുറിച്ച് സംസാരിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകരായി ടി ജി പുരുഷോത്തമനും തോമക്ക് തൂഷും ചുമതലയേറ്റ ശേഷം നാല് മത്സരങ്ങളിൽ മൂന്നും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഈ പശ്ചാത്തലത്തിൽ ആയിരുന്നു ചോദ്യം.

ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണം എന്ന് എനിക്ക് അറിയില്ല. എന്നാൽ എന്ത് ഭാവിയിൽ നടക്കും എന്ന് നോക്കാം. ടി ജി പറഞ്ഞു. ഞങ്ങൾ ഇപ്പോൾ ജോലിയിൽ തന്നെയാണ്. സദാസമയം ഈ ടീമിനെ മെച്ചപ്പെടുത്താൻ നോക്കുക ആണ് എന്നും ടി ജി പുരുഷോത്തമൻ പറഞ്ഞു.

ഇത് ഞങ്ങളുടെ ഗ്രൗണ്ട് ആണ്, തിരിച്ചുവരാൻ കഴിയും എന്ന് വിശ്വാസം ഉണ്ടായിരുന്നു – ടി ജി പുരുഷോത്തമൻ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ നേടിയ ആവേശകരമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് താൽക്കാലിക പരിശീലകൻ ടി ജി പുരുഷോത്തമൻ. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന് വിജയിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും എന്ന് ഉറപ്പുണ്ടായിരുന്നു എന്ന് ടി ജി മത്സര ശേഷം പറഞ്ഞു. ഇത് ഞങ്ങളുടെ ഗ്രൗണ്ടാണ്. ഇവിടെ തിരിച്ചുവന്ന് ജയിക്കാൻ ആകും എന്ന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ആ തെറ്റുകൾ ഞങ്ങൾ ഗ്രൗണ്ടിൽ വെച്ച് തന്നെ തിരുത്തി. ഈ വിജയം ഞങ്ങൾ അർഹിക്കുന്നുണ്ട്. ടി ജി പുരുഷോത്തമൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ പരിശീലകനായ ടി.ജി. പുരുഷോത്തമൻ എ എഫ് സി എ പ്രൊ ഡിപ്ലോമ സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ പരിശീലകനായ ടി.ജി. പുരുഷോത്തമൻ എ എഫ് സി എ പ്രൊ ഡിപ്ലോമ ലൈസൻസ് നേടി. പ്രൊ ഡിപ്ലോമ നേടുന്ന രണ്ടാമത്തെ മലയാളി പരിശീലകൻ മാത്രമാണ് ടി ജി പുരുഷോത്തമൻ. കഴിഞ്ഞ വർഷം ജൂലൈ മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ടി ജി പ്രവർത്തിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് സിസ്റ്റത്തിനൊപ്പം മുമ്പ് ടി ജി പുരുഷോത്തമൻ പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് വരെ എഫ് സി കേരളയ്ക്ക് ഒപ്പം ആയിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ഗോൾ കീപ്പർ ആണ് പുരുഷോത്തമൻ.

ടി.ജി.പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ അസിസ്റ്റന്റ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മലയാളി പരിശീലകനായ ടി.ജി. പുരുഷോത്തമനെ സീനിയർ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു‌. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. 2026 വരെ നീണ്ടു നിൽക്കുന്ന 3 വർഷത്തെ കരാറിൽ അദ്ദേഹം ഒപ്പുവെച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് സിസ്റ്റത്തിനൊപ്പം ആയിരുന്നു കഴിഞ്ഞ വർഷം ടി ജി പുരുഷോത്തമൻ പ്രവർത്തിച്ചത്.

അസിസ്റ്റന്റ് കോച്ച് എന്ന നിലയിൽ പുരുഷോത്തമൻ ആദ്യ ടീമിന്റെ ഹെഡ് കോച്ചും കളിക്കാരുമായും അടുത്ത് പ്രവർത്തിക്കും. ടീമിന്റെ തുടർച്ചയായ വളർച്ചയും വിജയവും ഉറപ്പാക്കുന്നതിന് സുപ്രധാന പിന്തുണയും മാർഗനിർദേശവും നൽകും. കൂടാതെ, റിസർവ് ടീമിനും ഫസ്റ്റ് ടീമിനും ഇടയിലുള്ള ഒരു ലിങ്കായി അദ്ദേഹൻ പ്രവർത്തിക്കും എന്നും ക്ലബ് പറയുന്നു. അദ്ദേഹം യൂത്ത് സിസ്റ്റത്തിനുള്ളിൽ തന്റെ നിലവിലുള്ള ഉത്തരവാദിത്തങ്ങൾ നിലനിർത്തും എന്നും ക്ലബ് അറിയിച്ചു.

“ടിജിയെ ഫസ്റ്റ് ടീം കോച്ചിംഗ് സ്റ്റാഫിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ നിലവിലെ പല ഫസ്റ്റ് ടീം പ്ലെയർ വികസനത്തിൽ പ്രധാന പങ്കുവഹിച്ച പരിശീലകനാണ് അദ്ദേഹം. ഒരു ക്ലബ് എന്ന നിലയിൽ, ഇത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന ആളുകൾ ഞങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” – കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.

എ എഫ് സി എ ലൈസൻസുള്ള ടി ജി പുരുഷോത്തമൻ 2021ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് വരെ എഫ് സി കേരളയ്ക്ക് ഒപ്പം ആയിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ഗോൾ കീപ്പർ ആണ് പുരുഷോത്തമൻ.

Exit mobile version