Noah Blasters

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പറായി തുടങ്ങി!! ഈസ്റ്റ് ബംഗാളിനെ പുറത്താക്കി ക്വാർട്ടറിൽ

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കറ്റാലയുടെ കീഴിലെ ആദ്യ മത്സരത്തിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.

അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം മിനുറ്റിൽ തന്നെ ജീസസിന് നല്ല അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ജീസസിന് പിന്നെയും രണ്ട് നല്ല അവസരം ലഭിച്ചെങ്കിലും ടാർഗറ്റിൽ നിന്ന് പന്ത് അകന്നു.

അവസാനം 40ആം മിനുറ്റിൽ നോഹ നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ജീസസ് ജിമനസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ജിമനസിന്റെ ആദ്യ പെനാൽറ്റി ഗിൽ തടഞ്ഞു എങ്കിലും താരം കിക്ക് എടുക്കും മുമ്പ് ലൈൻ വിട്ടതിനാൽ കിക്ക് വീണ്ടും എടുക്കാൻ റഫറി വിധിച്ചു. ഇത്തവണ ജീസസിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് 1-0 ഈസ്റ്റ് ബംഗാൾ.

രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്ന ബ്ലാസ്റ്റേഴ്സ് 64ആം മിനുറ്റിൽ നോഹയുടെ അവിസ്മരണീയ സ്ട്രൈക്കിൽ ലീഡ് ഇരട്ടിയാക്കി. 35 വാരെ അകലെ നിന്ന് തന്റെ ഇടം കാലു കൊണ്ട് നോഹ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി വലയ്ക്ക് അകത്തേക്ക് വീഴുക ആയിരുന്നു. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളും ഇതായിരിക്കും.

ഇതിന് ശേഷം ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും മൂന്നാം ഗോൾ വന്നില്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനെ ആകും നേരിടുക.

Exit mobile version