പ്രതിഫലകണക്കിൽ സെറീനയെ മറികടന്ന് നയോമി ഒസാക്ക, ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന വനിതകായിക താരം

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിത കായിക താരമായി ജപ്പാന്റെ യുവ ടെന്നീസ് താരം നയോമി ഒസാക്ക. ഇതിഹാസതാരം സാക്ഷാൽ സെറീന വില്യംസ്, ഗ്ലാമർ ഐക്കൺ മരിയ ഷറപ്പോവ എന്നിവരെ ഒക്കെയാണ് 22 കാരിയായ ഒസാക്ക പ്രതിഫലകണക്കിൽ മറികടന്നത്. ഇത് വരെ 2 തവണ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയ ഒസാക്ക സിംഗിൾസിൽ ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ആദ്യ ഏഷ്യൻ താരവും ആയിരുന്നു. ഫോർബിസിന്റെ പുതിയ കണക്ക് പ്രകാരം ഒസാക്ക കളത്തിലും പരസ്യത്തിനും ഒക്കെയായി പ്രതിഫലത്തിൽ ഇതിഹാസതാരത്തെ പിന്തളളി.

കഴിഞ്ഞ 12 മാസങ്ങളായി ഫോർബിസിന്റെ കണക്ക് പ്രകാരം 37.4 മില്യൺ ഡോളർ ആണ് കളത്തിലും പുറത്തുമായി ഒസാക്കയുടെ വരുമാനം. ഇതോടെ ഒരു വർഷം ഒരു വനിത കായികതാരം നേടുന്ന ഏറ്റവും ഉയർന്ന വരുമാനം എന്ന റെക്കോർഡും ഒസാക്ക സ്വന്തമാക്കി. 2015 ൽ ഷറപ്പോവ സ്ഥാപിച്ച 29.7 മില്യൺ ഡോളർ എന്ന റെക്കോർഡ് ആണ് ഒസാക്ക പഴയ കഥയാക്കിയത്. കഴിഞ്ഞ 4 വർഷവും സെറീന ആയിരുന്നു ലിസ്റ്റിൽ ഒന്നാമത്. ഒന്നാം റാങ്കിൽ എത്തിയ ആദ്യ ഏഷ്യൻ താരം കൂടിയായ ഒസാക്ക കായികതാരങ്ങളിൽ പ്രതിഫലകണക്കിൽ ഫോർബിസിന്റെ കണക്ക് പ്രകാരം 29 സ്ഥാനത്ത് ആണ്, സെറീന ആവട്ടെ 33 മതും. നിലവിൽ നൈക്കി, നിസാൻ മോട്ടോഴ്‌സ്, യോനക്‌സ് തുടങ്ങിയ ആഗോളഭീമൻ കമ്പനികളുടെ ബ്രാൻഡ് അമ്പാസിഡർ ആണ് ഒസാക്ക.

Exit mobile version