കോഹ്ലി എന്നെ പിന്തുണച്ചത് കൊണ്ടാണ് തന്റെ കരിയർ മാറിയത് – സിറാജ്

ഏഴ് സീസണുകൾക്ക് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വിടുന്നത് എളുപ്പമായിരുന്നില്ല എന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വിരാട് കോഹ്‌ലിയിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയെ കുറിച്ചും സിറാജ് സംസാരിച്ചു. സിറാജിനെ ഐപിഎൽ 2025 മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) 12.25 കോടിക്ക് ആണ് സ്വന്തമാക്കിയത്.

“ആർസിബി വിടുന്നത് എനിക്ക് അൽപ്പം വൈകാരികമായിരുന്നു, കാരണം വിരാട് ഭായ് എന്നെ കഠിനമായ സമയങ്ങളിൽ വളരെയധികം പിന്തുണച്ചിരുന്നു. തന്റെ മോശം സമയത്ത് കോഹ്ലി നൽകിയ പിന്തുണ എന്നെ ഏറെ സഹായിച്ചു. അതിനു ശേഷമാണ് തന്റെ കരിയർ ഗ്രാഫ് മാറിയത്.” -സിറാജ് പറഞ്ഞു.

മാർച്ച് 25 ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഗുജറാത്ത് തങ്ങളുടെ സീസൺ ആരംഭിക്കുന്നത്.

ബുമ്രക്ക് പരിക്കായിട്ടും സിറാജിന് അവസരമില്ല!! ഗംഭീറിനെതിരെ വിമർശനം ഉയരുന്നു

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-നുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സിറാജിന് ഇടം ഉണ്ടായില്ല എന്നത് ക്രിക്കറ്റ് ആരാധകരെയും വിദഗ്ധരെയും അലോസരപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി അനുഭവപരിചയമില്ലാത്ത ഹർഷിത് റാണയെ ആണ് ഇന്ത്യ തിരഞ്ഞെടുത്തത്.

സിറാജിന് മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും നോൺ-ട്രാവലിംഗ് റിസർവ് അംഗം മാത്രമായാണ് സിറാജ് ഉള്ളത്. 2022 മുതൽ, ഏകദിനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് സിറാജ്.

43 മത്സരങ്ങളിൽ നിന്ന് 22.97 എന്ന മികച്ച ശരാശരിയിൽ 71 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. 2023 ജനുവരിയിൽ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും എത്തി. ഇന്ത്യയുടെ ഏഷ്യാ കപ്പ് 2023 വിജയത്തിൽ നിർണായക പങ്ക് വഹിക്കാനും സിറാജിനായുരുന്നു. ഫൈനലിൽ 6/21 എന്ന ഗംഭീര പ്രകടനവും നടത്തി.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലേക്കും സിറാജിനെ പരിഗണിച്ചില്ലായിരുന്നു. ഏകദിനത്തിൽ വലിയ റെക്കോർഡ് ഇല്ലാത്ത അർഷ്ദീപ് സിംഗിനെയും ഹർഷിത് റാണയെയും ആണ് ഇന്ത്യ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ തന്റെ അരങ്ങേറ്റ ഏകദിനത്തിൽ (3/53) മികച്ച പ്രകടനം കാഴ്ചവച്ച റാണ, രണ്ടാം മത്സരത്തിൽ (ഒമ്പത് ഓവറിൽ 1/62) കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. കെ കെ ആറിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ചത് ആണ് ഹർഷിതിന് മുൻഗണന കിട്ടാൻ കാരണം എന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

മുഹമ്മദ് സിറാജിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി രോഹിത്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു, പരിചയസമ്പന്നനായ മുഹമ്മദ് സിറാജിന് പകരം ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്താനുള്ള അപ്രതീക്ഷിത തീരുമാനത്തെ രോഹിത് ശർമ്മ ന്യായീകരിച്ചു. സമ്മർദ്ദത്തിൽ പന്തെറിയാനുള്ള അർഷ്ദീപിന്റെ കഴിവും പുതിയ പന്തിലും ഡെത്ത് ഓവറുകളിലും അർഷ്ദീപിന്റെ കഴിവും കണക്കിലെടുത്താണ് സിറാജിനു മുകളിൽ അർഷ്ദീപിനെ എടുത്തത് എന്ന് രോഹിത് ശർമ്മ വിശദീകരിച്ചു.

“ബുംറ കളിക്കുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. അതിനാൽ, പുതിയ പന്തിലും ബാക്കെൻഡിലും പന്തെറിയാൻ കഴിയുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾ കരുതി. അതിനാൽ ബാക്കെൻഡിൽ പന്തെറിയാൻ കഴിവുള്ള അർഷ്ദീപിനെ തിരഞ്ഞെടുത്തു,” രോഹിത് പറഞ്ഞു.

പുതിയ പന്തിൽ പന്തെറിയാത്തപ്പോൾ സിറാജിന്റെ ഫലപ്രാപ്തി കുറയുന്നുവെന്നും, അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടത് ബുദ്ധിമുട്ടുള്ളതും എന്നാൽ അത്യാവശ്യവുമാണെന്നും അദ്ദേഹം പരാമർശിച്ചു.

സിറാജിനു പിഴ, ഹെഡിനു പിഴ നൽകാതെ ഐ സി സി

അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിനിടെ മൈതാനത്തുണ്ടായ ഏറ്റുമുട്ടലിന് മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും എതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.5 ലംഘിച്ചതിന് ഇന്ത്യൻ പേസർ സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. ട്രാവിസ് ഹെഡും കുറ്റക്കാരനാണെന്ന് കണ്ടെത്തി.

രണ്ട് കളിക്കാർക്കും അവരുടെ അച്ചടക്ക റെക്കോർഡുകളിൽ ഡീമെറിറ്റ് പോയിൻ്റ് ലഭിച്ചു. കഴിഞ്ഞ 24 മാസത്തെ അവരുടെ ആദ്യത്തെ കുറ്റമാണിത്. അത് കൊണ്ടാണ് സസ്പെൻഷൻ ഒഴിവാക്കിയത്. യോർക്കർ ഉപയോഗിച്ച് ഹെഡ്‌സിനെ പുറത്താക്കിയ ശേഷം സിറാജും ഹെഡും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

മുഹമ്മദ് സിറാജിന് വീടും സ്ഥലവും സർക്കാർ ജോലിയും സമ്മാനമായി പ്രഖ്യാപിച്ച് തെലുങ്കാന മുഖ്യമന്ത്രി

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ച് തെലുങ്കാന സർക്കാർ. സംസ്ഥാന സർക്കാർ സിറാജിന് വീടും സ്ഥലവും ഒപ്പം സർക്കാർ ജോലിയും പാരിതോഷികമായി നൽകുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇന്ന് ഹൈദരാബാദിൽ നടന്ന വിജയാഘോഷത്തിൽ സിറാജ് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് ഒപ്പം പങ്കെടുത്തിരുന്നു.

“മുഹമ്മദ് സിറാജ് നമ്മുടെ രാജ്യത്തിന് മഹത്തായ അഭിമാനവും തെലങ്കാന സംസ്ഥാനത്തിന് മഹത്തായ ബഹുമതിയും കൊണ്ടുവന്നു” മുഖ്യമന്ത്രി പറഞ്ഞു.

“സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സിറാജിന് വീടും ജോലിയും അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. ഹൈദരാബാദിലോ സമീപത്തോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒപ്പം സർക്കാർ ജോലി നൽകുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാനുൻ നിർദ്ദേശം നൽകി,” – ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

IPL-ൽ ബൗളർമാർക്ക് ഒരു പിന്തുണയുമില്ല, ഒപ്പം ഫ്ലാറ്റ് വിക്കറ്റുകളും” – സിറാജ്

ഇപ്പോൾ ടി20 ക്രിക്കറ്റിൽ ബൗളർമാർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല എന്ന് ആർ സി ബി ബൗളർ സിറാജ്. “ക്രിക്കറ്റിൻ്റെ നിലവാരം അങ്ങേയറ്റം ഉയർന്നിരിക്കുകയാണ്. ഓരോ രണ്ടാം ഗെയിമിലും ഐപിഎല്ലിൽ 250-260 എന്ന സ്‌കോറുകൾ നിങ്ങൾ കാണാറുണ്ട്. എന്നാൽ, മുൻകാലങ്ങളിൽ അങ്ങനെയായിരുന്നില്ല. വളരെ അപൂർവമായേ മുൻ സീസണുകളിൽ 250-ഓ അതിലധികമോ സ്‌കോർ ഞങ്ങൾ കണ്ടിട്ടുള്ളൂ. എന്നാൽ, ഇപ്പോൾ ഓരോ രണ്ടാം മത്സരത്തിലും ഒരു വലിയ സ്കോർ വരുന്നു,” സിറാജ് മാധ്യമങ്ങളോട് പറഞ്ഞു.

“ബൗളർമാർക്ക് ഒരു പിന്തുണയുമില്ല. ബൗണ്ടറികൾ ചെറുതാണ്. അതിലുപരി ഫ്ലാറ്റ് വിക്കറ്റുകളാണ്. പണ്ട് പുതിയ പന്തിൽ സ്വിംഗ് ഉണ്ടായിരുന്നു. അതും ഇപ്പോൾ നടക്കുന്നില്ല. കാര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. ബൗളർമാർക്ക്, കളി തുടരുക, അടി കിട്ടുക എന്നതാണ് മന്ത്രം,” സിറാജ് പറഞ്ഞു.

“എങ്കിലും ഞങ്ങൾ ബൗളർമാർ വിശ്വസിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച്, ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു മത്സരത്തിൽ എനിക്ക് അടി കിട്ടിയാൽ അടുത്ത മത്സരത്തിൽ എനിക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എപ്പോഴും തിരിച്ചുവരാൻ നോക്കുന്നു. ആ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കരുത്,” ആർസിബി ഫാസ്റ്റ് ബൗളർ പറഞ്ഞു.

“നല്ല പന്ത് എറിഞ്ഞിട്ടും അടി കിട്ടിയാൽ എനിക്ക് കുഴപ്പമില്ല, ടൂർണമെൻ്റിൽ ഞാൻ മോശമായി ബൗൾ ചെയ്തിട്ടില്ല. ഒരു ബൗളർ 40 റൺസ് വഴങ്ങുന്നത് ഇപ്പോൾ സാധാരണ നിലയിലായി. പണ്ട്, ‘അയ്യോ, അവൻ 4 ഓവറിൽ 40 റൺസ് തന്നു’ എന്ന മട്ടിലായിരുന്നു, പക്ഷേ, ഇപ്പോൾ 40 റൺസ് സാധാരണ കാര്യമായി.” സിറാജ് പറഞ്ഞു.

സിറാജ് തളർന്നിരിക്കുകയാണ്, RCB അവന് വിശ്രമം നൽകണം എന്ന് ഹർഭജൻ

മുഹമ്മദ് സിറാജിന് RCB വിശ്രമം നൽകണം എന്ന് ഹർഭജൻ സിംഗ്. ഇന്ത്യക്ക് ആയും ആർ സി ബിക്ക് ആയും നിരന്തരം കളിച്ച് സിറാജ് മാനസികമായും ശാരീരികമായും തളർന്നിരിക്കുക ആണെന്ന് ഹർഭജൻ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 57.25 ശരാശരിയിൽ 4 വിക്കറ്റ് മാത്രമാണ് സിറാജിന് നേടാൻ ആയത്. കഴിഞ്ഞ സീസണിൽ 19.79 ശരാശരിയിൽ 19 വിക്കറ്റ് നേടിയ താരമാണ് സിറാജ്.

“ഞാൻ മാനേജ്‌മെൻ്റിൻ്റെ ഭാഗമായിരുന്നെങ്കിൽ, ഞാൻ അദ്ദേഹത്തിന് രണ്ട് കളികൾ വിശ്രമം നൽകും. അവൻ തിരികെ പോയി അവനുമായി എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കട്ടെ. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നത് നമ്മൾ കണ്ട അതേ സിറാജ് തന്നെയാണോ ഇപ്പോൾ പന്തെറിയുന്നത്.” ഹർഭജൻ പറയുന്നു.

ന്യൂബോളിൽ അത് ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ് അല്ലെങ്കിൽ ടി20 ഫോർമാറ്റിൽ പോലും വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന ആളാണ് സിറാജ്. അദ്ദേഹം ടീം ഇന്ത്യയ്ക്കും ആർസിബിക്കും ഒരുപോലെ ചാമ്പ്യൻ ബൗളറാണ്. താൻ ചെയ്യേണ്ടത് അദ്ദേഹം ഇപ്പോൾ ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നുന്നു,” ഹർഭജൻ പറഞ്ഞു.

“അവൻ വളരെ ക്ഷീണിതനാണെന്ന് ഞാൻ കരുതുന്നു. മാനസികമായും ശാരീരികമായും അവൻ ഒകെ അല്ല. വിശ്രമം ആവശ്യമാണ്. അവൻ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നു. ഇംഗ്ലണ്ടിനെതിരെ 4 ടെസ്റ്റുകൾ കളിച്ചു. അവൻ ധാരാളം ഓവർ ബൗൾ ചെയ്യുന്നു.” മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു.

“അവൻ ശാരീരികമായും മാനസികമായും വളരെ ക്ഷീണിതനായി കാണപ്പെടുന്നു. അൽപ്പം വിശ്രമിക്കുക. സിറാജ് ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഹർഭജൻ പറഞ്ഞു.

ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനം ആണ് രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം എന്ന് ഗിൽ

ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനമാണ് രണ്ട് ഈ പരമ്പരയിൽ രണ്ട് ടീമുകളും തമ്മിലുക്ക്ല പ്രധാന വ്യത്യാസമായത് എന്ന് ശുഭ്മൻ ഗിൽ. നാലാം ടെസ്റ്റിൽ ബുമ്ര ഇല്ലെങ്കിൽ ആ അഭാവം നികത്താൻ പോന്ന താരങ്ങൾ സ്ക്വാഡിൽ ഉണ്ട് ഗിൽ.

“ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ പരമ്പരയിൽ മിടുക്കരായിരുന്നു, അതാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ബുംറയാണ് ഞങ്ങളുടെ പേസ് ആക്രമണത്തിൻ്റെ നേതാവ്, പക്ഷേ മറ്റു ബൗളർമാരും മികച്ചു നിന്നു.” ഗിൽ പറഞ്ഞു.

“മുഹമ്മദ് സിറാജ് ബൗൾ ചെയ്ത രീതി മികച്ചതായിരുന്നു, പ്രത്യേകിച്ച് രാജ്‌കോട്ട് ടെസ്റ്റിൻ്റെ അവസാന ഇന്നിംഗ്‌സിൽ. ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് നല്ല അനുഭവപരിചയമുണ്ട്,” റാഞ്ചി ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ശുഭ്മാൻ ഗിൽ പറഞ്ഞു.

മുഹമ്മദ് സിറാജിന് 4 വിക്കറ്റ്, ഇംഗ്ലണ്ടിനെ 319ന് ഓളൗട്ട് ആക്കി ഇന്ത്യ ലീഡ് നേടി!!

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷനിലേക്ക് ഇംഗ്ലണ്ടിനെ ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയി. 319 റണ്ണിന് ആണ് ഇംഗ്ലണ്ട് ഓളൗട്ട് ആയത്‌. ഇന്ത്യ 126 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. ലഞ്ചിന് ശേഷം ആണ് ഇംഗ്ലണ്ട് പെട്ടെന്ന് തകർന്നത്.

അശ്വിൻ ഇല്ലാത്തതിനാൽ ഒരു ബൗളറുടെ കുറവ് ഇന്ത്യക്ക് ഉണ്ടായിട്ടും മികച്ച ബൗളിങ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയി. ഇന്ന് രാവിലെ 31 പന്തിൽ നിന്ന് 18 റൺസ് എടുത്ത ജോ റൂട്ടിനെ ബുമ്ര പുറത്താക്കി. റൺ ഒന്നും എടുക്കാത്ത ബെയർസ്റ്റോയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കി.

ഇന്ത്യക്ക് ഏറ്റവും ഭീഷണിയായിരുന്ന ബെൻ ഡക്കറ്റിനെയും കുൽദീപ് ആണ് പുറത്താക്കിയത്. 151 പന്തിൽ നിന്ന് 153 റൺസ് എടുത്താണ് ഡക്കറ്റ് പുറത്തായത്. 2 സിക്സും 23 ഫോറും താരം അടിച്ചു. ലഞ്ചിനു പിരിയുമ്പോൾ സ്റ്റോക്സും ബെൻ ഫോക്സും ക്രീസിൽ ഉണ്ടായിരുന്നു. ലഞ്ചിനു ശേഷം ജഡേജയെ സിക്സ് പറത്താൻ ശ്രമിക്കവെ സ്റ്റോക്സ് പുറത്തായി. 41 റൺസ് ആണ് സ്റ്റോക്സ് എടുത്തത്.

തൊട്ടടുത്ത പന്തിൽ സിറാജ് ബെൻ ഫോക്സിനെ പുറത്താക്കി. അധികം വൈകാതെ ഹാർട്ലിയെ ജഡേജ പുറത്താക്കി. പിന്നാലെ ആൻഡേഴ്സന്റെ വിക്കറ്റ് സിറാജും പിഴുതു.

ഇന്ത്യക്ക് ആയി സിറാജ് 4 വിക്കറ്റും ജഡേജ, കുൽദീപ് എന്നിവർ രണ്ട് വിക്കറ്റും ബുമ്ര, അശ്വിൻ എന്നിവർ ഒരോ വിക്കറ്റും നേടി.

55ന് ഓളൗട്ട് ആകേണ്ട പിച്ചാണ് ഇതെന്ന് കരുതുന്നില്ല എന്ന് സിറാജ്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര 55 റണ്ണിന് ഓളൗട്ട് ആയിരുന്നു. മുഹമ്മദ് സിറാജ് ആയിരുന്നു 6 വിക്കറ്റ് എടുത്ത് ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ നയിച്ചത്. എന്നാൽ ന്യൂലാൻഡ്‌സ് പിച്ച് 55ന് ഓൾ ഔട്ട് ആകേണ്ട പിച്ച് അല്ലെന്ന് തനിക്ക് തോന്നിയെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പറഞ്ഞു.

“രാവിലെ വിക്കറ്റ് കണ്ടപ്പോൾ, അത് 55-ഓൾഔട്ട് ആകുന്ന വിക്കറ്റാണെന്ന് തോന്നിയില്ല. നല്ല വെയിലുണ്ടായിരുന്നു, അതിനാൽ പിച്ച് ഇത്രയധികം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.” സിറാജ് പറഞ്ഞു. “കൂടാതെ, ബൗളിംഗിൽ പാർട്ണർഷിപ്പ് പ്രധാനമാണ്. മറുവശത്ത് ജസ്പ്രീത് ബുംറയിൽ നിന്ന് സ്ഥിരമായ സമ്മർദം അവർക്ക് മേൽ ഉണ്ടായിരുന്നു, അദ്ദേഹത്തിന് കൂടുതൽ വിക്കറ്റുകൾ ലഭിച്ചില്ല, പക്ഷേ അദ്ദേഹം വളരെയധികം സമ്മർദ്ദം സൃഷ്ടിച്ചു, ”സിറാജ് പറഞ്ഞു.

“പന്ത് വളരെയധികംസഹായം ചെയ്യുന്ന ഈ വിക്കറ്റുകളിൽ, പലപ്പോഴും ബൗളർമാർ ചിന്തിക്കാറുണ്ട്. പക്ഷേ ഇത്തരം പിച്ചിൽ ഒരു ലൈനിൽ ഉറച്ചുനിൽക്കണം. കൃത്യമായ ഏരിയകൾ പന്തെറിഞ്ഞാൽ വിക്കറ്റുകൾ താനേ വരും. കൂടുതൽ ശ്രമിച്ചാൽ ആശയക്കുഴപ്പത്തിലാകും” സിറാജ് പറഞ്ഞു.

സിറാജിന് രണ്ടാം ദിവസവും മാജിക്ക് ആവർത്തിക്കാൻ ആകും എന്ന് സഹീർ ഖാൻ

കേപ്ടൗൺ ടെസ്റ്റിൽ രണ്ടാം ദിനത്തിലും സിറാജിൽ നിന്ന് നല്ല പ്രകടനം പ്രതീക്ഷിക്കുന്നു എന്ന് സഹീർ ഖാൻ. ആദ്യ ദിനം ആറ് വിക്കറ്റുകൾ വീഴ്ത്താൻ സിറാജിന് ആയിരുന്നു. ദക്ഷിണാഫ്രിക്ക 55 റണ്ണിന് ആദ്യ ഇന്നിങ്സിൽ ഓളൗട്ട് ആകുന്നതും കാണാൻ ആയി. സിറാജ് ആ പ്രകടനം രണ്ടാം മത്സരത്തിലും ആവർത്തിക്കും എന്ന് സഹീർ പറഞ്ഞു. പിച്ച് സ്ഥിരതയുള്ളതായിരിക്കുമെന്ന് സഹീർ പ്രവചിച്ചു.

“ഇന്ത്യ ഈ കൂട്ടുകെട്ട് വേഗത്തിൽ തകർക്കേണ്ടിവരും. നാളെയും നിങ്ങൾ കൂടുതൽ വിക്കറ്റുകൾ കാണും. പിച്ചിന് കാര്യമായ മാറ്റമുണ്ടാകില്ല. ഒരുപക്ഷേ, ഇന്നത്തെ സ്പെൽ പോലെ മറ്റൊരു സ്പെൽ സിറാജിന് എറിയാൻ കഴിയും,” ക്രിക്ക്ബസ് ചാറ്ററിൽ സംസാരിക്കുമ്പോൾ സഹീർ പറഞ്ഞു.

ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് സഹീർ പറഞ്ഞു. ലോവർ ഓർഡർ ബാറ്റിങ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല. 5 ബൗളർമാരുമായി കളിക്കുമ്പോൾ ഇന്ത്യയ്ക്ക് എപ്പോഴും നേട്ടമുണ്ടാകാറുണ്ട്. സഹീർ കൂട്ടിച്ചേർത്തു.

മുഹമ്മദ് സിറാജിന്റെ കിടിലൻ സ്പെൽ, ദക്ഷിണാഫ്രിക്കയെ 55 റണ്ണിന് എറിഞ്ഞിട്ട് ഇന്ത്യ

കേപ് ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യൻ പേസർക്ക് മുന്നിൽ ആകെ വിറച്ചു. ദക്ഷിണാഫ്രിക്ക വെറും 23.2 ഓവറിൽ 55 റണ്ണിന് ഓളൗട്ട് ആയി.

ആറ് വിക്കറ്റ് എടുത്ത സിറാജ് ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ ആകെ രണ്ട് താരങ്ങൾ മാത്രമെ രണ്ടക്കം കടന്നുള്ളൂ. 15 റൺസ് എടുത്ത കരെൽ വെരെയ്നെ ആണ് ടോപ് സ്കോറർ ആയത്. 12 റൺസ് എടുത്ത ബെഡിങ്ഹാം ആണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ.

മക്രം 2, എൽഗർ 4, സോർസി 2, സ്റ്റബ്സ് 3, യാൻസൻ 0 എന്നിവർ നിരാശപ്പെടുത്തി. സിറാജ് 9 ഓവറിൽ നിന്ന് 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. സിറാജിന്റെ ടെസ്റ്റിലെ മൂന്നാം അഞ്ചു വിക്കറ്റാണിത്. ബുമ്ര 25 റൺസ് വഴങ്ങി 2 വിക്കറ്റും, മുകേഷ് കുമാർ ഒരു റൺസ് പോലും വഴങ്ങാതെ 2 വിക്കറ്റും വീഴ്ത്തി.

Exit mobile version