സലാ ലിവർപൂളിൽ കരാർ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലോപ്പ്

മുൻ ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ്, മുഹമ്മദ് സലാഹ് നിലവിലെ സീസണിനു ശേഷവും ആൻഫീൽഡിൽ തുടരും എന്നും പുതിയ കരാറിൽ ഒപ്പുവെക്കുമെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. റെഡ് ബുള്ളിന്റെ ആഗോള ഫുട്ബോൾ തലവനായി സ്ഥാനമേറ്റെടുക്കുന്നതിനിടെ ഓസ്ട്രിയയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവേ ആണ് തന്റെ മുൻ ക്ലബിനെ കുറിച്ച് ക്ലോപ്പ് സംസാരിച്ചത്.

“സലാ ക്ലബിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, ഒരു മികച്ച മനുഷ്യനാണ്, ഒരു മികച്ച കായികതാരമാണ്, അദ്ദേഹം ലിവർപൂളിൽ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ക്ലോപ്പ് പറഞ്ഞു.

.

“ലിവർപൂൾ ഇത്രയും നന്നായി കളിക്കുന്നതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. ഞാൻ അവർക്ക് എല്ലാ ആശംസകളും നേരുന്നു. എനിക്ക് കഴിയുന്നത്ര അവരുടെ മത്സരങ്ങൾ ഞാൻ കാണാറുണ്ട്. ഒരുപക്ഷേ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച സന്തുലിതമായ ഫുട്ബോൾ ടീം ഇപ്പോൾ ലിവർപൂൾ ആണ്” – ക്ലോപ്പ് പറഞ്ഞു.

സലായുടെ സഹതാരങ്ങളായ വിർജിൽ വാൻ ഡിജ്ക്കും ട്രെന്റ് അലക്സാണ്ടർ-അർനോൾഡും അവരുടെ കരാറുകൾ നീട്ടുമെന്നും ജർമ്മൻ തന്ത്രജ്ഞൻ പ്രത്യാശ പ്രകടിപ്പിച്ചു,

ലിവർപൂളിലെ തന്റെ അവസാന വർഷമായിരിക്കും ഇതെന്ന് മൊ സലാ

ലിവർപൂൾ താരം മുഹമ്മദ് സലാ, ആൻഫീൽഡിലെ തൻ്റെ അവസാന സീസൺ ആയിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് സ്കൈ സ്പോർട്സ് അഭിമുഖത്തിൽ സംസാരിക്കവെ ഇത് തന്റെ ലീഗിലെ അവസാന വർഷമായിരിക്കും എന്ന് സലാ പറഞ്ഞു. പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിക്കാൻ ആണ് താൻ അതു കൊണ്ട് ആഗ്രഹിക്കുന്നത് എന്നും സലാ പറഞ്ഞു.

“ക്ലബിലെ എൻ്റെ അവസാന വർഷമായതിനാൽ ഈ സീസൺ പ്രീമിയർ ലീഗ് നേടണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഈ നഗരത്തിന് പ്രത്യേകമായ എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ” സലാ പറഞ്ഞു.

“ഇതുവരെ തന്റെ ക്ലബിലെ അവസാന വർഷമാണ് ഇത്. ആറ് മാസമായി, കരാർ ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, ഞങ്ങൾ ഒരു പുരോഗതിയിൽ നിന്നും വളരെ അകലെയാണ്, അതിനാൽ കാത്തിരുന്ന് കാണേണ്ടതുണ്ട്, ”സലാ പറഞ്ഞു.

2017-ൽ ലിവർപൂളിൽ ചേർന്ന സലാ, അവരുടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ക്ലബ്ബിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്.

പ്രീമിയർ ലീഗ് കിരീടമാണ് ഈ വർഷം ചാമ്പ്യൻസ് ലീഗിനേക്കാൾ താൻ ആഗ്രഹിക്കുന്നത് – മൊ സലാ

ലിവർപൂൾ ഫോർവേഡ് മുഹമ്മദ് സലാ ഈ സീസൺ പ്രീമിയർ ലീഗ് നേടാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു. ചാമ്പ്യൻസ് ലീഗിനും മുകളിൽ പ്രീമിയർ ലീഗ് കിരീടമാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന് സലാ പറഞ്ഞു. “ഈ വർഷം ചാമ്പ്യൻസ് ലീഗിനേക്കാൾ പ്രീമിയർ ലീഗ് കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു,” സലാ പറഞ്ഞു. “എനിക്ക് ഈ കിരീടം വേണം, ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്കും അത് വേണം.” അദ്ദേഹം പറഞ്ഞു.

ബാലൺ ഡി ഓറിനെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തകളെക്കുറിച്ചും സലാ സംസാരിച്ചു. “ലോകത്തിലെ ഏറ്റവും മികച്ചത് താൻ ആണോ? ആളുകൾക്ക് വ്യത്യസ്ത മുൻഗണനകളുണ്ട്. ഞാൻ എപ്പോഴും എന്നെ മികച്ചവനായി കാണുന്നു, ടീമിന് വേണ്ടി എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ലിവർപൂളിൻ്റെ പുതിയ മാനേജർ ആർനെ സ്ലോട്ടിനെയും സലാ പ്രശംസിച്ചു. “ഞാൻ ആർനെ സ്ലോട്ടിനൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പ്, അദ്ദേഹം ഇത്രയും മികച്ചവനാണെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല” സലാ പറഞ്ഞു. “അദ്ദേഹം ചെറിയ വിശദാംശങ്ങളിൽ വരെ മികച്ചവനാണ്, തെറ്റ് പറ്റുമ്പോൾ അംഗീകരിക്കുന്ന അഹംഭാവമില്ലാത്ത പരിശീലകനാണ്” സലാ പറഞ്ഞു.

മോ സലായും വാൻ ഡൈകും ലിവർപൂളിൽ കരാർ നീട്ടും

സ്റ്റാർ ഫോർവേഡ് മുഹമ്മദ് സലായും പ്രതിരോധ താരമായ വിർജിൽ വാൻ ഡൈകും ലിവർപൂൾ ക്ലബ്ബുമായി കരാർ വിപുലീകരണത്തിൽ ഒപ്പുവെക്കാൻ അടുത്തിരിക്കുന്നതായി വാർത്തകൾ . ജേണലിസ്റ്റ് ഡേവിഡ് ഓൺസ്റ്റൈൻ പറയുന്നതനുസരിച്ച്, രണ്ട് കളിക്കാരും രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ ഒപ്പുവെക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇത് അവരുടെ നിലവിലെ ഡീലുകൾക്കപ്പുറം ആൻഫീൽഡിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളിൽ മികച്ച വിജയം നേടുന്ന ലിവർപൂളിന്റെ ഏക ആശങ്ക ഈ താരങ്ങളുടെ കരാർ ആയിരുന്നു. സലായും വാൻ ഡൈകും തുടരുമെന്നത് ലിവർപൂൾ ആരാധാകരുടെ ആശങ്കകൾ അവസാനിപ്പിക്കും.

ഈ സീസണിൽ പ്രീമിയർ ലീഗിൽ അസിസ്റ്റിലും ഗോളിലും ഒന്നാമത് നിൽക്കുകയാണ് മൊ സലാ.

ഒരേയൊരു രാജാവ്! റെക്കോർഡുകൾ തകർത്തു മൊ സലാഹ് പടയോട്ടം!

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തന്റെ അവിശ്വസനീയ ഫോം തുടർന്നു മുഹമ്മദ് സലാഹ്. ടോട്ടനത്തിനു എതിരായ ലിവർപൂളിന്റെ 6-3 എന്ന വിജയത്തിൽ 2 ഗോളുകളും 2 അസിസ്റ്റുകളും നേടിയ സലാഹ് പ്രീമിയർ ലീഗിൽ ഗോളിലും അസിസ്റ്റിലും രണ്ടക്ക സംഖ്യ കടന്നു. നിലവിൽ ലീഗിൽ 15 ഗോളുകളും ആയി ടോപ് സ്‌കോറർ ആണ് സലാഹ്. 11 അസിസ്റ്റുകൾ നേടിയ സലാഹ് തന്നെയാണ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും.

ക്രിസ്മസിന് മുമ്പ് ഗോളിലും അസിസ്റ്റിലും പ്രീമിയർ ലീഗിൽ രണ്ടക്കം കടക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറി ഇതോടെ സലാഹ്. ഗോളുകളിലും അസിസ്റ്റിലും നാലു സീസണുകളിൽ രണ്ടക്കം കടക്കുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ താരവും ആണ് സലാഹ്. ഇന്ന് നേടിയ ഗോളുകളിലൂടെ ലിവർപൂൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന നാലാമത്തെ താരമായും ഈജിപ്ഷ്യൻ സൂപ്പർ താരം മാറി. സീസണിൽ ഇത് വരെ 18 ഗോളുകളും 15 അസിസ്റ്റുകളും നേടിയ സലാഹ് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള പടയോട്ടത്തിൽ ആണ്. ഈ മികവ് തുടരുക ആണെങ്കിൽ ജോർജ് വിയക്ക് ശേഷം ബാലൻ ഡിയോർ നേടുന്ന ആദ്യ ആഫ്രിക്കൻ താരം എന്ന നേട്ടം സലാഹ് സീസൺ അവസാനം സ്വന്തമാക്കും എന്നുറപ്പാണ്.

പ്രീമിയർ ലീഗ്; മൊ സലാ നവംബറിലെ താരം!! ആർനെ സ്ലോട്ട് മികച്ച പരിശീലകൻ

കഴിഞ്ഞ മാസത്തിൽ നാല് ഗോളുകളും ഒരു അസിസ്റ്റും ഉൾപ്പെടെയുള്ള മികച്ച പ്രകടനത്തിന് പിന്നാലെ ലിവർപൂളിൻ്റെ മുഹമ്മദ് സലായെ നവംബർ മാസത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. ലിവർപൂളിൻ്റെ ആധിപത്യം നിലനിർത്തുന്നതിലും ലീഗ് സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം ഉറപ്പാക്കുന്നതിലും സലായുടെ സംഭാവനകൾ നിർണായകമായിരുന്നു.

കൂടാതെ, ലിവർപൂളിൻ്റെ മാനേജർ ആർനെ സ്ലോട്ടിന് നവംബറിലെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും ലഭിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ടീം നവംബറിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ രേഖപ്പെടുത്തി.

മാഞ്ചസ്റ്റർ സിറ്റിക്ക് ഏഴാം തവണയും പിഴച്ചു!! ആൻഫീൽഡിൽ ലിവർപൂൾ മാത്രം!!

മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ ഏഴാം മത്സരത്തിലും പെപ് ഗ്വാർഡിയോളയുടെ ടീം വിജയിച്ചില്ല. അവർ ഇന്ന് ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 2-0ന്റെ പരാജയമാണ് ലിവർപൂളിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി അവസാനം കളിച്ച 7 മത്സരങ്ങളിൽ 6ലും പരാജയപ്പെട്ടു.

ഇന്ന് തുടക്കം മുതൽ ലിവർപൂളിന്റെ ആധിപത്യമാണ് ആൻഫീൽഡിൽ കണ്ടത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. മൊ സലായുടെ അസിസ്റ്റിൽ നിന്ന് ഗാക്പോ ആണ് റെഡ്സിന് ലീഡ് നൽകിയത്. ലിവർപൂൾ ഇതിനു ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒന്നും വലയിൽ എത്തിയില്ല.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. അവർക്ക് ആദ്യ പകുതിയിൽ ഒരു ഗോൾ ശ്രമം മാത്രമെ ആകെ നടത്താൻ ആയുള്ളൂ. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി കളി മെച്ചപ്പെടുത്തിയെങ്കിലും ലിവർപൂളിനെ സമ്മർദ്ദത്തിൽ ആക്കാൻ അവർക്ക് ആയില്ല.

77ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മൊ സലാ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ 34 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. അവർക്ക് 9 പോയിന്റിന്റെ ലീഡ് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

ഇത് വരെ ലിവർപൂൾ തനിക്ക് പുതിയ കരാർ മുന്നോട്ട് വെച്ചിട്ടില്ലെന്നു വ്യക്തമാക്കി മൊ സലാ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ കുതിപ്പ് നടത്തുന്ന ലിവർപൂൾ ആരാധകർക്ക് ആശങ്ക നൽകി സൂപ്പർ താരം മൊ സലാഹ്. ഇന്നലെയും 2 ഗോളുകൾ നേടി ടീമിനെ ജയിപ്പിച്ച സലാ ഡിസംബർ ആവാറായിട്ടും ഈ സീസണിൽ കരാർ തീരുന്ന തനിക്ക് മുന്നിൽ ലിവർപൂൾ പുതിയ കരാർ വെച്ചിട്ടില്ലെന്നു വ്യക്തമാക്കി. താൻ ക്ലബ്ബിൽ തുടരും എന്നതിനേക്കാൾ ക്ലബ്ബിൽ നിന്നു പുറത്ത് പോവുന്ന സൂചയാണ് കൂടുതൽ എന്നും ഈജിപ്ഷ്യൻ സൂപ്പർ താരം പറഞ്ഞു. നിലവിൽ ഒന്നും തന്റെ കയ്യിൽ അല്ലെന്നും സലാ വ്യക്തമാക്കി.

എന്തിനാണ് ക്ലബ് പുതിയ കരാർ മുന്നോട്ട് വെക്കാത്തത് എന്നു തനിക്ക് അറിയില്ലെന്ന് പറഞ്ഞ സലാ തനിക്ക് ലിവർപൂൾ ആരാധകർ എന്നും പ്രിയപ്പെട്ടവർ ആണെന്നും കൂട്ടിച്ചേർത്തു. തനിക്ക് ലിവർപൂൾ തീരുമാനത്തിൽ നിരാശയുണ്ട് എന്നു വ്യക്തമാക്കിയ സലാ താൻ ഉടനെ ഒന്നും വിരമിക്കില്ലെന്നും വ്യക്തമാക്കി. നിലവിൽ താൻ കളിയിൽ ആണ് ശ്രദ്ധിക്കുന്നത് എന്നും പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടുകയാണ് ലക്ഷ്യം എന്നും താരം കൂട്ടിച്ചേർത്തു. നിരാശനാണ് എങ്കിലും എന്ത് സംഭവിക്കും എന്നു കാത്തിരുന്നു കാണാം എന്നും സലാ പറഞ്ഞു.

വീണ്ടും ലിവർപൂൾ രക്ഷകൻ ആയി മൊ സലാ! ലീഗിൽ 8 പോയിന്റുകൾ മുന്നിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗതാപ്റ്റണിന്റെ പോരാട്ടം അതിജീവിച്ചു ജയവുമായി ലിവർപൂൾ. സ്വന്തം മൈതാനത്ത് ലിവർപൂളിന് മികച്ച പോരാട്ടം നൽകാൻ ആയെങ്കിലും 3-2 നു സൗതാപ്റ്റൺ പരാജയപ്പെടുക ആയിരുന്നു. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ മാഞ്ചസ്റ്റർ സിറ്റിയും ആയി 8 പോയിന്റുകൾ മുന്നിൽ ആണ് ആർണെ സ്ലോട്ടിന്റെ ടീം. പതിവ് പോലെ മൊ സലാഹ് ആണ് ലിവർപൂൾ രക്ഷകൻ ആയത്. സൗതാപ്റ്റണിന്റെ പ്രതിരോധ പിഴവിൽ നിന്നു സബോസ്ലായ് ആണ് ലിവർപൂളിന് മത്സരത്തിൽ 30 മത്തെ മിനിറ്റിൽ മുൻതൂക്കം നൽകിയത്.

42 മത്തെ മിനിറ്റിൽ സൗതാപ്റ്റണിനു പെനാൽട്ടി ലഭിച്ചു. ഡിബിളിങിനു എതിരായ ഫൗൾ ബോക്സിനു പുറത്ത് ആണോ എന്ന് സംശയം ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചു. ആദം ആസ്ട്രോങിന്റെ പെനാൽട്ടി കെല്ലഹർ രക്ഷിച്ചു എങ്കിലും താരം റീബോണ്ടിൽ ഗോൾ നേടി. രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ ആസ്ട്രോങിന്റെ പാസിൽ നിന്നു മാത്യസ്‌ ഫെർണാണ്ടസിലൂടെ സൗതാപ്റ്റൺ ഗോൾ നേടിയതോടെ ലിവർപൂൾ ഞെട്ടി. എന്നാൽ 65 മത്തെ മിനിറ്റിൽ ഗ്രവൻബെർചിന്റെ പാസിൽ നിന്നു ഗോൾ നേടിയ സലാഹ് ലിവർപൂളിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. 83 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട സലാഹ് ലിവർപൂളിന് വിലപ്പെട്ട വിജയം സമ്മാനിക്കുക ആയിരുന്നു.

ബ്രൈറ്റണ് എതിരെ ലിവർപൂളിന്റെ വൻ തിരിച്ചുവരവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ക്ലാസിക് തിരിച്ചുവരവ്. ഇന്ന് ആൻഫീൽഡിൽ ബ്രൈറ്റണ് എതിരെ ഒരു ഗോളിന് പിന്നിൽ പോയ ശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു ലിവർപൂൾ. 2-1 എന്ന നിലയിലാണ് കളി അവസാനിച്ചത്.

മത്സരത്തിൽ 14ആം മിനുട്ടിൽ റൈറ്റ് വിംഗർ ആയി കളിച്ച കദിയോഗ്ലു ആണ് ബ്രൈറ്റണ് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ബ്രൈറ്റണ് ലീഡ് ഉയർത്താൻ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഗാക്പോയുടെ ഒരു ക്രോസ് ജഡ്ജ് ചെയ്യുന്നതിൽ ബ്രൈറ്റൺ ഡിഫൻസിന് വന്ന പിഴവ് ലിവർപൂളിന്റെ സമനില ഗോളായി. ഈ ഗോൾ വന്ന് മൂന്ന് മിനുട്ടിനുള്ളിൽ സലായിലൂടെ ലിവർപൂൾ ലീഡും എടുത്തു. തന്റെ ഇടതു കാലിൽ കട്ട് ചെയ്ത് ബോക്സിലേക്ക് കയറിയ സലാ മനോഹരമായ ഒരു ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. സ്കോർ 2-1.

ഈ വിജയത്തോടെ ലിവർപൂൾ 25 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ബ്രൈറ്റൺ 16 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.

ആൻഫീൽഡിൽ ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ

ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ചെൽസിയെ 2-1ന് ലിവർപൂൾ പരാജയപ്പെടുത്തി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ചെൽസി പൊരുതി നോക്കി എങ്കിലും അവർക്ക് അവസരങ്ങൾ മുതലെടുക്കാൻ ആവാഞ്ഞത് വിനയായി.

ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ 29-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വീഴ്ത്തി മുഹമ്മദ് സലാ സ്കോറിങ്ങിനു തുടക്കമിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണിലൂടെ ചെൽസി മറുപടി നൽകി. മോയിസെസ് കൈസെഡോ അസിസ്റ്റ് നൽകി

എന്നിരുന്നാലും, ഒരു മിനിറ്റിനുള്ളിൽ ലിവർപൂൾ അവരുടെ ലീഡ് തിരിച്ചുപിടിച്ചു, സലായുടെ ക്രോസിൽ നിന്ന് കർട്ടിസ് ജോൺസ് വലകുലുക്കി, ഈ ഗോൾ ആതിഥേയരുടെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ 21 പോയിൻ്റുമായി ലിവർപൂൾ ഒന്നാമതെത്തി. 8 മത്സരങ്ങളിൽ 14 പോയിൻ്റുമായി ചെൽസി ആറാം സ്ഥാനത്താണ്.

ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്

പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലിവർപൂൾ വോൾവ്‌സിനെതിരെ 2-1ൻ്റെ വിജയം ഉറപ്പിച്ചു. ഒരു കോർണറിൽ നിന്ന് ഡിയോഗോ ജോട്ടയുടെ അസിസ്റ്റിൽ നിന്ന് ഇബ്രാഹിമ കൊണാറ്റെയുടെ ഹെഡറിലൂടെ ആദ്യ പകുതിക്ക് മുമ്പ് ലിവർപൂൾ ലീഡ് നേടി.

56-ാം മിനിറ്റിൽ റയാൻ എയ്റ്റ്-നൂറി പ്രതിരോധത്തിലെ പിഴവ് മുതലാക്കി സമനില പിടിച്ചു. എന്നിരുന്നാലും, വെറും അഞ്ച് മിനിറ്റിനുള്ളിൽ, ഒരു പെനാൾട്ടിയിലൂടെ ലിവർപൂൾ ലീഡ് തിരിച്ചു പിടിച്ചു. മുഹമ്മദ് സലാ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ഈ വിജയത്തോടെ, ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു തോൽവിയുമായി 15 പോയിൻ്റുമായി ലിവർപൂൾ പട്ടികയിൽ ഒന്നാമതെത്തി.

Exit mobile version