ന്യൂസിലാണ്ട് പര്യടനം ഉപേക്ഷിക്കുവാന്‍ പാക്കിസ്ഥാന്‍ ആലോചിച്ചിരുന്നു – മിസ്ബ ഉള്‍ ഹക്ക്4

ക്രെസ്റ്റ്ചര്‍ച്ചില്‍ അനിശ്ചിതമായ ക്വാറന്റീന്‍ നീണ്ടതോടെ പാക്കിസ്ഥാന്‍ ടീം ന്യൂസിലാണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നവെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ന്യൂസിലാണ്ടിലെത്തിയ ചില പാക് താരങ്ങള്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ന്യൂസിലാണ്ട് ആരോഗ്യ മന്ത്രാലയം ടീമിനെ പരിശീലനം നിഷേധിച്ച് ക്വാറന്റീന്‍ ദിനങ്ങള്‍ ദൈര്‍ഘിപ്പിക്കുകയായിരുന്നു.

നേരത്തെ വിന്‍ഡീസ് ടീമിനോടും സമാനമായ രീതിയില്‍ ന്യൂസിലാണ്ട് നടപടിയെടുത്തിരുന്നു. വളരെ സുഖകരമല്ലാത്ത സാഹചര്യം ആയതിനാല്‍ തന്നെ പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു തങ്ങള്‍ ബോര്‍ഡുമായി കൂടിയാലോചിച്ചത് എന്നാലും ഇത്ര അധികം ദിവസം ന്യൂസിലാണ്ടില്‍ തുടര്‍ന്നതിനാല്‍ തന്നെ പരമ്പര പൂര്‍ത്തിയാക്കി മടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പരിശീലനം നടത്തുവാന്‍ ടീമിനായില്ലെങ്കിലും മികച്ച ക്രിക്കറ്റ് കളിച്ച് വിജയം നേടുക തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാന്‍ മുഖ്യ കോച്ച് വ്യക്തമാക്കി.

പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകർക്കെതിരെ കടുത്ത വിമർശനവുമായി ആമിർ സൊഹൈൽ

പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകർക്കെതിരെ കടുത്ത വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ആമിർ സൊഹൈൽ രംഗത്ത്. പാകിസ്ഥാൻ പരിശീലകരെ ക്രിക്കറ്റ് ടൂറിന് അയക്കുന്നതിന് പകരം വിനോദ യാത്രക്ക് അയക്കണമെന്നും ആമിർ സൊഹൈൽ പറഞ്ഞു. പാകിസ്ഥാൻ ടീം പരിശീലകൻ മിസ്ബാഹുൽ ഹഖ് അടക്കമുള്ള പരിശീലകരെയാണ് ആമിർ സൊഹൈൽ വിമർശിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ ബൗളർമാരുടെ മോശം പ്രകടനമാണ് പരിശീലകരെ വിമർശിക്കാൻ ആമിർ സൊഹൈലിനെ പ്രേരിപ്പിച്ചത്.

പാകിസ്ഥാൻ ടീമിന് ഒപ്പമുള്ള പരിശീലകർ അവരുടെ ചുമതലകൾ നിർവഹിക്കുന്നില്ലെന്നും ഫാസ്റ്റ് ബൗളർ നസീം ഷായുടെ ബൗളിംഗ് ആക്ഷനിൽ ഉള്ള സ്ഥിരതയില്ലാഴ്മ പരിഹരിക്കാൻ പരിശീലകർക്ക് കഴിയുന്നില്ലെന്നും ആമിർ സൊഹൈൽ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്ത സ്പിന്നർ യാസിർ ഷായുടെ പ്രകടനത്തെയും ആമിർ സൊഹൈൽ വിമർശിച്ചു.

“ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് ധോണി”

ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് പാകിസ്ഥാൻ പരിശീലകൻ മിസ്ബാഹുൽ ഹഖ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് ധോണിയെന്നും ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് നേട്ടങ്ങൾ ധോണി സമ്മാനിച്ചിട്ടുണ്ടെന്നും മിസ്ബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ധോണി പുറത്ത് ശാന്ത സ്വഭാവമുള്ള ഒരു ക്യാപ്റ്റൻ ആണെന്നും എന്നാൽ ഉള്ളിൽ മികച്ച ആക്രമസ്വഭാവമുള്ള കളിക്കാരൻ ആണെന്നും മിസ്ബാഹ് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ രീതികൾ മാറ്റിയത് ധോണിയാണെന്നും മികച്ച യുവതാരങ്ങളെ ധോണി ടീമിന് വേണ്ടി സംഭവം ചെയ്തിട്ടുണ്ടെന്നും മിസ്ബാഹ് പറഞ്ഞു. സൗരവ് ഗാംഗുലി നിർത്തിയ സ്ഥലത്ത് നിന്ന് ഇന്ത്യയെ മുൻപോട്ട് നയിച്ച് ഇന്ത്യയെ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചതും ധോണിയാണെന്നും മിസ്ബാഹ് കൂട്ടിച്ചേർത്തു. 2017ൽ മിസ്ബാഹുൽ ഹഖ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ടീമിനെ പരാജയപ്പെടുത്തിയാണ് ധോണി ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തത്.

യൂനിസ് ഖാനും ഷാന്‍ മസൂദും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍

പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൊരുതി നേടിയ ശതകം സ്വന്തമാക്കിയ ഷാന്‍ മസൂദാണ് വിജയം പിടിക്കുവാനുള്ള സാഹചര്യം ടീമിന് ഒരുക്കി നല്‍കിയത്. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ഒരു ഘട്ടത്തില്‍ വിജയം പിടിക്കുമെന്ന നിലയിലേക്ക് വന്നുവെങ്കിലും ജോസ് ബട്‍ലറും ക്രിസ് വോക്സും ഇവരുടെ പ്രതീക്ഷ തകര്‍ക്കുകയായിരുന്നു.

ഷാന്‍ മസൂദ് ബാറ്റിംഗ് കോച്ചുമാരുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പാക് മുഖ്യ കോച്ച് മിസ്ബയുടെ അഭിപ്രായം. മുന്‍ കോച്ച് ഷാഹിദ് അലമിനോടൊപ്പവും ഇപ്പോള്‍ യൂനിസ് ഖാനുമായും ഈ ബന്ധം ഷാന്‍ കാതത് സൂക്ഷിക്കുന്നുണ്ടെന്ന് മിസ്ബ അഭിപ്രായപ്പെട്ടു.

ഷാന്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തനായ ബാറ്റ്സ്മാനാണെന്നും അതില്‍ യൂനിസിന്റെ പങ്ക് വളരെ വലുതാണെന്നും മിസ്ബ വ്യക്തമാക്കി. ഇരുവരും തമ്മില്‍ മികച്ച ബന്ധമാണെന്നും മിസ്ബ അഭിപ്രായപ്പെട്ടു. ബാബര്‍ അസം, ഷദബ് ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ഷാനിന്റെ കൂട്ടുകെട്ടുകള്‍ തന്നെ താരം വ്യത്യസ്തനായ ബാറ്റ്സ്മാനായി മാറിയെന്നതിന്റെ സൂചനയാണെന്നും മിസ്ബ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളം, വലിയ സ്കോറുകള്‍ നേടാനാകണം – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും സെലക്ടറുമായ മിസ്ബ ഉള്‍ ഹക്ക് പറയുന്നത് മാഞ്ചസ്റ്ററിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാക്കിസ്ഥാന്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ്. മത്സരത്തില്‍ വിജയം കൈപ്പിടിയിലെത്തിയ ശേഷമാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനോട് മുട്ടു മടക്കിയത്. ആദ്യ ഇന്നിംഗ്സിലെ മികച്ച ബാറ്റിംഗിനും ബൗളിംഗിനും ശേഷം രണ്ടാം തവണ ഈ രണ്ട് മേഖലയിലും ടീം പിന്നോട്ട് പോയി. ബാറ്റിംഗാണെങ്കില്‍ അമ്പേ പരാജയപ്പെടുന്നതുമാണ് കണ്ടത്. ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി വിജയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ജോസ് ബട്‍ലര്‍ – ക്രിസ് വോക്സ് കൂട്ടുകെട്ടിനെ നേരത്തെ തകര്‍ക്കാന്‍ കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി.

ഈ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാക്കിസ്ഥാന്‍ വലിയ സ്കോറുകള്‍ നേടുവാന്‍ പ്രാപ്തരാവണമെന്നാണ് മിസ്ബ പറയുന്നത്. മുഴുവന്‍ ക്രെഡിറ്റും ഇംഗ്ലണ്ടിനുള്ളതാണ്, ആദ്യ അഞ്ച് വിക്കറ്റ് വീണ ശേഷം പ്രതിരോധത്തിലായ ടീമാണ് പിന്നീട് വിജയം പിടിച്ചെടുത്തത്. സമ്മര്‍ദ്ദത്തിലും വോക്സ്-ബട്‍ലര്‍ കൂട്ടുകെട്ട് മികവ് പുലര്‍ത്തിയിരുന്നുവെന്നും മിസ്ബ വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗില്‍ മികവ് ഉണ്ടാകുകയും ലക്ഷ്യം 300ന് മുകളില്‍ സെറ്റ് ചെയ്യുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിനെതിരെ വിജയം പാക്കിസ്ഥാന് നേടാനാകുമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും മിസ്ബ വ്യക്തമാക്കി. യുവ താരങ്ങള്‍ക്ക് ഇനിയും ഏറെ പഠിക്കുവാനുണ്ട്. താരങ്ങളെല്ലാം അവര്‍ക്കാകുന്ന തരത്തില്‍ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണെന്നും മിസ്ബ കൂട്ടിചേര്‍ത്തു.

ടോപ് ഓര്‍ഡറിന്റെ പ്രകടനം മത്സരവും പരമ്പരയും നിശ്ചയിക്കും – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നിശ്ചയിക്കുക ടോപ് ഓര്‍ഡറിന്റെ ബാറ്റിംഗ് പ്രകടനം എന്ന് പറഞ്ഞ് കോച്ച് മിസ്ബ ഉള്‍ ഹക്ക്. മത്സരങ്ങളും പരമ്പരയിലെയും വലിയ വ്യത്യാസം സൃഷ്ടിക്കുന്ന ഘടകം ആകാന്‍ പോകുന്നത് ടോപ് ഓര്‍ഡറുകളുടെ പ്രകടനമാണെന്ന് മിസ്ബ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടും പാക്കിസ്ഥാനും മികച്ച ബൗളിംഗ് നിരയുള്ള ടീമുകളാണ്. ഇരുവരും നല്ല ഫോമിലാണ് അതിനാല്‍ തന്നെ ബൗളര്‍മാര്‍ മികവ് പുലര്‍ത്തുമെന്ന് ഉറപ്പാണ്. അവിടെ വേറിട്ട് നില്‍ക്കുക ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാകുമെന്നും മിസ്ബ വ്യക്തമാക്കി. ഇവിടെ സാഹചര്യങ്ങള്‍ കടുപ്പമായതിനാല്‍ ഇംഗ്ലണ്ടിനും ബുദ്ധിമുട്ട് വരുന്നത് വിന്‍ഡീസ് പരമ്പരയില്‍ കണ്ടതാണ്.

ടോപ് ഓര്‍ഡറില്‍ ആര് നന്നായി കളിക്കുന്നുവോ അവരുടെ ടീം വിജയം കുറിയ്ക്കുമെന്നും മിസ്ബ വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ 300 കടന്നാല്‍ 70% വിജയ സാധ്യതയുണ്ടെന്നത് വിന്‍ഡീസ്-ഇംഗ്ലണ്ട് പരമ്പരയില്‍ കണ്ടതാണെന്നും മിസ്ബ സൂചിപ്പിച്ചു.

മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാന്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ചേക്കാം – മിസ്ബ ഉള്‍ ഹക്ക്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ചേക്കാമെന്ന സൂചന നല്‍കി കോച്ച് മിസ്ബ ഉള്‍ ഹക്ക്. മാഞ്ചസ്റ്ററിലെ ആദ്യ ടെസ്റ്റിലെ പിച്ച് സ്പിന്നിന് അനുകൂലമായേക്കാം എന്ന പ്രതീക്ഷയാണ് ടീമിനെ ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കുന്നതെന്നാണ് അറിയുന്നത്.

പ്രധാന സ്പിന്നര്‍ യസീര്‍ ഷായ്ക്കൊപ്പം ആരേയാകും പാക്കിസ്ഥാന്‍ രണ്ടാം സ്പിന്നര്‍ ആയി ഉപയോഗിക്കുക എന്നതാണ് പ്രധാനം. ഷദബ് ഖാനിനെയാവും ടീം ഉപയോഗിക്കുക എന്നാണ് അറിയുന്നത്. അതോടൊപ്പം തന്നെ ഫവദ് അലം പാക്കിസ്ഥാന്‍ ടീമില്‍ ഇടം പിടിക്കുവാന്‍ ഇനിയു കാത്തിരിക്കണം എന്ന സൂചനയാണ് മിസ്ബ നല്‍കുന്നത്.

ഹാരിസ് സൊഹൈലിന്റെ പിന്മാറ്റം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായതല്ല, കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് – മിസ്ബ

പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറിയത് താരത്തിന് പങ്കെടുക്കുവാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടല്ലെന്നും താരത്തിന്റെ കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാലുമായിരുന്നുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. അത്തരം ഒരു സമീപനം താരത്തിന്റെ കുടുംബം എടുത്തതില്‍ ആരെയും തെറ്റ് പറയാനാകില്ലെന്നും മിസ്ബ പറഞ്ഞു.

അവര്‍ക്ക് സ്ഥിതിഗതികളെക്കുറിച്ചുള്ള ഭയം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ താരം സ്വയം എടുത്ത തീരുമാനമല്ലെന്നും കുടുംബത്തിന് വേണ്ടി പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും മിസ്ബ വ്യക്തമാക്കി. ഹാരിസ് ഒഴികെ ബാക്കിയെല്ലാ താരങ്ങളും പരമ്പരയ്ക്ക് സമ്മതിച്ചവരാണെന്നും മിസ്ബ സൂചിപ്പിച്ചു.

മുഹമ്മദ് അമീര്‍ ആണ് പരമ്പരയില്‍ നിന്ന് പിന്മാറിയ മറ്റൊരു താരം. അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും അടുത്ത് തന്നെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്നതിനാലുമാണ് താരം ഭാര്യയോടൊപ്പം നില്‍ക്കുവാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിലെ സ്ഥിതിഗതികള്‍ മെച്ചമായി വരുന്നുവെന്ന വിവരം സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പാക് താരങ്ങള്‍ക്ക് ലഭിയ്ക്കുന്നുണ്ടെന്നും അവര്‍ക്ക് അതില്‍ വിശ്വാസമുള്ളതിനാലുമാണ് ബാക്കിയെല്ലാവരും പരമ്പരയ്ക്ക് തയ്യാറായതെന്നും മിസ്ബ വിശദീകരിച്ചു.

ഹൈദര്‍ അലിയില്‍ നിക്ഷേപിക്കുവാന്‍ ഇത് യഥാര്‍ത്ഥ സമയം

19 വയസ്സുകാരന്‍ ഹൈദര്‍ അലിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പറ്റിയ സമയാണിപ്പോളെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. പിഎസ്എലില്‍ 239 റണ്‍സ് നേടിയ താരം അണ്ടര്‍ 19 ലോകകപ്പിലും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അത് ശ്രദ്ധയില്‍ പെട്ട മിസ്ബ താരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കുകയായിരുന്നു.

പ്രാദേശിക സീസണിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഭാവി വാഗ്ദാനമാണെന്നും അണ്ടര്‍ 19 നിലവാരത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന താരമാണെങ്കിലും ഇപ്പോളാണ് താരത്തില്‍ നിക്ഷേപിക്കുവാന്‍ പറ്റിയ അനുയോജ്യമായ സമയെന്നും മിസ്ബ വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രികക്റ്രിലും മികച്ച ശരാശരിയാണ് താരത്തിനുള്ളതെന്നും മിസ്ബ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ബംഗ്ലാദേശിലേക്കുള്ള എമേര്‍ജിംഗ് ടീമില്‍ താരത്തിന് അവിടെ ശതകം നേടുവാനായിരുന്നു പിന്നീട് പിഎസ്എലിലെ പ്രകടനവും ശ്രദ്ധേയമായിരുന്നുവെന്നും എല്ലാ ഫോര്‍മാറ്റിലും താരം മികവ് പുലര്‍ത്തുമെന്ന് ഉറപ്പാണെന്നും മിസ്ബ വ്യക്തമാക്കി.

ബാബര്‍ അസമിന്റെ ബാറ്റിംഗിലെ പിഴവ് പരിഹരിക്കുവാന്‍ മിസ്ബ മുന്നോട്ട് വരണം – ആമീര്‍ സൊഹൈല്‍

പാക്കിസ്ഥാന്‍ ക്യാപ്റ്റനും ഭാവിയില്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റെ ബാറ്റിംഗില്‍ പിഴവുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം ആമീര്‍ സൊഹൈല്‍. 2015ല്‍ അരങ്ങേറ്റം നടത്തിയ അന്ന് മുതല്‍ താരം പാക്കിസ്ഥാന്‍ ബാറ്റിംഗിന്റെ നെടുംതൂണായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ കവര്‍ ഡ്രൈവ് അത്രയധികം മനോഹരമായ കാഴ്ചയാണെന്നാണ് ഏവരും പറയുന്നത്.

നിലവില്‍ ടി20യില്‍ ഒന്നാം റാങ്കിലുള്ള ബാബര്‍ അസമിന്റെ സ്റ്റാന്‍സ് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് ആമീര്‍ സൊഹൈല്‍ പറയുന്നത്. ഈ സ്റ്റാന്‍സ് കാരണം താരം ബൗള്‍ഡ് ആകുവാനോ എല്‍ബിഡബ്ല്യു ആകുവാനോയുള്ള സാധ്യത കൂടുതലാണെന്നും ആമീര്‍ സൊഹൈല്‍ വ്യക്തമാക്കി. ഇത് മെച്ചപ്പെടുത്തി മികച്ച പൊസിഷനിലേക്ക് താരം എത്തിയാല്‍ പിന്നെ ബൗളര്‍മാര്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം താരം പുലര്‍ത്തുമെന്നും മുന്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍ വ്യക്തമാക്കി.

മിസ്ബ ഉള്‍ ഹക്ക് ഇത് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടാകുമെന്നും അമീര്‍ സൊഹൈല്‍ വ്യക്തമാക്കി. അതിന് വേണ്ട മാറ്റങ്ങള്‍ പാക്കിസ്ഥാന്‍ കോച്ച് ശുപാര്‍ശ ചെയ്ത ലോകത്തിലെ ബൗളര്‍മാര്‍ക്ക് പേടി സ്വപ്നമായി അസമിനെ മാറ്റുമെന്നും ആമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബാബര്‍ അസം സിംഗിളുകളും ഡബിളുകളും നേടി സ്ട്രൈക്ക് ഷഫിള്‍ ചെയ്യുവാനും പഠിക്കണമെന്നും ഇപ്പോള്‍ താരത്തിന്റെ 40 ശതമാനം റണ്‍സും ബൗണ്ടറിയിലൂടെയാണ് പിറക്കുന്നതും ഇതില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്നും സൊഹൈല്‍ വ്യക്തമാക്കി.

ബൗളര്‍മാര്‍ അറിയാതെ തുപ്പല്‍ ഉപയോഗിച്ചേക്കാം, അത് അവരുടെ സ്വാഭാവിക പ്രതികരണം, മാസ്ക് നിര്‍ബന്ധമാക്കേണ്ടി വരും – മിസ്ബ ഉള്‍ ഹക്ക്

ബൗളര്‍മാര്‍ വിയര്‍പ്പോ തുപ്പലോ പന്ത് ഷൈന്‍ ചെയ്യുവാന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഐസിസി വിലക്കിയിട്ടുണ്ടെങ്കിലും അത് അത്ര പ്രായോഗികമല്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ കോച്ചും മുന്‍ നായകനുമായ മിസ്ബ ഉള്‍ ഹക്ക്. ബൗളര്‍മാരുടെ സ്വാഭാവിക പ്രതികരണമാണ് പന്തില്‍ തുപ്പല്‍ തേയ്ക്കുക. അവര്‍ അത് കാലങ്ങളായി ചെയ്ത് വരുന്ന കാര്യമാണ്, അതിനാല്‍ തന്നെ പെട്ടെന്നൊരു ദിവസം അത് വിലക്കിയാല്‍ അവര്‍ അത് ചെയ്യില്ലെന്ന് ഉറപ്പിക്കാനാകില്ലെന്ന് മിസ്ബ വ്യക്തമാക്കി.

ഇത് ബൗളര്‍മാരുടെ ഒരു ശീലമാണ്, അവര്‍ ക്രിക്കറ്റ് കളിക്കുന്ന കാലം മുതല്‍ ചെയ്ത് വരുന്നത്, അതിനാല്‍ പെട്ടെന്ന് അത് അവസാനിപ്പിക്കാനാകില്ല. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനൊപ്പം ബൗളര്‍മാരെ മാസ്ക് ധരിപ്പിക്കേണ്ടിയും വരും ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനെന്ന് മിസ്ബ വ്യക്തമാക്കി.

തന്റെ അഭിപ്രായത്തില്‍ അവര്‍ തുപ്പല്‍ പുരട്ടുന്നത് തടയുന്നതിനായി മാസ്കോ മറ്റു വല്ല പ്രതിരോധ ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മിസ്ബ വ്യക്തമാക്കി.

കോഹ്‍ലിയുടെയും സ്മിത്തിന്റെയും അതേ നിലവാരത്തിലേക്ക് ബാബര്‍ അസം അടുത്തുകൊണ്ടിരിക്കുന്നു – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇന്ന് ഏറ്റവും അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന താരമാണ് ബാബര്‍ അസം. അദ്ദേഹത്തെ വിരാട് കോഹ്‍ലിയുമായാണ് പല ക്രിക്കറ്റ് പണ്ഡിതന്മാരും വാഴ്ത്തുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിലുള്ള താരം കോഹ്‍ലിയുടെ നിലവാരത്തിലേക്ക് ഉയരുവാന്‍ ഇനിയും ഏറെ മുന്നോട്ട് നടക്കേണ്ടതുണ്ടെങ്കിലും ഭാവി താരമായി വാഴ്ത്തപ്പെടേണ്ടയാള് തന്നെയാണ് ബാബര്‍ അസം എന്നതില്‍ സംശയമില്ല.

അടുത്തിടെയാണ് ടി20 ക്യാപ്റ്റനായ താരത്തെ പാക്കിസ്ഥാന്റെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായി നിയമിച്ചത്. ഇപ്പോള്‍ ടീം കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബ ഉള്‍ ഹക്കും താരത്തിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ്.

ബാബര്‍ വിരാട് കോഹ്‍ലിയുടെയും സ്റ്റീവ് സ്മിത്തിന്റെയും അതേ നിലവാരത്തിലേക്ക് എത്തുവാന്‍ വളരെ അടുത്ത് കഴിഞ്ഞുവെന്നാണ് മിസ്ബ വ്യക്തമാക്കിയത്. ഐസിസിയുടെ ടി20 റാങ്കിംഗ് പ്രകാരം നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാബര്‍ അസം.

ഇന്ന് ലോക ക്രിക്കറ്റില്‍ ഏത് ഫോര്‍മാറ്റിലായാലും മികച്ചവരെന്ന് വാഴ്ത്തപ്പെടുന്ന താരങ്ങളാണ് വിരാട് കോഹ്‍ലിയും സ്റ്റീവ് സ്മിത്തും. അവര്‍ക്കൊപ്പം അധികം വൈകാതെ ബാബര്‍ അസം എത്തുമെന്നും മിസ്ബ വെളിപ്പെടുത്തി.

ഇത്തരം താരതമ്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെങ്കിലും ബാബര്‍ അസം ഉടന്‍ തന്നെ ലോകോത്തര ബാറ്റ്സ്മാനായി വാഴ്ത്തപ്പെടുമെന്നും ബാബര്‍ അസം വ്യക്തമാക്കി. കോഹ്‍ലിയുടെയും സ്മിത്തിന്റെയും പോലെയുള്ള വര്‍ക്ക് എത്തിക്സ് ആണ് താരത്തിന്റെയെന്നും പ്രതിഭയിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന താരമാണ് ബാബറെന്നും മിസ്ബ ഉള്‍ ഹക്ക് അഭിപ്രായപ്പെട്ടു.

Exit mobile version