സഹായിക്കുവാന്‍ സീനിയര്‍ താരങ്ങളുണ്ടാകും, മിസ്ബ ഉള്‍ഹക്കിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആത്മവിശ്വാസം നല്‍കും

പാക്കിസ്ഥാന്റെ പുതിയ ഏകദിന നായകനായി ബാബര്‍ അസമിനെ നിയമിച്ചപ്പോളും ബോര്‍ഡ് ടീമിന്റെ വൈസ് ക്യാപ്റ്റനെ നിയമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തനിക്ക് സഹായവുമായി സീനിയര്‍ താരങ്ങളും കോച്ച് മിസ്ബ ഉള്‍ ഹക്കും ഉണ്ടെന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം വ്യക്തമാക്കി.

ക്യാപ്റ്റന്‍സിയില്‍ തീര്‍ച്ചയായും ഉയര്‍ച്ച താഴ്ചകളുണ്ടാകും. എപ്പോളും മത്സരങ്ങള്‍ ജയിക്കുവാന്‍ സാധിക്കില്ല, തിരിച്ചടി എന്നായാലുമുണ്ടാകും അപ്പോളെല്ലാം സീനിയര്‍ താരങ്ങള്‍ പിന്തുണയുമായി ഉണ്ടാകുമെന്ന് ബാബര്‍ വ്യക്തമാക്കി. മുഖ്യ കോച്ച് മിസ്ബയുടെ സാന്നിദ്ധ്യം തനിക്ക് ആത്മവിശ്വാസം ഏകുന്നതാണെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

തനിക്ക് ഉപദേശം വേണ്ട സമയത്ത് താന്‍ സീനിയര്‍ താരങ്ങളെ സമീപിക്കുമെന്നും തന്നെ വളര്‍ത്തിയെടുത്തത് പോലെ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ മനസ്സില്‍ ഒരു വൈസ് ക്യാപ്റ്റന്റെ നാമവും ഉണ്ടാകുമെന്ന് ബാബര്‍ വ്യക്തമാക്കി.

ക്യാപ്റ്റനാകുന്നതോടെ ബാബര്‍ അസമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടും – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്‍ പുതിയ ഏകദിന നായകനായി നിയമിച്ച ബാബര്‍ അസത്തിന് പുതിയ ചുമതലയുടെ സമ്മര്‍ദ്ദമൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബ ഉള്‍ ഹക്ക്. പാക്കിസ്ഥാന്റെ ടി20 നായകനായിരുന്ന ബാബര്‍ അതിന് ശേഷം ടെസ്റ്റിലെ പ്രകടനം വലിയ രീതിയില്‍ മെച്ചപ്പെടുത്തിയിരുന്നുവെന്നും ഇത്തരം വെല്ലുവിളികള്‍ താല്പര്യപ്പെടുന്ന വ്യക്തിയാണ് താരമെന്നും മിസ്ബ പറഞ്ഞു.

സമാനമായ രീതിയില്‍ ഏകദിന ക്യാപ്റ്റന്‍സി കൂടി വന്നാലും താരത്തിന് തന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നും മിസ്ബ വ്യക്തമാക്കി. പാക്കിസ്ഥാനെ അടുത്ത ലോകകപ്പ് കഴിയുന്നത് വരെ നയിക്കുക എന്ന ക്ഷ്യത്തോടെയാണ് ബാബര്‍ അസമിനെ ഏകദിനത്തില്‍ ക്യാപ്റ്റനാക്കിയത്. നിലവില്‍ ടി20 ക്യാപ്റ്റനും ടീമിന്റെ ഒന്നാം നമ്പര്‍ താരവുമായ ബാബറിനെ ഏകദിന നായകനായി ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള ഏറ്റവും മികച്ച സമയം കൂടിയാണ് ഇതെന്നും മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

പാക്കിസ്ഥാന്റെ കേന്ദ്ര കരാര്‍ ആര്‍ക്കെല്ലാമെന്ന് നാളെ അറിയാം, പട്ടിക ബോര്‍ഡിന് നല്‍കി കോച്ച് മിസ്ബ ഉള്‍ ഹക്ക്

2020-21 സീസണിലേക്കുള്ള പാക് താരങ്ങളുടെ കേന്ദ്ര കരാര്‍ നാളെ പ്രഖ്യാപിക്കും. ടെസ്റ്റ് ക്രിക്കറ്റിന് പ്രാമുഖ്യം നല്‍കി കൂടുതല്‍ വേതനം ആ ഗണത്തിലുള്ളവര്‍ക്ക് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാന്‍ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായ മിസ്ബ ഉ‍ള്‍ ഹക്ക് തന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ പട്ടിക പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന് കൈമാറിയെന്നാണ് അറിയുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച മുഹമ്മദ് അമീര്‍, വഹാബ് റിയാസ് എന്നിവരെ തരം താഴ്ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമാനമായ രീതിയില്‍ മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനും തന്റെ കരാര്‍ നഷ്ടമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യസീര്‍ ഷായും ബാബര്‍ അസമും മാത്രണാണ് എ വിഭാഗം കരാറിന് കഴിഞ്ഞ തവണ അര്‍ഹരായത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി റമീസ് രാജ, കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആവശ്യപ്പെട്ട് മുന്‍ താരം

പാക്കിസ്ഥാന്‍ ഭാവിയിലേക്കുള്ള ടീമിനെ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പുകളാണ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടതെന്ന ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജ. കഴിഞ്ഞ കുറച്ച് കാലമായി മോശം കാലഘട്ടത്തിലൂടെ പോകുന്ന ടീമിന്റെ പുതിയ കോച്ചും സെലക്ടറുമായി മിസ്ബയോടും ടി20 നായകന്‍ ബാബര്‍ അസമിനോടുമുള്ള റമീസിന്റെ ഉപദേശം പുതുമുഖ താരങ്ങള്‍ക്ക് ടി20യില്‍ അവസരം നല്‍കണമെന്നാണ്.

മിക്കി ആര്‍തറിന് ശേഷം കോച്ചായി എത്തിയ മിസ്ബ ആദ്യ പരമ്പരയ്ക്ക് ശേഷം ടി20യില്‍ നിന്ന് സര്‍ഫ്രാസിനെ ഒഴിവാക്കിയിരുന്നു. പിന്നീടുള്ള പരമ്പരയില്‍ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഒഴിവാക്കിയ പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്.

ഇതിന് ശേഷവും ഫലം വ്യത്യസ്തമാകാതിരുന്നപ്പോള്‍ ഹഫീസും മാലിക്കും തിരികെ ടീമിലേക്ക് എത്തി. എന്നാല്‍ റമീസ് രാജയുടെ അഭിപ്രായത്തില്‍ ടി20യില്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നാണ്. ടി20 ഫോര്‍മാറ്റ് തന്നെ യുവതാരങ്ങള്‍ക്കുള്ളതാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീനിയര്‍ താരങ്ങളെ ഒഴിവാക്കേണ്ട സമയം കഴിഞ്ഞുവെന്നും റമീസ് രാജ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബോര്‍ഡും മിസ്ബയും പാക്കിസ്ഥാന്റെ ഭാവിയെ മുന്‍ നിര്‍ത്തിയുള്ള ടീം സെലക്ഷനാണ് നടത്തേണ്ടതെന്നും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിക്കുന്ന ഒട്ടനവധി പ്രതിഭകള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിലുണ്ടെന്നും റമീസ് രാജ വ്യക്തമാക്കി.

പത്ത് വര്‍ഷങ്ങള്‍ മുമ്പ് താന്‍ താരമായി കളിച്ചു, ഇന്ന് കോച്ചായി തന്റെ കരിയര്‍ ഇതേ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു

കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരം ഏറെ വികാരനിര്‍ഭരം ആയിരിക്കുമെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. പത്ത് വര്‍ഷം മുമ്പ് ഇവിടെ അവസാനമായി ഏകദിനം നടന്നപ്പോള്‍ താന്‍ കളിച്ചിരുന്നു, അന്ന് ശ്രീലങ്കയായിരുന്നു എതിരാളികള്‍. ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പാക്കിസ്ഥാന്റെ കോച്ചായി താന്‍ ആരംഭിക്കുന്നതും ഇതേ നാഷണല്‍ സ്റ്റേഡിയത്തില്‍ തന്നെയെന്നതും എതിരാളി ശ്രീലങ്കയാണെന്നുള്ളതും വളരെ പ്രത്യേകത നിറഞ്ഞ കാര്യമാണെന്ന് മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

തന്റെ കരിയറിന്റെ ആദ്യ ദിവസങ്ങളില്‍ ഏറെ പിന്തുണ നല്‍കിയ ആരാധകര്‍ക്ക് മുന്നില്‍ ഉപ നായകനായി വീണ്ടും കളിക്കാനെത്തുകയെന്നത് വലിയ നിമിഷമാണെന്ന് ാബര്‍ അസം പറഞ്ഞു. വെള്ളിയാഴ്ച നാഷണല്‍ സ്റ്റേഡിയം കറാച്ചിയില്‍ മത്സരം നടക്കുന്ന ദിവസം തന്റെ കരിയറിലെ അവിസ്മരണീയ നിമിഷമായിരിക്കുമെന്നും താരം പറഞ്ഞു.

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബയെ നിയമിച്ചു, വഖാര്‍ യൂനിസ് ബൗളിംഗ് കോച്ച്

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറമായി മിസ്ബ ഉള്‍ ഹക്കിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മിക്കി ആര്‍തറിന് പകരം കോച്ചായി എത്തുന്ന മിസ്ബ ഇന്‍സമാം ഉള്‍ ഹക്കിന് പകരമാണ് ചീഫ് സെലക്ടര്‍ പദവയിലേക്ക് എത്തുന്നത്. മുന്‍ പാക്കിസ്ഥാന്‍ നായകനായിരുന്ന താരം വിരമിച്ച ശേഷം 2 തവണ പിഎസ്‍എല്‍ വിജയിച്ച ഇസ്ലാമാബാദ് യുണൈറ്റഡിന്റെ നായകനുമായിരുന്നു.

മിസ്ബയ്ക്ക് പുറമെ ഡീന്‍ ജോണ്‍സിനെയും കോച്ചിംഗ് സ്ഥാനത്തേക്ക് പാക്കസ്ഥാന്‍ പരിഗണിച്ചിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ കൂടുതല്‍ മനസ്സിലാക്കുന്ന മിസ്ബയുടെ നിയമനം മികച്ചതാവുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ഇതിഹാസ താരം വഖാര്‍ യൂനിസിനെയും നിയമിച്ചിട്ടുണ്ട്.

മിസ്ബയും യൂനിസ് ഖാനും പോയതോടെ പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്ഷയിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് കാരണം മിസ്ബ-ഉള്‍-ഹക്ക്, യൂനിസ് ഖാന്‍ എന്നിവര്‍ സൃഷ്ടിച്ച വലിയ വിടവുകളാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലി. ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും മെച്ചപ്പെടുവാന്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടിന് പുറത്ത് ജയിക്കേണ്ടിയിരിക്കുന്നുവെന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു. ഏഷ്യന്‍ സാഹചര്യങ്ങളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും പാക്കിസ്ഥാന്‍ വിജയം രചിച്ചാല്‍ മാത്രമേ ടീമിന്റെ റാങ്കിംഗ് മെച്ചപ്പെടുകയുള്ളുവെന്ന് അസ്ഹര്‍ അലി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഏകദിനത്തില്‍ നിന്ന് വിരമിച്ച അസ്ഹര്‍ അലി രാജ്യത്തിനായി 53 ഏകദിനങ്ങളില്‍ കളിച്ചിരുന്നു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പാക്കിസ്ഥാന്‍ ടീമിലെ അംഗമായിരുന്നു അസ്ഹര്‍ അലി.

പാക്കിസ്ഥാന്‍ കോച്ചാവാന്‍ ഡീന്‍ ജോണ്‍സും

പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഡീന്‍ ജോണ്‍സ് പാക്കിസ്ഥാന്‍ പരിശീലകനാകുവാനുള്ള അപേക്ഷ നല്‍കിയതായാണ് അറിയുവാന്‍ കഴിയുന്നത്. മിസ്ബ ഉള്‍ ഹക്കിനെ കോച്ചിംഗ് സ്ഥാനത്തേക്ക് പാക്കിസ്ഥാന്‍ പരിഗണിച്ചേക്കുമെന്ന വാര്‍ത്ത പുറത്ത് വരുന്നതിനിടെയാണ് ഈ പുതിയ വിവരം എത്തുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി സഹകരിച്ചത് വഴി പാക്കിസ്ഥാന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ളയാളാണ് ഡീന്‍ ജോണ്‍സ്.

ഇസ്ലാമാബാദ് യുണൈറ്റഡിന്റെ കോച്ചായിരുന്നപ്പോള്‍ കിരീടം നേടുവാന്‍ ടീമിനെ സഹായിച്ചത് ഡീന്‍ ജോണ്‍സായിരുന്നു. അന്നത്തെ ടീമിന്റെ നായകനായിരുന്ന മിസ്ബയാണ് മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി എന്നതും രസകരമായ വസ്തുതയാണ്.

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മിസ്ബ ഉള്‍ ഹഖ് നയിക്കും

പുതിയ ക്രിക്കറ്റ് സീസണ് മുന്നോടിയായിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മുൻ ക്യാപ്റ്റൻ മിസ്ബ ഉള്‍ ഹഖിന്റെ നേതൃത്വത്തിൽ നടക്കും. 20 പാകിസ്ഥാൻ താരങ്ങൾക്ക് 17 ദിവസത്തെ പ്രീ സീസൺ പരിശീലനം ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയിരിക്കുന്നത്. 14 മുഖ്യ കരാർ ഉള്ള താരങ്ങളെ കൂടാതെ 6 മറ്റു താരങ്ങളും ഈ ക്യാമ്പിൽ പങ്കെടുക്കും. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിവെച്ച് ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെയാണ് ക്യാമ്പ്.

നേരത്തെ ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായിരുന്ന മികി ആർതറുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കരാർ പുതുക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് പരിശീലന ക്യാമ്പ് നയിക്കാൻ മുൻ നായകൻ കൂടിയായ മിസ്ബ ഉള്‍ ഹഖിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. കൂടാതെ പാകിസ്ഥാന്റെ പരിശീലകനായി മിസ്ബ ഉള്‍ ഹഖിനെ നിയമിക്കാനും സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മിക്കി ആര്‍തറിന് പകരക്കാരനായി എത്തുന്നത് മിസ്ബ ഉള്‍ ഹക്കോ?

പാക്കിസ്ഥാന്‍ മുഖ്യ കോച്ചായിരുന്ന മിക്കി ആര്‍തര്‍ക്ക് പകരക്കാരനായി എത്തുന്നവരുടെ പട്ടികയില്‍ ഏറ്റവും പ്രധാനി മുന്‍ പാക് നായകനും സൂപ്പര്‍ താരവുമായ മിസ്ബ ഉള്‍ ഹക്ക് എന്ന് ശക്തമായ അഭ്യൂഹങ്ങള്‍. പാക് മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരമാണ് ഈ വിവരം ലഭിയ്ക്കുന്നത്. ലോകകപ്പിന് ശേഷം രണ്ട് വര്‍ഷത്തേക്ക് കൂടി തന്റെ കാലാവധി നീട്ടുവാന്‍ മിക്കി ആര്‍തര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാക് ബോര്‍ഡ് എത്തിയത്.

മിക്കി ആര്‍തര്‍ക്കും മറ്റ് മൂന്ന് സഹ പരിശീലകര്‍ക്കും കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പാക്കിസ്ഥാനല്‍ ഏവര്‍ക്കും സ്വീകാര്യനായ താരമായിരുന്നു മിസ്ബ ഉള്‍ ഹക്ക്.

ഹര്‍ഭജന്‍ പറയുന്നത് ശരി, ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സാധ്യത എന്നാല്‍ പാക്കിസ്ഥാനെ എഴുതി തള്ളരുത്

ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായ യുക്തിസഹജമാണെങ്കിലും പാക്കിസ്ഥാനെ എഴുതി തള്ളുവാനാകില്ലെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ഇരുവരും പങ്കെടുത്ത ഒരു ചര്‍ച്ചയിലാണ് ഈ അഭിപ്രായം മുന്‍ പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞത്. പാക്കിസ്ഥാനെക്കാള്‍ മികച്ച സാധ്യത ഇന്ത്യയ്ക്കെന്നത് സത്യമാണ് പക്ഷേ പാക്കിസ്ഥാന്‍ അപകടകാരിയായ ടീമാണെന്നത് മറക്കരുതെന്നും ടീമിനെ അനായാസം തോല്പിക്കാമെന്ന് ഇന്ത്യ കരുതിയാല്‍ അത് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച ടീം നേരിടുകയായിരുന്നുവെന്ന് എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുവാനുള്ള ശേഷിയുള്ള ടീമാണ് പാക്കിസ്ഥാനെന്നും മിസ്ബ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റിംഗ് വൈര്യം കടുത്തതാണെന്ന് പറഞ്ഞ മിസ്ബ 90കളില്‍ പാക്കിസ്ഥാന്‍ അതിശക്തമായ സമയത്തും ലോകകപ്പില്‍ ഇന്ത്യ തന്നെയാണ് വിജയിച്ചിരുന്നതെന്നും ഇപ്പോള്‍ ഇന്ത്യ ശക്തരാകുമ്പോള്‍ പാക്കിസ്ഥാന് ജയിക്കുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്ന് പറഞ്ഞു.

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ക്വേറ്റ മറികടക്കുകയായിരുന്നു.

കമ്രാന്‍ അക്മലും മിസ്ബ ഉള്‍ ഹക്കും 49 റണ്‍സ് വീതം നേടിയാണ് പേഷ്വാര്‍ നിരയില്‍ തിളങ്ങിയത്. മിസ്ബ പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണും 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഷൊയ്ബ് മക്സൂദ് 26 റണ്‍സ് നേടി. ക്വേറ്റയ്ക്ക് വേണ്ടി മുഹമ്മദ് നവാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഗുലാം മുദ്ദാസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഉമര്‍ അക്മലും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ അഹമ്മദ് ഷെഹ്സാദിനെ നഷ്ടമായ ക്വേറ്റയ്ക്ക് ഷെയിന്‍ വാട്സണെയും(19), റിലീ റൂസോവിനെയും(19) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഉമര്‍ അക്മല്‍ 50 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 37 റണ്‍സുമായി ഉമറിനു മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്ന ഉമര്‍ അക്മലിനൊപ്പം 11 റണ്‍സുമായി ഡ്വെയിന്‍ സ്മിത്തുമാണ് വിജയ സമയത്ത് ക്വേറ്റയ്ക്കായി ക്രീസിലുണ്ടായിരുന്നത്. പേഷ്വാറിനു വേണ്ടി വഹാബ് റിയാസ് തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് 2 വിക്കറ്റ് നേടി. വെറും 18 റണ്‍സാണ് താരം തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.

Exit mobile version