ബ്രേസ്വെല്ലിന് ലോകകപ്പ് നഷ്ടമാകും

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ മൈക്കൽ ബ്രേസ്വെല്ലിന് ലോകകപ്പ് നഷ്ടമാകും. ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റിനിടെ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായിരിക്കുന്നത്. ആറ് മുതൽ എട്ട് മാസത്തോളം താരം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ബ്രേസ്വെല്‍ നാളെ യുകെയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

നേരത്തെ കെയിന്‍ വില്യംസണും പരിക്കേറ്റ് ലോകകപ്പിൽ കളിക്കുവാന്‍ സാധ്യതയില്ലെന്നതിനാൽ തന്നെ ഇത് ന്യൂസിലാണ്ടിന് കനത്ത തിരിച്ചടിയാണ്. മാര്‍ച്ച് 2022ൽ ഏകദിന അരങ്ങേറ്റം കുറിച്ച മൈക്കൽ ഇതുവരെ 19 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയ്ക്കെതിരെ 78 പന്തിൽ നിന്ന് 140 റൺസ് നേടിയതാണ് താരത്തിന്റെ ശ്രദ്ധേയമായ പ്രകടനം.

വീണ്ടും ക്ലാസ്സിക് ക്ലാസ്സന്‍!!! സൺറൈസേഴ്സിന് 186 റൺസ്

ഹെയിന്‍റിച്ച് ക്ലാസ്സന്റെ ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 186 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. അഭിഷേക് ശര്‍മ്മയെയും(11), രാഹുല്‍ ത്രിപാഠിയെയും(15) ഒരേ ഓവറിൽ മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കിയപ്പോള്‍ 28/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു.

അവിടെ നിന്നു മൂന്നാം വിക്കറ്റിൽ 76 റൺസ് നേടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49/2 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് പത്തോവര്‍ കടക്കുമ്പോള്‍ 81 റൺസായിരുന്നു നേടിയത്.

ക്ലാസ്സന്‍ 24 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിന് തന്റെ ഇന്നിംഗ്സിന് വേഗത കൂട്ടുവാന്‍ കഴിഞ്ഞില്ല. 20 പന്തിൽ നിന്ന് 18 റൺസായിരുന്നു സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം നേടിയത്.  മാര്‍ക്രം പുറത്താക്കുമ്പോള്‍ 104/3 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്.  ക്ലാസ്സനും ഹാരി ബ്രൂക്കും അതിവേഗത്തിൽ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റിൽ 74 റൺസാണ് സൺറൈസേഴ്സ് നേടിയത്.

49 പന്തിൽ നിന്ന് ക്ലാസ്സന്‍ തന്റെ ശതകം തികച്ചപ്പോള്‍ താരം 51 പന്തിൽ 101 റൺസിന് പുറത്തായി. 8 ഫോറും 6 സിക്സുമാണ് ക്ലാസ്സന്റെ സംഭാവന. ഹാരി ബ്രൂക്ക് 19 പന്തിൽ പുറത്താകാതെ 27 റൺസ് നേടി. 4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ട് നൽകിയ മൊഹമ്മദ് സിറാജ് ആണ് ആര്‍സിബി ബൗളര്‍മാരിൽ തിളങ്ങിയത്.

വിൽ ജാക്‌സിന് പകരം ബ്രേസ്‌വെൽ ആർ സി ബിയിൽ

വിൽ ജാക്‌സിന് പകരക്കാരനായാണ് മൈക്കൽ ബ്രേസ്‌വെൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് എത്തും. 2023 ലെ ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ന് ഇംഗ്ലണ്ട് ബാറ്റർ വിൽ ജാക്‌സിന് പകരക്കാരനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ന്യൂസിലൻഡിന്റെ മൈക്കൽ ബ്രേസ്‌വെല്ലിനെ സൈൻ ചെയ്‌തു.

പരിക്ക് മൂലം ടൂർണമെന്റിൽ നിന്ന് പുറത്തായ ജാക്‌സിനെ 3.2 കോടി രൂപയ്ക്കായിരുന്നു ഫ്രാഞ്ചൈസി വാങ്ങിയത്. പകരക്കാരനായ ബ്രേസ്‌വെൽ 16 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 113 റൺസും 21 വിക്കറ്റും നേടിയിട്ടുണ്ട്. അടിസ്ഥാന വിലയായ INR 1 കോടിയിൽ ആകും അദ്ദേഹം RCB-യിൽ ചേരുക.

ബ്രേസ്‍വെൽ കൊടുങ്കാറ്റിൽ പതറിയെങ്കിലും 12 റൺസ് വിജയവുമായി ഇന്ത്യ

മൈക്കൽ ബ്രേസ്‍വെൽ ക്രീസിൽ നിന്നപ്പോള്‍ ഇന്ത്യ വിജയം കൈവിട്ടുവെന്ന് കരുതിയെങ്കിലും അവസാന ഓവറിൽ ശര്‍ദ്ധുൽ താക്കുറിന് മുന്നിൽ മൈക്കൽ വീണപ്പോള്‍ 12 റൺസ് വിജയവുമായി ഇന്ത്യ.78 പന്തിൽ 140 റൺസ് നേടിയ ബ്രേസ്‍വെൽ 12 ഫോറും 10 സിക്സും അടക്കം നേടിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചത്. 350 റൺസ് വിജയ ലക്ഷ്യം തേടിയറങ്ങിയ ന്യൂസിലാണ്ട് 49.2 ഓവറിൽ 337 റൺസിന് ഓള്‍ഔട്ട് ആയി.

മൈക്കൽ ബ്രേസ്‍വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് മുന്നിൽ പതറിയ ഇന്ത്യ ഒടുവിൽ 12 റൺസ് വിജയവുമായി തടിതപ്പുകയായിരുന്നു. അവസാന രണ്ടോവറിൽ 24 റൺസ് വേണ്ട ന്യൂസിലാണ്ടിനെ 49ാം ഓവറിൽ വെറും 4 റൺസ് വിട്ട് നൽകി ഹാര്‍ദ്ദിക് അവസാന ഓവറിൽ ലക്ഷ്യം 20 റൺസാക്കി മാറ്റി.

ശര്‍ദ്ധുൽ താക്കുര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പറത്തി ബ്രേസ്‍വെൽ ഇന്ത്യന്‍ ആരാധകരെ നിരാശയിലാക്കി. രണ്ടാമത്തെ പന്ത് വൈഡ് എറിഞ്ഞതോടെ ലക്ഷ്യം 5 പന്തിൽ 13 റൺസായെങ്കിലും അടുത്ത പന്തിൽ താക്കുര്‍ ബ്രേസ്‍വെല്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

57 റൺസ് നേടിയ മിച്ചൽ സാന്റനര്‍, 40 റൺസ് നേടിയ ഫിന്‍ അല്ലൻ എന്നിവരാണ് ന്യൂസിലാണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യന്‍ നിരയിൽ വെറും 46 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജ് ബൗളിംഗിൽ കസറിയപ്പോള്‍ കുൽദീപ് യാദവും ശര്‍ദ്ധുൽ താക്കുറും 2 വീതം വിക്കറ്റ് നേടി.

ശുഭ്മന്‍ ഗിൽ നേടിയ ഇരട്ട ശതകം ആണ് ഇന്ത്യയ്ക്ക് 349/8 എന്ന മികച്ച സ്കോര്‍ നൽകിയത്.

ആവേശ സമനിലയിൽ പിരിഞ്ഞ് പാക്കിസ്ഥാനും ന്യൂസിലാണ്ടും

കറാച്ചിയിലെ രണ്ടാം ടെസ്റ്റും സമനിലയിൽ അവസാനിച്ചപ്പോള്‍ ആദ്യ ടെസ്റ്റിൽ നിന്ന് വിഭിന്നമായി ആവേശകരമായ സമനിലയായിരുന്നു രണ്ടാം ടെസ്റ്റിൽ. പാക്കിസ്ഥാന്‍ വിജയത്തിന് 15 റൺസ് അകലെ എത്തിയപ്പോള്‍ ന്യൂസിലാണ്ട് വിജയത്തിന് ഒരു വിക്കറ്റ് അകലെ വരെ എത്തുകയായിരുന്നു.

അവസാന സെഷനിൽ 31 ഓവറിൽ നിന്ന് 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 140 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. 32 റൺസ് നേടിയ സൗദ് ഷക്കീലിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ 203 റൺസായിരുന്നു നേടിയിരുന്നത്. ബ്രേസ്‍വെല്ലിനായിരുന്നു വിക്കറ്റ്.

പകരമെത്തിയ അഗ സൽമാന്‍ 40 പന്തിൽ നിന്ന് 30 റൺസ് നേടിയപ്പോള്‍ സര്‍ഫ്രാസുമായി ചേര്‍ന്ന് 70 റൺസാണ് ഏഴാം വിക്കറ്റിൽ പാക്കിസ്ഥാന്‍ നേടിയത്. അഗ സൽമാനെ മാറ്റ് ഹെന്‍റി പുറത്താക്കിയപ്പോള്‍ ഹസന്‍ അലിയെ വീഴ്ത്തി ടിം സൗത്തി ന്യൂസിലാണ്ടിന് വിജയ പ്രതീക്ഷ നൽകി.

118 റൺസ് നേടിയ സര്‍ഫ്രാസ് അഹമ്മദിനെ ബ്രേസ്‍വെൽ മടക്കിയയച്ചപ്പോള്‍ ന്യൂസിലാണ്ട് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ പത്താം വിക്കറ്റിൽ നസീം ഷായും(15*) അബ്രാര്‍ അഹമ്മദും 3.3 ഓവറോളം ഉയര്‍ത്തിയ പ്രതിരോധം ഭേദിക്കുവാന്‍ ന്യൂസിലാണ്ടിന് സാധിക്കാതെ വന്നപ്പോള്‍ പാക്കിസ്ഥാന്‍ വിജയത്തിന് 15 റൺസ് അകലെ വരെ എത്തി.

304/9 എന്ന നിലയിൽ പാക്കിസ്ഥാന്‍ നിൽക്കുമ്പോളാണ് മത്സരം അവസാനിപ്പിക്കുവാനുള്ള അമ്പയര്‍മാരുടെ ശുപാര്‍ശ ഇരു ക്യാപ്റ്റന്മാരും അംഗീകരിച്ചത്.

പൊരുതി നോക്കി അയര്‍ലണ്ട്, മൂന്ന് വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്

ആദ്യ മത്സരത്തിലെ പോലെ ബാറ്റിംഗ് മികച്ച നിന്നില്ലെങ്കിലും ന്യൂസിലാണ്ടിനെതിരെ പൊരുതി വീണ് അയര്‍ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 216 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ടിന് ഈ സ്കോര്‍ മറികടക്കുവാന്‍ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്.

74 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. ആന്‍ഡി മക്ബ്രൈന്‍(28), കര്‍ടിസ് കാംഫര്‍(25), മാര്‍ക്ക് അഡൈര്‍(27*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി ബൗളിംഗിൽ മാറ്റ് ഹെന്‍റി, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫിന്‍ അല്ലന്‍(60), ടോം ലാഥം(55), മൈക്കൽ ബ്രേസ്വെൽ(42*) എന്നിവരാണ് ന്യൂസിലാണ്ടിന്റെ വിജയം ഒരുക്കിയത്. ആദ്യ രണ്ട് പന്തിൽ മാര്‍ട്ടിന്‍ ഗപ്ടിലിനെയും വിൽ യംഗിനെയും പുറത്താക്കി മാര്‍ക്ക് അഡൈര്‍ അയര്‍ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം വിക്കറ്റിൽ ഫിന്‍ അല്ലന്‍ – ടോം ലാഥം കൂട്ടുകെട്ട് 101 റൺസ് നേടിയാണ് തിരികെ മത്സരത്തിലേക്ക് എത്തിച്ചത്.

മുന്നൂറടിച്ച് അയര്‍ലണ്ട്, പക്ഷേ വിജയം ഇല്ല, വാലറ്റത്തോടൊപ്പം നിന്ന് ന്യൂസിലാണ്ട് വിജയം നേടിയത് മൈക്കൽ ബ്രേസ്‍വെല്ലിന്റെ ശതതകത്തിന്റെ ബലത്തിൽ

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ മികച്ച സ്കോര്‍ നേടിയെങ്കിലും വിജയം നേടാനാകാതെ അയര്‍ലണ്ട്. മത്സരത്തിൽ 1 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട് തടിതപ്പുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 300/9 എന്ന സ്കോര്‍ നേടിയപ്പോള്‍ വാലറ്റത്തോടൊപ്പം പുറത്താകാതെ 127 റൺസ് നേടിയ മൈക്കൽ ബ്രേസ്‍വെല്ലിന്റെ ഇന്നിംഗ്സ് ആണ് ന്യൂസിലാണ്ടിന്റെ തുണയ്ക്കെത്തിയത്.

അവസാന ഓവറിൽ 20 റൺസ് വേണ്ടപ്പോള്‍ ബ്രേസ്വെൽ മൂന്ന് ഫോറും 2 സിക്സും നേടിയാണ് അയര്‍ലണ്ടിന്റെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്.

217/8 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് വീണ ശേഷം ബ്രേസ്‍വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. ന്യൂസിലാണ്ടിനായി മാര്‍ട്ടിന്‍ ഗപ്ടിൽ 51 റൺസും ഗ്ലെന്‍ ഫിലിപ്പ്സ് 38 റൺസും നേടി. ഇഷ് സോധി നിര്‍ണ്ണായകമായ 25 റൺസ് നേടിയപ്പോള്‍ ടോം ലാഥം 23 റൺസ് നേടി. അയര്‍ലണ്ടിനായി കര്‍ടിസ് കാംഫര്‍ മൂന്നും മാര്‍ക്ക് അഡൈര്‍ രണ്ടും വിക്കറ്റ് നേടി. ഒരു പന്ത് അവശേഷിക്കെ ഒരു വിക്കറ്റ് കൈവശമുള്ളപ്പോളായിരുന്നു ന്യൂസിലാണ്ടിന്റെ വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് ഹാരി ടെക്ടര്‍ നേടിയ 113 റൺസിന്റെ ബലത്തിൽ 300 റൺസ് നേടുകയായിരുന്നു.കര്‍ടിസ് കാംഫര്‍(43), സിമി സിംഗ്(30), ആന്‍ഡി മക്ബ്രൈന്‍(39) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസൺ, ഇഷ് സോധി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മൈക്കൽ ബ്രേസ്‍വെൽ കോവിഡ് പോസിറ്റീവ്

ന്യൂസിലാണ്ടിന് വേണ്ടി ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ കളിച്ച ഓള്‍റൗണ്ടര്‍ മൈക്കൽ ബ്രേസ്‍വെൽ കോവിഡ് പോസിറ്റീവ്. ടെസ്റ്റ് മത്സരത്തിന് ശേഷമുള്ള പരിശോധനയിലാണ് താരം കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. ഇതോടെ താരം ഐസൊലേഷനിലേക്ക് മാറി. ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണും കോവിഡ് ബാധിതനായി രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

ലക്ഷണങ്ങളോട് കൂടി അടുത്ത ദിവസം എണീറ്റതിന് ശേഷം ബ്രേസ്‍വെൽ ആന്റിജന്‍ ടെസ്റ്റ് നടത്തിയെന്നും അതില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും മീഡിയ റിലീസിൽ ബോര്‍ഡ് അറിയിച്ചു. താരം അഞ്ച് ദിവസത്തെ ഐസൊലേഷന് ശേഷം മാത്രമാകും ടീമിനൊപ്പം ചേരുക. ജൂൺ 23ന് ആണ് ലീഡ്സിൽ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിയ്ക്കുക.

അഞ്ച് വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടിന്റെ ലീഡ് മോഹങ്ങള്‍ക്ക് തിരിച്ചടി

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ട്. മത്സരത്തിന്റെ നാലാം ദിവസം ന്യൂസിലാണ്ട് ട്രെന്റ് ബോള്‍ട്ടിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെ 539 റൺസിൽ ഓള്‍ഔട്ട് ആക്കി 14 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. മൈക്കൽ ബ്രേസ്വെൽ മൂന്ന് വിക്കറ്റ് നേടി.

ഇംഗ്ലണ്ട് അനായാസം ലീഡിലേക്ക് എത്തുമെന്ന കരുതിയ നിമിഷത്തിലാണ് സ്കോര്‍ 516ൽ നില്‍ക്കവേ ജോ റൂട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. 176 റൺസ് നേടിയ റൂട്ടിനെ ബോള്‍ട്ടാണ് പുറത്താക്കിയത്.

ആറാം വിക്കറ്റിൽ 111 റൺസാണ് റൂട്ടും ബെന്‍ ഫോക്സും ചേര്‍ന്ന് നേടിയത്. ബ്രോഡിനെ ബ്രേസ്വെൽ പുറത്താക്കിയപ്പോള്‍ ബെന്‍ ഫോക്സ് റണ്ണൗട്ടായി പുറത്തായി. 56 റൺസാണ് ഫോക്സ് നേടിയത്.

 

ജെയിംസ് നീഷത്തിന് കേന്ദ്ര കരാര്‍ ഇല്ല, കന്നി കരാര്‍ നേടി മൈക്കൽ ബ്രേസ്‍വെൽ

ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു. 20 പേര്‍ക്ക് കരാര്‍ നൽകിയപ്പോള്‍ മൈക്കൽ ബ്രേസ്‍വെല്ലിന് ആദ്യമായി കേന്ദ്ര കരാര്‍ ലഭിച്ചു. അതേ സമയം ജെയിംസ് നീഷത്തിന് കരാര്‍ ഇല്ല.

അജാസ് പട്ടേൽ കേന്ദ്ര കരാര്‍ പട്ടികയിലേക്ക് തിരികെ എത്തുന്നുണ്ട്. റിട്ടയര്‍ ചെയ്ത താരം റോസ് ടെയിലര്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ കരാര്‍ പട്ടികയിൽ ഇല്ലാത്ത മറ്റൊരു താരം. നീഷത്തിനും റോസ് ടെയിലറിനും പകരം അജാസ് പട്ടേലും മൈക്കൽ ബ്രേസ്‍വെല്ലും ടീമിലേക്ക് എത്തുന്നു.

Exit mobile version