ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പം എത്തി സ്മൃതി മന്ഥാന, എന്നാൽ ജയം ഹര്‍മ്മന്‍പ്രീതിന്റെ ടീമിനൊപ്പം

മെൽബേൺ റെനഗേഡ്സിനെതിരെയുള്ള മത്സരത്തിൽ 64 പന്തിൽ നിന്ന് പുറത്താകാതെ 114 റൺസ് നേടിയ സ്മൃതി മന്ഥാന ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പമെത്തി.

2017ൽ സിക്സേര്‍സിന് വേണ്ടി സ്റ്റാറിനെതിരെ 52 പന്തിൽ 114 റൺസ് നേടിയ ആഷ്‍ലൈ ഗാര്‍ഡ്നറുടെ റെക്കോര്‍ഡിനൊപ്പമാണ് സ്മൃതി എത്തിയത്. എന്നാൽ മത്സരത്തിൽ സിഡ്നി തണ്ടര്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിംഗ് മികവിൽ 175 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 55 പന്തിൽ പുറത്താകാതെ 81 റൺസാണ് കൗര്‍ നേടിയത്. ജെസ്സ് ഡഫിന്‍(33), എവലിന്‍ ജോൺസ്(42) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

സ്മൃതി 14 ഫോറും 3 സിക്സും സഹിതം 114 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്നേ വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയത് ടീമിന് തിരിച്ചടിയായി. താഹ്‍ലിയ വിൽസൺ 38 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 171 റൺസ് മാത്രം നേടിയ സിഡ്നി 4 റൺസ് തോല്‍വിയേറ്റു വാങ്ങി.

അവസാന ഓവറിൽ 13 റൺസ് വേണ്ട ഘട്ടത്തിൽ 8 റൺസ് മാത്രമേ സ്മൃതിയ്ക്കും താഹ്‍ലിയയ്ക്കും നേടാനായുള്ളു.

നബിയുടെ ബൗളിംഗ് കരുത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സ്

സിഡ്നി സിക്സേര്‍സിനെതിരെ മെല്‍ബേണ്‍ റെനഗേഡ്സിനു 7 വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനെ 115/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ റെനഗേഡ്സ് 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളിംഗില്‍ മുഹമ്മദ് നബിയും കെയിന്‍ റിച്ചാര്‍ഡ്സണും തകര്‍ത്തെറിഞ്ഞപ്പോള്‍ 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് സിക്സേര്‍സിനു നേടാനായത്. 30 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ടോം കറനാണ് സിക്സേര്‍സിന്റെ ടോപ് സ്കോറര്‍.

ടോം കൂപ്പര്‍(49), സാം ഹാര്‍പ്പര്‍(31) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലാണ് റെനഗേഡ്സ് അനായാസ ജയം കരസ്ഥമാക്കിയത്. സിക്സേര്‍സിനു വേണ്ടി സ്റ്റീവ് ഒക്കെഫേ രണ്ട് വിക്കറ്റ് നേടി.

Exit mobile version