കരിയറിലെ അവസാന റേസിൽ പത്താമത് ആയി വെറ്റൽ, അബുദാബി ഗ്രാന്റ് പ്രീയിലും വെർസ്റ്റാപ്പൻ

സീസണിലെ അവസാന ഗ്രാന്റ് പ്രീ ആയ അബുദാബി ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുൾ ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷൻ ആയി റേസ് തുടങ്ങിയ മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ ഡച്ച് ഡ്രൈവർ 2022 ലെ 15 മത്തെ റേസ് ജയം ആണ് സ്വന്തമാക്കിയത്. എന്നാൽ സീസണിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള റെഡ് ബുള്ളിന്റെ സെർജിയോ പെരസിന്റെ ശ്രമം ഫെറാറിയുടെ ചാൾസ് ലെക്ലെർക് തടഞ്ഞു. അബുദാബിയിലും രണ്ടാമത് ആയ ലെക്ലെർക് സീസണിലെയും രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്ത് എത്താനെ സെർജിയോ പെരസിന് ആയുള്ളൂ.

അതേസമയം മെഴ്‌സിഡസിന് വളരെ മോശം റേസ് ആയിരുന്നു ഇത്. കാറിലെ എഞ്ചിൻ തകരാർ കാരണം ലൂയിസ് ഹാമിൾട്ടനു റേസ് അവസാനിപ്പിക്കാൻ ആവാതെ വന്നപ്പോൾ സുരക്ഷിതമല്ലാത്ത പ്രവർത്തി കാരണം ജോർജ് റസലിന് പിഴയും കിട്ടി. കാർലോസ് സൈൻസിന് പിറകിൽ അഞ്ചാമത് ആയിരുന്നു ജോർജ് റസലിന്റെ സ്ഥാനം. അതേസമയം തന്റെ ഇതിഹാസ കരിയറിലെ അവസാന റേസിൽ സെബാസ്റ്റ്യൻ വെറ്റൽ ആസ്റ്റൺ മാർട്ടിന് ഒപ്പം പത്താം സ്ഥാനത്ത് എത്തി. ഈ സീസൺ അവസാനം മക്ലാരൻ വിടുന്ന ഡാനിയേൽ റികിയാർഡോക്ക് പിറകിൽ റേസ് അവസാനിപ്പിച്ച വെറ്റലിന് ഒരു പോയിന്റ് സ്വന്തമാക്കാനും ആയി.

സീസണിലെ അവസാന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ

ഈ ഫോർമുല വൺ സീസണിലെ അവസാന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന ഏഴാം പോൾ ആണ് ഇത്. സീസണിൽ രണ്ടാം സ്ഥാനം ലക്ഷ്യം വക്കുന്ന റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് ആണ് യോഗ്യതയിൽ രണ്ടാമത് എത്തിയത്. ബ്രസീലിൽ ഉണ്ടായ പോലെ സ്വന്തം ഡ്രൈവർമാർ തമ്മിൽ ഉരസൽ ഇല്ലാതെ സീസൺ അവസാനിപ്പിക്കാൻ ആവും റെഡ് ബുൾ നാളെ ശ്രമിക്കുക.

ഫെറാറിയുടെ ചാൾസ് ലെക്ലെർക്, കാർലോസ് സൈൻസ് എന്നിവർ ആണ് മൂന്നും നാലും ആയി യോഗ്യത അവസാനിപ്പിച്ചപ്പോൾ അഞ്ചും ആറും സ്ഥാനങ്ങളിൽ മെഴ്‌സിഡസ് ഡ്രൈവർമാരായ ലൂയിസ് ഹാമിൾട്ടൻ, ജോർജ് റസൽ എന്നിവർ എത്തി. തന്റെ കരിയറിലെ അവസാന ഗ്രാന്റ് പ്രീയിൽ മത്സരിക്കുന്ന ഇതിഹാസ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ തന്റെ ആസ്റ്റൺ മാർട്ടിനിൽ ഒമ്പതാമത് ആയാണ് റേസ് തുടങ്ങുക. തന്റെ ഇതിഹാസ കരിയറിന് ചേർന്ന ഒരു റേസ് അബുദാബിയിൽ നൽകി മടങ്ങാൻ ആവും വെറ്റൽ നാളെ ശ്രമിക്കുക.

റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത ബ്രസീലിൽ പരസ്യമായി,വെർസ്റ്റാപ്പന്റെ പ്രവർത്തിയിൽ ആരാധകർക്കും നിരാശ

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ റെഡ് ബുൾ ഡ്രൈവർമാർ തമ്മിലുള്ള ഭിന്നത പരസ്യമായി. ഇതിനകം തന്നെ ലോക ചാമ്പ്യൻ ആയ മാക്‌സ് വെർസ്റ്റാപ്പനെ സംബന്ധിച്ച് ഈ റേസ് തീർത്തും അപ്രസക്തമായിരുന്നു. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ കിരീടം ഉറപ്പിച്ചതിനാൽ റെഡ് ബുള്ളിനും റേസ് അപ്രസക്തമായിരുന്നു. അതിനാൽ തന്നെ നിലവിൽ രണ്ടാം സ്ഥാനത്ത് എത്താൻ റെഡ് ബുള്ളിന്റെ രണ്ടാം ഡ്രൈവർ സെർജിയോ പെരസ് എന്ന ചെക്കോക്ക് ഈ റേസ് പ്രധാനപ്പെട്ടത് ആയിരുന്നു. അതിനാൽ തന്നെ റേസിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന വെർസ്റ്റാപ്പനോട് റെഡ് ബുൾ അതിനാൽ തന്നെ തൊട്ടു പിറകിലുള്ള സെർജിയോ പെരസിനെ മുന്നോട്ട് കയറാൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച വെർസ്റ്റാപ്പൻ ടീം നിർദേശം അവഗണിക്കുക ആയിരുന്നു.

നമ്മൾ ഇതിനെക്കുറിച്ച് മുമ്പും പറഞ്ഞത് ആണ് ഞാൻ പെരസിനെ മുമ്പോട്ട് പോവാൻ സമ്മതിക്കില്ല എന്നായിരുന്നു ഡച്ച് ഡ്രൈവറുടെ പ്രതികരണം. അതേസമയം ഈ തീരുമാനം പെരസിനെ അറിയിച്ചപ്പോൾ വെർസ്റ്റാപ്പന്റെ ശരിയായ മുഖം ഇപ്പോൾ കാണാൻ ആയി അത് എല്ലാവരും അറിയട്ടെ എന്നായിരുന്നു മെക്സിക്കൻ ഡ്രൈവറുടെ പ്രതികരണം. നിലവിൽ രണ്ടാം സ്ഥാനത്തിന് ആയി സെർജിയോ പെരസും ഫെറാറിയുടെ ചാൾസ് ലേക്ലെർക്കും ഇനിയുള്ള അവസാന റേസിൽ പോര് മുറുകും. വെർസ്റ്റാപ്പൻ സമാന പ്രവർത്തി തുടർന്നാൽ പെരസിന് രണ്ടാം സ്ഥാനം ആവും നഷ്ടമാവുക. റെഡ് ബുള്ളിനു വലിയ തിരിച്ചടിയാണ് ഈ റേസ് കാരണം ഉണ്ടായത്. തനിക്ക് പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ലായിരുന്നു എന്നിട്ടു കൂടി തന്റെ സഹ ഡ്രൈവറോട് വെർസ്റ്റാപ്പൻ കാണിച്ച പ്രവർത്തിക്കു എതിരെ റെഡ് ബുൾ, വെർസ്റ്റാപ്പൻ ആരാധകരിൽ നിന്നു പോലും വലിയ വിമർശനം ആണ് നേരിടുന്നത്.

എല്ലാവരോടും റേസിന് അകത്തും പുറത്തും നല്ല പെരുമാറ്റവും സൗഹൃദവും കാത്ത് സൂക്ഷിക്കുന്ന സെർജിയോ പെരസ് ഈ സീസണിലും വെർസ്റ്റാപ്പൻ കിരീടം നേടിയ കഴിഞ്ഞ സീസണിലും പല രീതിയിൽ വെർസ്റ്റാപ്പനെ സഹായിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പലപ്പോഴും വെർസ്റ്റാപ്പന്റെ കിരീടപോരാട്ടത്തിലെ മുഖ്യ എതിരാളി ഹാമിൾട്ടനെ പ്രതിരോധിച്ച പെരസ് ആയിരുന്നു വെർസ്റ്റാപ്പനു ലോക കിരീടം നേടാൻ പ്രധാനപങ്ക് വഹിച്ചത്. ഫ്രാൻസിലും തുർക്കിയിലും അബുദാബിയിലും ബാകുവിലും എല്ലാം പെരസ് ഹാമിൾട്ടനെ തടഞ്ഞത് ആണ് ഡച്ച് ഡ്രൈവർക്ക് തുണയായത്. അതിനാൽ തന്നെ തീർത്തും അപ്രധാനമായ റേസിൽ വെർസ്റ്റാപ്പന്റെ പ്രവർത്തി എല്ലാവരിലും ഡച്ച് ഡ്രൈവറിലുള്ള പ്രീതി കുറച്ചിട്ടുണ്ട്. റെഡ് ബുൾ ടീമിൽ ഇരുവരും തമ്മിലുള്ള ഭിന്നത അടുത്ത സീസണിൽ അടക്കം എങ്ങനെ ടീമിന്റെ പ്രകടനത്തെ ബാധിക്കും എന്നു കണ്ടു തന്നെ അറിയാം.

14 റേസ് വിജയങ്ങൾ! ഫോർമുല വണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം കുറിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഫോർമുല വണ്ണിൽ പുതിയ ചരിത്രം എഴുതി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ഒന്നാമത് എത്തിയതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റേസ് ജയങ്ങൾ നേടുന്ന ഡ്രൈവർ ആയി മാറി. ഈ സീസണിൽ 14 ഗ്രാന്റ് പ്രീകൾ ജയിച്ച വെർസ്റ്റാപ്പൻ മൈക്കിൾ ഷുമാർക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവരുടെ റെക്കോർഡ് ആണ് പഴയ കഥയാക്കിയത്.

ഈ സീസണിൽ 416 പോയിന്റുകൾ ഇതിനകം നേടിയ വെർസ്റ്റാപ്പൻ ഒരു ഫോർമുല വൺ സീസണിൽ ഒരു ഡ്രൈവർ നേടുന്ന ഏറ്റവും ഉയർന്ന പോയിന്റ് നേട്ടത്തിലും എത്തി. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ സെർജിയോ പെരസ് മൂന്നാമതും മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമതും ഫെറാറിയുടെ കാർലോസ് സൈൻസ് അഞ്ചാമതും എത്തി. ബഡ്ജറ്റ് നിയമങ്ങൾ ലംഘിച്ച് വലിയ പിഴ ലഭിച്ച റെഡ് ബുള്ളിന് ഈ ജയം വലിയ ഊർജ്ജം ആണ് പകരുക.

തുടർച്ചയായ രണ്ടാം വർഷവും ലോക ചാമ്പ്യനായി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ

ലൂയിസ് ഹാമിൾട്ടനിൽ നിന്നു കഴിഞ്ഞ വർഷം അവസാന റേസിൽ തട്ടിയെടുത്ത ലോക കിരീടം ഇത്തവണ തികച്ചും ആധികാരികമായി നിലനിർത്തി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. കടുത്ത മഴ കാരണം തുടങ്ങാൻ വൈകിയ ജപ്പാനീസ് ഗ്രാന്റ് പ്രീയിൽ ജയം കാണാൻ വെർസ്റ്റാപ്പനു ആയി. തുടക്കത്തിലെ ചുവപ്പ് കൊടി കാരണം 53 ലാപ്പുകൾ ഉള്ള റേസ് 28 ലാപ്പുകൾ ആയി ചുരുക്കുക ആയിരുന്നു. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ജയം കണ്ടത്തുക ആയിരുന്നു.

രണ്ടാമത് എത്തിയ ഫെറാറി ഡ്രൈവർ ചാൾസ് ലെക്ലെർക് 5 സെക്കന്റ് സമയ പെനാൽട്ടി കാരണം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് വെർസ്റ്റാപ്പൻ കിരീടം ഉറപ്പിച്ചത്. നിലവിൽ ഇനി 112 പോയിന്റുകൾ മാത്രമാണ് ഡ്രൈവർമാർക്ക് പരമാവധി നേടാൻ ആവുക. അതിനാൽ തന്നെ ഇതിനകം തന്നെ രണ്ടാമതുള്ള സെർജിയോ പെരസിനെക്കാൾ 113 പോയിന്റുകൾ ഉള്ള ഡച്ച് ഡ്രൈവർ തന്റെ കിരീടം നിലനിർത്തുക ആയിരുന്നു. ഉടമസ്ഥരിൽ റെഡ് ബുൾ കിരീടം ഏതാണ്ട് ഉറപ്പിച്ചു. വരും വർഷങ്ങളിൽ മെഴ്‌സിഡസിന്റെ ജോർജ് റസൽ എന്നിവർ അടക്കമുള്ളവർക്ക് വെർസ്റ്റാപ്പനു വെല്ലുവിളി ആവാൻ ആവുമോ എന്നു കണ്ടറിയാം.

കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, തുടർച്ചയായ അഞ്ചാം ജയം

ഫോർമുല വൺ കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെർസ്റ്റാപ്പൻ ഒന്നാം സ്ഥാനം നേടിയത്. ഏഴാം സ്ഥാനത്ത് നിന്ന് കയറി വന്ന റെഡ് ബുൾ ഡ്രൈവർക്ക് പലപ്പോഴും സേഫ്റ്റി കാർ ഗുണം ചെയ്തു. സേഫ്റ്റി കാറിന്റെ സാന്നിധ്യത്തിൽ ആയിരുന്നു റേസ് അവസാനിച്ചതും. തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ആണ് വെർസ്റ്റാപ്പൻ ജയിക്കുന്നത്.

റേസ് പോൾ പൊസിഷനിൽ തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർക് രണ്ടാമത് ആയപ്പോൾ രണ്ടാമത് ആയി റേസ് തുടങ്ങിയ മെഴ്‌സിഡസിന്റെ ജോർജ് റസൽ മൂന്നാമത് ആയി. ഫെറാറിയുടെ കാർലോസ് സൈൻസ് നാലാമത് ആയപ്പോൾ മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ അഞ്ചാമത് എത്തി. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് ആണ് ആറാമത് എത്തിയത്. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന് ആദരവ് അർപ്പിച്ചു ആണ് റേസ് തുടങ്ങിയത്. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ ഏതാണ്ട് കിരീടം ഉറപ്പിച്ചപ്പോൾ അടുത്ത റേസിൽ മാക്‌സ് വെർസ്റ്റാപ്പനു ജയിക്കാൻ ആയാലും ലെക്ലെർക് പിന്നിൽ പോയാലും ലോക കിരീടം ഡച്ച് ഡ്രൈവർക്ക് സ്വന്തം പേരിലാക്കാം.

ഓറഞ്ച് കടലിനു മുന്നിൽ ഒരിക്കൽ കൂടി ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മാക്സ് വെർസ്റ്റാപ്പൻ! കിരീടത്തിലേക്ക് അടുത്ത് റെഡ് ബുൾ ഡ്രൈവർ

തുടർച്ചയായ രണ്ടാം വർഷവും സ്വന്തം മണ്ണിൽ ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം നേടി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മാക്‌സ് മെഴ്‌സിഡസ്, ഫെറാറി വെല്ലുവിളികൾ അനായാസം മറികടന്നു ആണ് ജയം നേടിയത്. ഒരിക്കൽ പോലും ഒന്നാം സ്ഥാനം കൈവിടുന്ന സൂചന പോലും മാക്‌സ് റേസിൽ നൽകിയില്ല. ഏറ്റവും വേഗതയേറിയ ലാപ്പും മാക്‌സ് തന്നെയാണ് കുറിച്ചത്. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെക്കാൾ 109 പോയിന്റുകൾ മുന്നിൽ എത്താനും മാക്സിന് ആയി.

മാക്സിന് ആയി തടിച്ചു കൂടിയ ആയിരക്കണക്കിന് ഓറഞ്ച് അണിഞ്ഞ ഡച്ച് ആരാധകർക്ക് ആനന്ദം നൽകുന്ന വിജയം ആയിരുന്നു ഇത്. മെഴ്‌സിഡസ് തന്ത്രങ്ങൾ ഫലം കണ്ടപ്പോൾ ആറാമത് റേസ് തുടങ്ങിയ ജോർജ് റസൽ റേസിൽ രണ്ടാമത് എത്തി. നന്നായി ഡ്രൈവ് ചെയ്ത താരത്തെ അവസാന ലാപ്പുകളിൽ ഹാമിൾട്ടനെ മറികടക്കാൻ ടീം അനുവദിച്ചത് ഹാമിൾട്ടനെ പ്രകോപിച്ചിരുന്നു. ഇതിഹാസ ഡ്രൈവർ തന്റെ ദേഷ്യം ടീം റേഡിയോയിൽ കൂടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമത് റേസ് ആരംഭിച്ച ഫെറാറിയുടെ ചാൾസ് ലെക്ലെർക് ആണ് മൂന്നാമത് എത്തിയത്.

അതേസമയം റേസിൽ ഉടനീളം മികവ് തുടർന്ന ലൂയിസ് ഹാമിൾട്ടനു നിരാശ പകരുന്നത് ആയി അവസാന റിസൾട്ട്. ഇടക്ക് വെർസ്റ്റാപ്പനെ ആദ്യ സ്ഥാനത്തേക്ക് വെല്ലുവിളിക്കും ഹാമിൾട്ടൻ എന്നു തോന്നിയെങ്കിലും അവസാനം നാലാം സ്ഥാനത്ത് ബ്രിട്ടീഷ് ഡ്രൈവർ തൃപ്തിപ്പെട്ടു. അവസാന ലാപ്പുകളിൽ ജോർജ് റസലും, ചാൾസ് ലെക്ലെർക്കും ഹാമിൾട്ടനെ മറികടക്കുക ആയിരുന്നു. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് അഞ്ചാമത് എത്തിയപ്പോൾ ആൽപിന്റെ ഫെർണാണ്ടോ അലോൺസോ ആറാമത് എത്തി. ലോക കിരീടം ഉടൻ ഉറപ്പിക്കാൻ ആവും വരും ഗ്രാന്റ് പ്രീകളിൽ വെർസ്റ്റാപ്പനും റെഡ് ബുള്ളും ശ്രമിക്കുക. ലോക കിരീടം വെർസ്റ്റാപ്പൻ നിലനിർത്താതിരിക്കാൻ ഇനി വലിയ അത്ഭുതം തന്നെ സംഭവിക്കണം.

ഓറഞ്ച് കടലിനു മുന്നിൽ ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ കണ്ടത്തി മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. തനിക്ക് ആയി ആർത്ത് വിളിച്ച ഓറഞ്ച് അണിഞ്ഞ കാണികൾക്ക് മുന്നിൽ നന്നായി ഡ്രൈവ് ചെയ്തു മാക്‌സ്. വലിയ വെല്ലുവിളി ഉയർത്തിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ 0.021 സെക്കന്റുകൾക്ക് ആണ് മാക്‌സ് മറികടന്നത്. സീസണിൽ മാക്സിന് ഇത് നാലാം പോൾ പൊസിഷൻ ആണ്.

തുടർച്ചയായ രണ്ടാം വർഷം ആണ് മാക്‌സ് സ്വന്തം ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടുന്നത്. ഫെറാറിയുടെ തന്നെ കാർലോസ് സൈൻസ് ലെക്ലെർകിനു പിറകിൽ മൂന്നാമത് എത്തിയപ്പോൾ മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ നാലാമതും റെഡ് ബുള്ളിന്റെ സെർജിയോ പെരസ് അഞ്ചാമതും എത്തി. യോഗ്യതയിൽ ആറാമത് എത്താൻ മെഴ്‌സിഡസിന്റെ ജോർജ് റസലിനും ആയി. നാളെ തനിക്കായി ആർത്ത് വിളിക്കുന്ന കാണികൾക്ക് മുന്നിൽ റേസിൽ ജയം നേടാൻ ആവും വെർസ്റ്റാപ്പൻ ഇറങ്ങുക.

പതിനാലിൽ നിന്നു തുടങ്ങി ബെൽജിയം ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, ആദ്യ ലാപ്പിൽ തന്നെ പുറത്തായി ഹാമിൾട്ടൻ

ഇടവേളക്ക് ശേഷം ഫോർമുല വൺ ബെൽജിയം ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. തുടർച്ചയായ രണ്ടാം വർഷം ആണ് ഡച്ച് ഡ്രൈവർ ബെൽജിയം ഗ്രാന്റ് പ്രീ ജയിക്കുന്നത്. യോഗ്യതയിൽ ഒന്നാമത് എത്തിയെങ്കിലും പെനാൽട്ടി കാരണം റേസ് 14 സ്ഥാനത്ത് ആയാണ് വെർസ്റ്റപ്പൻ റേസ് തുടങ്ങിയത്. റേസിന്റെ ആദ്യ ലാപ്പിൽ തന്നെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ റേസിൽ നിന്നു പുറത്താവുന്നതും കാണാൻ ആയി. ഹാമിൾട്ടന്റെ കാർ ഫെർണാണ്ടോ അലോൺസോയുടെ കാറിൽ ഉരസുകയായിരുന്നു, തീർത്തും ഹാമിൾട്ടന്റെ പിഴവ് ആയിരുന്നു ഇത്. തുടർന്ന് ബോട്ടാസും റേസിൽ നിന്നു പുറത്താവുന്നത് കാണാൻ ആയി.

തുടക്കത്തിൽ തന്നെ മറ്റു കാറുകളെ പിന്നിലാക്കിയ വെർസ്റ്റപ്പൻ പതുക്കെ റേസിൽ ആധിപത്യം കണ്ടത്തി. തുടർന്ന് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ കാർലോസ് സൈൻസിനെയും വെർസ്റ്റാപ്പൻ മറികടന്നു. റെഡ് ബുള്ളിന് മികച്ച ദിനം സമ്മാനിച്ചു സെർജിയോ പെരസ് സൈൻസിനെ മറികടന്നു രണ്ടാമത് എത്തി. അതേസമയം മെഴ്‌സിഡസിന്റെ ജോർജ് റസലിന്റെ അവസാന ലാപ്പുകളിലെ വെല്ലുവിളി മറികടന്ന കാർലോസ് സൈൻസ് മൂന്നാം സ്ഥാനവും കണ്ടത്തി.

തുടക്കത്തിൽ ഹാമിൾട്ടനും ആയുള്ള ഉരസലിന് ശേഷവും റസലിന് പിറകിൽ അഞ്ചാമത് എത്താൻ ആൽഫിന്റെ ഫെർണാണ്ടോ അലോൺസോക്ക് ആയി. ഫെറാറിയുടെ ചാൾസ് ലെക്ലെർക് ആറാമത് ആയി. നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ തന്റെ മുൻതൂക്കം കൂട്ടാനും ഇന്നത്തെ ജയത്തോടെ വെർസ്റ്റാപ്പനു ആയി.

സ്പാനിഷ് ഗ്രാന്‍ഡ് പ്രീയിൽ വിജയം നേടി മാക്സ് വെര്‍സ്റ്റാപ്പന്‍

സ്പാനിഷ് ഗ്രാന്‍ഡ് പ്രീയിൽ വിജയം നേടി റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. റെഡ് ബുള്ളിന്റെ തന്നെ സെര്‍ജിയോ പെരേസ് ആണ് രണ്ടാം സ്ഥാനക്കാരന്‍. മെര്‍സിഡസിന്റെ തന്നെ ജോര്‍ജ്ജ് റസ്സൽ മൂന്നാം സ്ഥാനത്തും അവസാനിച്ചപ്പോള്‍ ഫെരാരിയുടെ കാര്‍ലോസ് സെയിന്‍സ് ജൂനിയര്‍ ആയിരുന്നു നാലാം സ്ഥാനത്ത്.

ആദ്യ റൗണ്ടിൽ ടയര്‍ പഞ്ചറായ ലൂയിസ് ഹാമിള്‍ട്ടൺ 19ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പോയെങ്കിലും താരം പിന്നീട് അഞ്ചാം സ്ഥാനക്കാനരായി ഫിനിഷ് ചെയ്യുകയായിരുന്നു. ഫെരാരിയുടെ ചാള്‍സ് ലെക്റെക് പവര്‍ ഇല്ലാത്തത് കാരണം റിട്ടയര്‍ ചെയ്തപ്പോള്‍ താരത്തിനുണ്ടായിരുന്ന 19 പോയിന്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റിലെ ലീഡ് വെര്‍സ്റ്റാപ്പന് 6 പോയിന്റ് ലീഡിലേക്ക് മാറി.

ഹാമിൾട്ടന്റെ ഹൃദയം അവസാന ലാപ്പിൽ തകർത്തു വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻ, മെഴ്‌സിഡസ് യുഗത്തിന് അന്ത്യം

അബു ദാബി ഗ്രാന്‍ഡ് പ്രീയിലെ അവസാന ലാപ്പിലെ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് ശേഷം ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളി ലോക ചാമ്പ്യനായി മാക്സ് വെര്‍സ്റ്റാപ്പന്‍. അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഹാമിള്‍ട്ടണിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് റെഡ് ബുള്‍ താരം ഹാമിള്‍ട്ടണെ പിന്തള്ളി ലോക ചാമ്പ്യനായി മാറിയത്.

വെര്‍സ്റ്റാപ്പന്‍ എഫ് 1 വിജേതാകുന്ന ആദ്യത്തെ ഡച്ച് താരം കൂടിയാണ്. സേഫ്ടി കാര്‍ വന്ന സമയത്ത് പിറ്റിലേക്ക് വെര്‍സ്റ്റാപ്പനെ വിളിച്ച് സോഫ്ട് ടയറിലേക്ക് മാറിയാണ് വിജയം റെഡ് ബുള്‍ ടീം സ്വന്തമാക്കിയത്.

സേഫ്ടി കാര്‍ വന്ന ശേഷം പാലിക്കേണ്ട നിയമങ്ങള്‍ യഥാവിധം പാലിച്ചില്ലെന്ന മെഴ്സിഡസിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മാക്സിന്റെ ലോക കിരീടം. അഞ്ച് കാറുകള്‍ക്ക് മാത്രം അൺലാപ് ചെയ്യുവാനുള്ള അവസരം നല്‍കിയത് വെര്‍സ്റ്റാപ്പനെ അവസാന ലാപ്പിന് തൊട്ടുമ്പ് ഹാമിൽട്ടണിന് തൊട്ടുമുമ്പിലെത്തിച്ചത് വിവാദ തീരുമാനം ആണെന്നാണ് ഹാമിൽട്ടൺ പക്ഷം ഉയര്‍ത്തുന്ന വാദം.

വേർസ്റ്റാപ്പന്റെ വെല്ലുവിളി മറികടന്ന് തന്റെ ഏഴാം ഹംഗേറിയൻ ഗ്രാന്റ്‌ പ്രീ ജയിച്ച് ഹാമിൾട്ടൻ

വേർസ്റ്റാപ്പന്റെ മികവിനെ അനുഭവസമ്പത്ത് കൊണ്ട് മറികടന്നു ഹാമിൾട്ടൻ തുടർച്ചയായ രണ്ടാം തവണയും ഹംഗറിയിൽ ജയം കണ്ടു. ഇതോടെ തന്റെ ചാമ്പ്യൻഷിപ്പ് ലീഡ് ഉയർത്താനും ഹാമിൾട്ടനും മെഴ്‌സിഡസിനും ആയി. പോൾ പൊസിഷനിൽ ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റാപ്പൻ റേസ് തുടങ്ങിയത്, ജർമ്മനിയിൽ ജയം കണ്ടതിന്റെ ആത്മവിശ്വാസവും വേർസ്റ്റാപ്പനു ഉണ്ടായിരുന്നു. രണ്ടാമത് ആയി ബോട്ടാസും മൂന്നാമത് ആയി മെഴ്‌സിഡസ് സഹതാരം ഹാമിൾട്ടനും റേസ് തുടങ്ങിയപ്പോൾ അവർക്ക് പിറകിൽ ഫെറാരി ഡ്രൈവർമാരും അണിനിരന്നു. ബോട്ടാസിന്റെ മോശം തുടക്കം മുതലെടുത്ത ഹാമിൾട്ടനും ഫെരാരിയുടെ ചാൾസ്‌ ലെക്ലെർക്കും സഹതാരം സെബാസ്റ്റ്യൻ വെറ്റലും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇതിനിടെ മറ്റ് കാറിടിച്ച് കാറിനു കേടുവന്ന ബോട്ടാസ് പിറ്റ് ഇടവേള എടുക്കാൻ നിർബന്ധിതമാവുകയും ചെയ്തതോടെ റേസിൽ പോൾ പൊസിഷനിൽ ഒരിക്കൽ കൂടി ബോട്ടാസിന്റെ സാധ്യത അടഞ്ഞു.

റേസിൽ തന്റെ ആധിപത്യം വേർസ്റ്റാപ്പൻ തുടർന്നപ്പോൾ ശക്തമായ വെല്ലുവിളിയാണ് ഹാമിൾട്ടൻ ഉയർത്തിയത്. പിറകിൽ മൂന്നാം സ്ഥാനത്തിനായി സമാനമായ പോരാട്ടം തന്നെയാണ് ഫെരാരി ഡ്രൈവർമാർ തമ്മിലും കണ്ടത്. എന്നാൽ 26 ലാപ്പിൽ വേർസ്റ്റാപ്പനെ മറികടന്ന ഹാമിൾട്ടനെ പക്ഷെ തൊട്ട്പിറകെ തന്നെ മറികടന്ന വേർസ്റ്റാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. ഇതിനിടെ വേർസ്റ്റാപ്പനിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിറ്റ് ഇടവേള എടുത്ത ഹാമിൽട്ടൻ പുതിയ ടയറുകളുമായി നന്നായി ഡ്രൈവ് ചെയ്തു. എന്നാൽ ലീഡ് പോകുമോ എന്ന ഭയത്താൽ രണ്ടാം പിറ്റ് ഇടവേള എടുക്കാൻ വേർസ്റ്റാപ്പനും റെഡ് ബുള്ളും മടിച്ചു. ഇത് അവസാനം വേർസ്റ്റാപ്പനു വിനയാകുന്നത് ആണ് റേസിന്റെ അവസാനം കണ്ടത്.

വേർസ്റ്റാപ്പന്റെ കാറിനെ 67 മത്തെ ലാപ്പിൽ കാണികൾക്ക് ആവേശമായി മറികടന്ന ഹാമിൾട്ടൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സർക്യൂട്ടിൽ ഒന്നായ ഹംഗറിയിൽ മറ്റൊരു ജയം കുറിച്ചു. ഏറ്റവും വേഗതയേറിയ ലാപ്പ് റേസിൽ കുറിച്ച വേർസ്റ്റാപ്പൻ എട്ടാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയ ബോട്ടാസുമായുള്ള ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനത്തിനായുള്ള അകലം കുറിക്കുകയും ചെയ്തു. ഏതാണ്ട് സമാനമായ വാശിയേറിയ പോരാട്ടം മൂന്നാം സ്ഥാനത്തിനായും കണ്ടപ്പോൾ തന്റെ സഹതാരത്തെ അനുഭവസമ്പത്തുമായി മറികടന്ന സെബാസ്റ്റ്യൻ വെറ്റൽ തുടർച്ചയായ രണ്ടാം ഗ്രാന്റ്‌ പ്രീയിലും പോഡിയത്തിൽ മത്സരം അവസാനിപ്പിച്ചു. ജർമ്മനിയിൽ രണ്ടാമതായെങ്കിൽ ഇത്തവണ അത് മൂന്നാമത് ആയി. ചാമ്പ്യൻഷിപ്പിൽ ബഹുദൂരം മുന്നിലുള്ള ഹാമിൾട്ടനും മെഴ്‌സിഡസിനും ജർമ്മനിയിലെ ദുരന്തത്തിന് ശേഷം ജയം വലിയ ഊർജ്ജമായി. എന്നാൽ ആഴ്ച തോറും തന്റെ മൂല്യം തെളിയിക്കുന്ന വേർസ്റ്റാപ്പൻ ഹാമിൾട്ടനു സമീപഭാവിയിൽ തന്നെ വലിയ വെല്ലുവിളി ആവും എന്നുറപ്പാണ്.

Exit mobile version