Img 20220904 204147

ഓറഞ്ച് കടലിനു മുന്നിൽ ഒരിക്കൽ കൂടി ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മാക്സ് വെർസ്റ്റാപ്പൻ! കിരീടത്തിലേക്ക് അടുത്ത് റെഡ് ബുൾ ഡ്രൈവർ

തുടർച്ചയായ രണ്ടാം വർഷവും സ്വന്തം മണ്ണിൽ ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം നേടി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മാക്‌സ് മെഴ്‌സിഡസ്, ഫെറാറി വെല്ലുവിളികൾ അനായാസം മറികടന്നു ആണ് ജയം നേടിയത്. ഒരിക്കൽ പോലും ഒന്നാം സ്ഥാനം കൈവിടുന്ന സൂചന പോലും മാക്‌സ് റേസിൽ നൽകിയില്ല. ഏറ്റവും വേഗതയേറിയ ലാപ്പും മാക്‌സ് തന്നെയാണ് കുറിച്ചത്. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെക്കാൾ 109 പോയിന്റുകൾ മുന്നിൽ എത്താനും മാക്സിന് ആയി.

മാക്സിന് ആയി തടിച്ചു കൂടിയ ആയിരക്കണക്കിന് ഓറഞ്ച് അണിഞ്ഞ ഡച്ച് ആരാധകർക്ക് ആനന്ദം നൽകുന്ന വിജയം ആയിരുന്നു ഇത്. മെഴ്‌സിഡസ് തന്ത്രങ്ങൾ ഫലം കണ്ടപ്പോൾ ആറാമത് റേസ് തുടങ്ങിയ ജോർജ് റസൽ റേസിൽ രണ്ടാമത് എത്തി. നന്നായി ഡ്രൈവ് ചെയ്ത താരത്തെ അവസാന ലാപ്പുകളിൽ ഹാമിൾട്ടനെ മറികടക്കാൻ ടീം അനുവദിച്ചത് ഹാമിൾട്ടനെ പ്രകോപിച്ചിരുന്നു. ഇതിഹാസ ഡ്രൈവർ തന്റെ ദേഷ്യം ടീം റേഡിയോയിൽ കൂടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമത് റേസ് ആരംഭിച്ച ഫെറാറിയുടെ ചാൾസ് ലെക്ലെർക് ആണ് മൂന്നാമത് എത്തിയത്.

അതേസമയം റേസിൽ ഉടനീളം മികവ് തുടർന്ന ലൂയിസ് ഹാമിൾട്ടനു നിരാശ പകരുന്നത് ആയി അവസാന റിസൾട്ട്. ഇടക്ക് വെർസ്റ്റാപ്പനെ ആദ്യ സ്ഥാനത്തേക്ക് വെല്ലുവിളിക്കും ഹാമിൾട്ടൻ എന്നു തോന്നിയെങ്കിലും അവസാനം നാലാം സ്ഥാനത്ത് ബ്രിട്ടീഷ് ഡ്രൈവർ തൃപ്തിപ്പെട്ടു. അവസാന ലാപ്പുകളിൽ ജോർജ് റസലും, ചാൾസ് ലെക്ലെർക്കും ഹാമിൾട്ടനെ മറികടക്കുക ആയിരുന്നു. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് അഞ്ചാമത് എത്തിയപ്പോൾ ആൽപിന്റെ ഫെർണാണ്ടോ അലോൺസോ ആറാമത് എത്തി. ലോക കിരീടം ഉടൻ ഉറപ്പിക്കാൻ ആവും വരും ഗ്രാന്റ് പ്രീകളിൽ വെർസ്റ്റാപ്പനും റെഡ് ബുള്ളും ശ്രമിക്കുക. ലോക കിരീടം വെർസ്റ്റാപ്പൻ നിലനിർത്താതിരിക്കാൻ ഇനി വലിയ അത്ഭുതം തന്നെ സംഭവിക്കണം.

Exit mobile version