ബാഴ്സലോണ തിരിച്ചുവരും, ഈ ക്ലബിനെ ഏറ്റവും മുകളിലേക്ക് എത്തിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല – യമാൽ


യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഇന്റർ മിലാനോട് തോൽവി ഏറ്റുവാങ്ങിയ ശേഷം, 17 കാരനായ ബാഴ്സലോണയുടെ താരം ലമിൻ യമാൽ ആരാധകർക്ക് ശക്തമായ ഒരു സന്ദേശം നൽകി. “ഞങ്ങൾ എല്ലാം നൽകി – ഈ വർഷം അത് നടന്നില്ല, പക്ഷേ ഞങ്ങൾ തിരിച്ചുവരും, അതിൽ സംശയം വേണ്ട,” എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“കൂലേഴ്സ്, ഈ ക്ലബ്ബിനെ അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക്, ഏറ്റവും മുകളിലേക്ക് എത്തിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല. എൻ്റെ വാക്ക് ഞാൻ പാലിക്കും, അത് ബാഴ്സലോണയിലേക്ക് കൊണ്ടുവരും.” യുവതാരം പറഞ്ഞു.


മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചിട്ടും യാമാലിന് ബാഴ്സയുടെ പുറത്താവൽ തടയാനായില്ല. എങ്കിലും, ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.
വരാനിരിക്കുന്ന റയൽ മാഡ്രിഡുമായുള്ള ലാ ലിഗ പോരാട്ടത്തിൽ ആരാധകർ ഒന്നിച്ച് നിൽക്കണമെന്ന് യാമാൽ അഭ്യർത്ഥിച്ചു: “ഞായറാഴ്ച മറ്റൊരു ഫൈനലാണ്, നാമെല്ലാവരും ഒരുമിച്ചുണ്ടാവണം.” അദ്ദേഹം പറഞ്ഞു.

യമാലിനെക്കാളും റാഫിഞ്ഞയെക്കാളും ബാഴ്സയുടെ ഏറ്റവും നിർണായകമായ താരം പെഡ്രിയാണ് – ക്രൂസ്


റയൽ മാഡ്രിഡ് ഇതിഹാസം ടോണി ക്രൂസ് ബാഴ്സലോണയുടെ മിഡ്ഫീൽഡർ പെഡ്രിയെ പ്രശംസിച്ചു. ലാമിൻ യാമാൽ, റാഫിഞ്ഞ, ലെവൻഡോവ്സ്കി എന്നിവരെക്കാൾ ബാഴ്സയുടെ ശൈലിയിൽ ഏറ്റവും നിർണായകമായ താരം പെഡ്രി ആണെന്ന് ക്രൂസ് പറഞ്ഞു.


“എൻ്റെ കാഴ്ചപ്പാടിൽ, പെഡ്രിയെപ്പോലൊരാൾ ലാമിൻ, റാഫിഞ്ഞ അല്ലെങ്കിൽ ലെവൻഡോവ്സ്കി എന്നിവരെക്കാൾ പ്രധാനപ്പെട്ടവനാണ്. അവരാണ് കളി തീരുമാനിക്കുന്നത്, എൻ്റെ അഭിപ്രായത്തിൽ പെഡ്രിയാണ് ഇപ്പോൾ അദ്ദേഹം കളിക്കുന്ന പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ചവൻ.” ക്രൂസ് എടുത്തുപറഞ്ഞു.


“പെഡ്രി, കളിക്കാത്തപ്പോൾ നിങ്ങൾക്ക് നഷ്ടപ്പെടം മനസ്സിലാകുന്ന ഒരു കളിക്കാരനാണ്. അവൻ ഗോളുകൾ നേടുകയോ, ഗോളുകൾക്ക് വഴിയൊരുക്കുകയോ മാത്രമല്ല. അവൻ നിങ്ങൾക്ക് പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ നൽകുന്നു.” – ക്രൂസ് പറഞ്ഞു


“ചാമ്പ്യൻസ് ലീഗിൽ മാത്രം, ഒരു കളിയിൽ അവൻ 52 എതിരാളികളെ മറികടക്കുന്നു. ലാ ലിഗയിൽ ഇത് അതിലും കൂടുതലാണ് – അവൻ ഒരു കളിയിൽ 59 എതിരാളികളെ മറികടക്കുന്നു! ഒരു കളിയിൽ 11-12 പ്രതിരോധക്കാരെ അവൻ മറികടക്കുന്നു, ഇത് ഒരു മിഡ്ഫീൽഡറെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.” – ക്രൂസ് പറയുന്നു.


“ഇടുങ്ങിയ ഇടങ്ങളിൽ ഡ്രിബിൾ ചെയ്ത് ഒരാളെ മറികടക്കാൻ കഴിവുള്ള വളരെ കുറച്ച് മിഡ്ഫീൽഡർമാരിൽ ഒരാളാണ് പെഡ്രി. പെഡ്രിയെപ്പോലൊരു കളിക്കാരൻ കളിയുടെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കും.” – അദ്ദേഹം കൂട്ടിച്ചേർത്തു

ചാമ്പ്യൻസ് ലീഗ് ബാഴ്സലോണ നേടിയാൽ യമാലിന് ബാലൺ ഡി ഓർ നൽകണം എന്ന് റിയോ ഫെർഡിനാൻഡ്


ബാഴ്സലോണയുടെ കൗമാര താരം ലമിൻ യാമൽ ഭാവിയിലെ ബാലൺ ഡി ഓർ ജേതാവാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ് പ്രശംസിച്ചു. ഈ സീസണിൽ യമാൽ ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ചാൽ താരത്തിന് പുരസ്കാരം അർഹതയുണ്ടെന്നും ഫെർഡിനാൻഡ് വിശ്വസിക്കുന്നു.

ഇന്റർ മിലാനെതിരായ സെമിഫൈനൽ ആദ്യ പാദത്തിൽ യമാൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 0-2 ന് പിന്നിൽ നിന്ന ശേഷം ടീമിനെ 3-3 എന്ന സമനിലയിലേക്ക് എത്തിക്കുന്നതിൽ താരം നിർണായക പങ്ക് വഹിച്ചു.
ലൂയിസ് കോംപാനിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ച യാമൽ ഒരു ഗംഭീര ഗോൾ നേടുകയും ബാഴ്സലോണയുടെ രണ്ടാം ഗോളിന് പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

17 വയസ്സും 291 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ക്ലബ്ബിനായി 100 മത്സരങ്ങൾ പൂർത്തിയാക്കാനും ഇന്നലെ യുവതാരത്തിന് ആയി‌. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും യമാൽ സ്വന്തമാക്കി.


“ലമിൻ യാമൽ. ഇപ്പോൾ കളി കാണാൻ ഇതിലും ആവേശകരമായ മറ്റൊരാൾ ഫുട്ബോളിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. മിലാനിലും ഫൈനലിലും അവൻ നിർണായകമായാൽ, അവൻ ബാലൻ ഡി ഓർ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു,” മത്സരം കഴിഞ്ഞതിന് ശേഷം ഫെർഡിനാൻഡ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


ബാഴ്സലോണയുടെ പരിശീലകൻ ഹാൻസി ഫ്ലിക്കും യാമലിനെ പ്രശംസിച്ചു. “രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഗോൾ നേടേണ്ടത് നിർണായകമായിരുന്നു. ആ അവിശ്വസനീയമായ ഗോളിലൂടെ ലമിൻ ഞങ്ങൾക്ക് വഴി കാണിച്ചു. അവൻ വളരെ നന്നായി കളിച്ചു. അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, വലിയ മത്സരങ്ങളിൽ അവൻ എപ്പോഴും മികവ് കാണിക്കുന്നു,” ഫ്ലിക്ക് പറഞ്ഞു.

മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരം, അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യരുത് – യമാൽ


ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി, 17-കാരനായ ലമിൻ യാമൽ ലയണൽ മെസ്സിയുമായി തന്നെ താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞു. മെസ്സിയെ ആരാധിക്കുന്നുണ്ട് എങ്കിലും, ഇതിഹാസ താരവുമായി എന്നെ താരതമ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യമാൽ വ്യക്തമാക്കി.

മെസ്സിയെപ്പോലെ ലാ മാസിയയുടെ ഉൽപ്പന്നമായ യാമൽ, ഈ സീസണിൽ ബാഴ്സലോണയുടെ പ്രധാന താരമായി വളർന്നു.

“ഞാൻ എന്നെ ആരുമായും താരതമ്യം ചെയ്യുന്നില്ല – പ്രത്യേകിച്ചും മെസ്സിയുമായിട്ട്,” ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

“ഞാൻ എല്ലാ ദിവസവും സ്വയം മെച്ചപ്പെടുത്താനും എന്റെ ഏറ്റവും മികച്ച രൂപമായിരിക്കാനും മാത്രമാണ് ശ്രദ്ധിക്കുന്നത്.” യുവതാരം പറഞ്ഞു.


“ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായു അദ്ദേഹത്തെ ഞാൻ കാണുന്നു, പക്ഷേ ഞാൻ ഞാനായിരിക്കാൻ ആണ് ശ്രമിക്കുന്നത്.”

“ഈ വർഷം റയലിന് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല”: ലമിൻ യമാൽ


ഈ സീസണിൽ റയൽ മാഡ്രിഡിനെതിരെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ച് ബാഴ്സലോണ, അധിക സമയത്തേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിൽ 3-2 ന് വിജയിച്ച് കോപ്പ ഡെൽ റേ കിരീടം ചൂടി. ഈ വിജയത്തോടെ ഈ സീസണിൽ മൂന്നാം തവണയാണ് ബാഴ്സ തങ്ങളുടെ ചിരവൈരികളെ തോൽപ്പിക്കുന്നത്.


ഫൈനലിന് ശേഷം സംസാരിച്ച ബാഴ്സലോണയുടെ യുവ താരം ലമിൻ യമാൽ ടീമിൽ നിറഞ്ഞുനിൽക്കുന്ന ആത്മവിശ്വാസവും പോരാട്ടവീര്യവും പങ്കുവെച്ചു. “ഞങ്ങൾ ഒരു ഗോൾ വഴങ്ങിയാലും പ്രശ്നമില്ല. ഞങ്ങൾ രണ്ട് ഗോളുകൾ വഴങ്ങിയാലും പ്രശ്നമില്ല. റയലിന് ഞങ്ങളെ തോൽപ്പിക്കാൻ ആകില്ല,” യമാൽ പറഞ്ഞു.


“ഈ വർഷം അവർക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. ഞങ്ങൾ അത് തെളിയിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട്.!” അദ്ദേഹം പറഞ്ഞു. ലാലിഗയിൽ ഒരു എൽ ക്ലാസികോ കൂടെ ബാക്കിയിരിക്കെ ഇന്നലത്തെ പരാജയം റയൽ മാഡ്രിഡിനു മേൽ സമ്മർദ്ദം ഉയർത്തിയിരിക്കുകയാണ്.

ലമിൻ യമാൽ നോമ്പ് എടുക്കുന്നതിനെ ഞാനും ടീമും ബഹുമാനിക്കുന്നു – സ്പെയിൻ പരിശീലകൻ

റമദാൻ നോമ്പ് എടുക്കാനുള്ള ലമിൻ യമാലിൻ്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായി സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകൻ. നെതർലാന്റ്സിന് എതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലി്ൽ യമാൽ കളിക്കും എന്നും നോമ്പ് എടുക്കുന്നത് യമാൽ ടീമിൽ ഉൾപ്പെടുന്നതിനെ ബാധിക്കില്ല എന്നും സ്‌പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂൻ്റെ ഉറപ്പ് നൽകി.

റോട്ടർഡാമിലെ ആദ്യ പാദത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രൊഫഷണൽ മാർഗനിർദേശത്തോടെ ആണ് യമൽ തൻ്റെ നോമ്പ് കൈകാര്യം ചെയ്യുന്നത് എന്നും ഡി ലാ ഫ്യൂണ്ടേ ഊന്നിപ്പറഞ്ഞു.

“ഇത് ഞങ്ങൾക്ക് തികച്ചും സാധാരണമാണ്. അവൻ തൻ്റെ മതപരമായ കൽപ്പനകളും നിയമങ്ങളും പിന്തുടരുകയാണ്, അവൻ തൻ്റെ ക്ലബ്ബിലും (ബാഴ്സലോണ) അവ പിന്തുടർന്നിരുന്നു,” ഡി ലാ ഫ്യൂണ്ടെ പറഞ്ഞു.

“മെഡിക്കൽ ടീമും പോഷകാഹാര വിദഗ്ധരും അദ്ദേഹത്തിന് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.” കോച്ച് പറഞ്ഞു.

യമാലിന്റെ തീരുമാനത്തെ ടീം പൂർണ്ണമായി മാനിക്കുന്നുണ്ടെന്ന് ഡി ലാ ഫ്യൂണ്ടെ സ്ഥിരീകരിച്ചു. “എല്ലാ വിശ്വാസങ്ങളോടും ഞങ്ങൾക്ക് എല്ലായ്പ്പോഴും അങ്ങേയറ്റം ബഹുമാനമുണ്ട്. കളിക്കാൻ അദ്ദേഹം യോഗ്യനാണ്. ഒരു പ്രശ്നവും ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ പരിശീലക ജീവിതത്തിൽ ഇതൊരു പുതിയ അനുഭവമാണെന്നും സ്പെയിൻ കോച്ചും സമ്മതിച്ചു. “ഇതുപോലൊരു സാഹചര്യം ഞാൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഞാൻ പരിശീലിപ്പിക്കുന്ന ഒരു ടീമിൽ ഒരാൾ നോമ്പ് എടുക്കുന്നത് ഇത് ആദ്യമാണ്.” അദ്ദേഹം പറഞ്ഞു.

സ്പാനിഷ് സൂപ്പർകോപ്പയ്ക്ക് മുന്നോടിയായി ലമിൻ യമാൽ തിരികെയെത്തി

സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന സ്പാനിഷ് സൂപ്പർകോപ്പയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷ വർധിപ്പിച്ച് ബാഴ്‌സലോണയുടെ കൗമാര താരം ലമിൻ യമാൽ പരിശീലനം പുനരാരംഭിച്ചു. ഡിസംബർ പകുതിയോടെ കണങ്കാലിന് പരിക്കേറ്റ 17-കാരൻ അവസാന ആഴ്ചകളിൽ പുറത്തായിരുന്നു.

ലമീൻ യമാൽ

നാലാഴ്ചയോളം എടുക്കും തിരികെ വരാൻ എന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ യമാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ മടങ്ങിവരികയും വ്യാഴാഴ്ച പരിശീലനത്തിൽ ചേരുകയും ചെയ്തു. ഈ വാരാന്ത്യത്തിൽ ബാർബാസ്‌ട്രോയ്‌ക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ല.

ജനുവരി 10 ന് സൂപ്പർകോപ്പ സെമിഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക് ക്ലബ്ബിനെ നേരിടും, ആ മത്സരത്തിൽ യമാൽ മത്സരിച്ചേക്കാം.

ഈ സീസണിൽ ബാഴ്‌സയ്‌ക്കായി മികച്ച പ്രകടനമാണ് യമൽ നടത്തിയത്, എല്ലാ മത്സരങ്ങളിലുമായി ആറ് ഗോളുകളും 11 അസിസ്റ്റുകളും സംഭാവന ചെയ്തു.

ബാഴ്സലോണക്ക് വൻ തിരിച്ചടി, ലമിൻ യമാലിന് വീണ്ടും പരിക്ക്

ഇന്നലെ ലെഗാനെസിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ബാഴ്സലോണക്ക് ഒരു തിരിച്ചടി കൂടെ. മത്സരത്തിനിടെ 17-കാരനായ ലാമിൻ യമലിന് ഗ്രേഡ് 1 ലിഗമെൻ്റിന് പരിക്കേറ്റതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു.

ഒരു ടാക്കിളിന് ശേഷം 75-ാം മിനിറ്റിൽ പകരക്കാരനായി യമൽ പുറത്ത് പോയിരുന്നു. 3-4 ആഴ്ചത്തേക്ക് താരം പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഇരിക്കെ ആണ് ഈ പരിക്ക്.

സെൽറ്റയ്‌ക്കെതിരായ ബാഴ്‌സലോണയുടെ മത്സരം ലമിൻ യമാലിന് നഷ്ടമാകും

സെൽറ്റയ്‌ക്കെതിരായ ബാഴ്‌സലോണയുടെ വാരാന്ത്യ മത്സരം ലമിൻ യമാലിന് നഷ്ടമാകും. അന്താരാഷ്‌ട്ര ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഉണ്ടായ പരിക്ക് കാരണമാണ് കൗമാരക്കാരനായ ലാമിൻ യമൽ പുറത്തായത്. താരം സുഖം പ്രാപിക്കുന്ന സാഹചര്യത്തിൽ ഒരു റിസ്കും ഇപ്പോൾ എടുക്കേണ്ടതില്ലെന്ന് മാനേജർ ഹൻസി ഫ്ലിക്ക് തീരുമാനിച്ചു.

ബ്രെസ്റ്റിനെതിരായ ബാഴ്‌സലോണയുടെ നിർണായക ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടലിൻ്റെ സമയത്ത് യമൽ ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിക്ക് വന്നത് മുതൽ ബാഴ്സലോണയുടെ പ്രധാന അറ്റാക്കിങ് ത്രെറ്റ് ആയി യമാൽ വളർന്നിട്ടുണ്ട്. എങ്കിലും താരത്തിന്റെ ജോലി ഭാരം നിയന്ത്രിച്ച് വലിയ പരിക്കുകൾ താരത്തെ ബാധിക്കാത്ത രീതിയിൽ കളിപ്പിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്.

ബാഴ്സലോണയുടെ യമാലും ലെവൻഡോവ്‌സ്‌കിയും പരിക്കേറ്റ് പുറത്ത്

ബാഴ്സലോണയുടെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. പ്രധാന കളിക്കാരായ ലാമിൻ യമലും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ആണ് പരിക്കേറ്റ് പുറത്തായത്. വലത് കണങ്കാലിന് പരിക്കേറ്റതിനാൽ യമാൽ സ്പെയിനിൻ്റെ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കില്ല. യുവ ഫോർവേഡ് മൂന്നാഴ്ച വരെ പുറത്തായേക്കാം.

അതേസമയം, ലാലിഗയുടെ ടോപ് സ്‌കോററായ ലെവൻഡോവ്‌സ്‌കിക്ക് നടുവിനു പരിക്കേറ്റതിനാൽ പോളണ്ടിൻ്റെ നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കില്ല. താരം പത്ത് ദിവസത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രെങ്കി ഡി യോങിനും മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ബാഴ്‌സലോണ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഏറ്റവും പ്രായം കുറഞ്ഞ കോപ ട്രോഫി ജേതാവായി ലമിൻ യമാൽ ചരിത്രം സൃഷ്ടിച്ചു

പാരീസ്, ഒക്ടോബർ 28, 2024 – കോപ ട്രോഫി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ലാമിൻ യമൽ ഫുട്ബോൾ ചരിത്രം സൃഷ്ടിച്ചു. കേവലം 17 വർഷവും 106 ദിവസവും പ്രായം ആയിരിക്കെ ആണ് മികച്ച U21 താരത്തിനുള്ള പുരസ്കാരം യമാൽ നേടിയത്. ബാഴ്സലോണക്ക് ആയും റയൽ മാഡ്രിഡിനായും നടത്തിയ പ്രകടനങ്ങൾ ആണ് ഈ ട്രോഫിയിലേക്ക് താരത്തെ എത്തിച്ചത്.

കോപ ട്രോഫിയിൽ ബാഴ്‌സലോണ കളിക്കാർ തുടർച്ചയായി മികവ് പുലർത്തുകയാണ്. വിജയം നാല് വർഷത്തിനിടെ ക്ലബ്ബിൻ്റെ മൂന്നാമത്തെ കോപ ട്രോഫിയാണ്. 2021ൽ പെഡ്രിയും 2022ൽ ഗവിയും ഈ പുരസ്കാരം നേടിയിരുന്നു.

2024 കോപ ട്രോഫി റാങ്കിംഗ്;

  1. ലാമിൻ യമാൽ – ബാഴ്സലോണ
  2. അർദ ഗുലർ – റയൽ മാഡ്രിഡ്
  3. കോബി മൈനൂ – മാഞ്ചസ്റ്റർ യുണൈറ്റഡ്
  4. സാവിഞ്ഞോ – സിറ്റി
  5. പൗ ക്യൂബാർസി – ബാഴ്സലോണ

ലമിൻ യമാലിന് ഹാംസ്ട്രിംഗ് ഇഞ്ച്വറി, സെവിയ്യക്ക് എതിരെ കളിക്കും എന്ന് പ്രതീക്ഷ

യുവതാരം ലമിൻ യമാലിന് ഇടത് ഹാംസ്ട്രിംഗ് സ്‌ട്രെയിൻ ബാധിച്ചതായി ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭാഗ്യവശാൽ, പരിക്ക് ഗുരുതരമല്ല എന്ന് ക്ലബ് വൃത്തങ്ങൾ പറയുന്നു, ഏതാനും ദിവസങ്ങൾക്കുള്ളിൽ യമാൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡെൻമാർക്കിനെതിരായ അവരുടെ കഴിഞ്ഞ മത്സരത്തിൽ യമൽ സ്പെയിനിനായി കളിച്ചപ്പോഴാണ് ശേഷമാണ് ഇത് സംഭവിക്കുന്നത്, എന്നാൽ വീണ്ടെടുക്കലിനായി അദ്ദേഹം ഇപ്പോൾ ദേശീയ ടീം ക്യാമ്പിൽ നിന്ന് പിന്മാറി. സെവിയ്യയ്‌ക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തിനുള്ള ടീമിൽ യമലിനെ ഉൾപ്പെടുത്തുമെന്ന് ബാഴ്‌സ കോച്ച് ഹൻസി ഫ്ലിക്ക് പ്രതീക്ഷിക്കുന്നു, പൂർണ്ണ ഫിറ്റ്‌നസിലേക്ക് വേഗത്തിൽ മടങ്ങിയെത്താൻ.

Exit mobile version