യമാൽ എന്ന അത്ഭുതം, ബാഴ്സലോണ ലാലിഗയിലെ കുതിപ്പ് തുടരുന്നു

ജിറോണയ്‌ക്കെതിരെ 4-1ന് വിജയിച്ച ബാഴ്സലോണ തങ്ങളുടെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇന്ന് ആദ്യ പകുതിയിൽ ലാമിൻ യമാൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയപ്പോൾ ഡാനി ഓൾമോയും പെദ്രിയും ബാക്കി ഗോളുകൾ നേടി. ജിറോണയുടെ ക്രിസ്ത്യൻ സ്റ്റുവാനി ആണ് അവരുടെ ആശ്വാസ ഗോൾ നേടിയത്. ബാഴ്‌സലോണ കളിയിൽ മുഴുവൻ ആധിപത്യം പുലർത്തി.

യമാൽ ബാഴ്സലോണയുടെ ഭാവി ആണെന്ന് അടിവരയിടുന്ന രണ്ട് ഗോളുകൾ ആണ് ഇന്ന് നേടിയത്. പ്രതിരോധത്തിലെ പിഴവുകൾ മുതലാക്കി ആയിരുന്നു ഓൾമോയുടെ ഗോൾ.. ഫെറാൻ ടോറസിന് അവസാനം ചുവപ്പ് കാർഡ് ഉണ്ടായിരുന്നിട്ടും, ബാഴ്‌സലോണ അവരുടെ ലീഡ് നിലനിർത്തുകയും 15 പോയിൻ്റുമായി റയൽ മാഡ്രിഡിനും വിയ്യ റിയലിനും മുന്നിൽ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തു.

യമാൽ മാജിക്കും ലെവയുടെ വിന്നറും, രണ്ടാം മത്സരവും വിജയിച്ച് ബാഴ്സലോണ!!

ലാലിഗ സീസണിൽ തുടർച്ചയായ രണ്ടാം വിജയവുമായി ബാഴ്സലോണ. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് അത്ലറ്റിക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ലമിനെ യമാലും ലെവൻഡോസ്കിയും ആണ് ബാഴ്സലോണയുടെ ഗോളുകൾ നേടിയത്.

വിജയ ഗോൾ ആഘോഷിക്കുന്ന ലെവൻഡോസ്കി

24ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് ഒരു നല്ല ഇടം കാലൻ ഫിനിഷിലൂടെ ലമിനെ യമാൽ ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. 42ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അത്ലറ്റിക് കളിയിലേക്ക് തിരികെയെത്തി.

75ആം മിനുട്ടിൽ ആണ് ലെവൻഡോസ്കിയുടെ വിജയ ഗോൾ വന്നത്. നേരത്തെ ലെവൻഡോസ്കിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. ഈ വിജയത്തോടെ 6 പോയിന്റുമായി ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

മെസ്സിയുടെ അതേ വഴിയിൽ!! യമാൽ ബാഴ്സലോണയിൽ 19ആം നമ്പർ ജേഴ്സി അണിയും

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പാത പിന്തുടർന്ന്, ബാഴ്‌സലോണ, വരാനിരിക്കുന്ന സീസണിലെ തങ്ങളുടെ പുതിയ നമ്പർ 19 ആയി ലമിൻ യമലിനെ പ്രഖ്യാപിച്ചു. ഇന്ന് ഒരു വീഡിയോയിലൂടെയാണ് യമാലിന്റെ പുതിയ നമ്പർ ബാഴ്സലോണ പുറത്ത് വിട്ടത്. ലയണൽ മെസ്സി ബാഴ്സലോണയിൽ തുടക്ക കാലത്ത് അണിഞ്ഞ ജേഴ്സി ആയിരുന്നു നമ്പർ 19.

വെറും 17 വയസ്സുള്ളപ്പോൾ തന്നെ സ്പെയിനിൻ്റെയും ബാഴ്സലോണയുടെയും പ്രധാനതാരമായി യമാൽ ആഘോഷിക്കപ്പെടുകയാണ്‌‌. സ്പെയിന്റെ വിജയകരമായ യൂറോ 2024 കാമ്പെയ്‌നിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ടൂർണമെൻ്റിലെ മികച്ച യുവ താരമായി അംഗീകാരം നേടുകയും ചെയ്തുകൊണ്ട് യമൽ ഇതിനകം തന്നെ തരംഗങ്ങൾ സൃഷ്ടിച്ചു.

19-ാം നമ്പർ ജേഴ്‌സി മാത്രമല്ല മെസ്സിയുടെ സമാനമായ നീക്കങ്ങളും പാസുകളും ഫിനിഷും യമാലിന്റെ ഇടം കാലിൽ നിന്നും അവസാന ഒരു വർഷമായി ഫുട്ബോൾ ലോകം കാണുകയാണ്‌. 19ൽ നിന്ന് മെസ്സിയുടെ 10ആം നമ്പർ ജേഴ്സിയിലേക്കും യമാൽ ഭാവിയിൽ വളരും എന്ന് തന്നെയാണ് ബാഴ്സലോണ ആരാധകരുടെ പ്രതീക്ഷ.

യൂറോ കപ്പിലോ ലോകകപ്പിലോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ലമിനെ യമാൽ

ഒരു യൂറോ കപ്പ്/ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കോർഡ് കുറിച്ച് സ്‌പെയിനിന്റെ ബാഴ്‌സലോണ താരം ലമിനെ യമാൽ. ഇന്ന് ഫ്രാൻസിന് എതിരെ സെമിഫൈനലിൽ യമാൽ നേടിയ അതുഗ്രൻ ലോങ് റേഞ്ചർ ആണ് സ്പെയിനിന് സമനില ഗോൾ നേടിയത്. നിലവിൽ വെറും 16 വയസ്സും 362 ദിവസവും ആണ് യമാലിന്റെ പ്രായം. ടൂർണമെന്റിലെ ഇത് വരെയുള്ള മികച്ച താരമായും യമാലിനെ ആണ് പലരും പരിഗണിക്കുന്നത്.

ലോകകപ്പിൽ 17 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ സാക്ഷാൽ പെലെ, 18 വയസ്സും 93 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ മെക്സിക്കയുടെ മാനുവൽ റൊസാസ്, 18 വയസ്സും 110 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പിൽ ഗോൾ നേടിയ തന്റെ ബാഴ്‌സലോണ, സ്പാനിഷ് സഹതാരം ഗാവി എന്നിവരുടെ റെക്കോർഡ് ആണ് യമാൽ മറികടന്നത്. 3 ദിവസത്തിനുള്ളിൽ 17 മത്തെ ജന്മദിനം ആഘോഷിക്കുന്ന അത്ഭുത ബാലനിൽ നിന്നു ലോകം ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

യൂറോ കപ്പ് സെമി; യമാൽ എന്ന അത്ഭുതം!! ആവേശകരം ആദ്യ പകുതി

യൂറോ കപ്പ് ഒന്നാം സെമി ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടുകയാണ്. മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. ആവേശകരമായ ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. തുടക്കത്തിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇപ്പോൾ സ്പെയിൻ മുന്നിൽ നിൽക്കുന്നത്.

തുടക്കം മുതൽ ഇന്ന് നല്ല ഫുട്ബോൾ ആണ് കാണാൻ ആയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. എംബപ്പെയുടെ ഒരു അളന്നു മുറിച്ച ക്രോസിന് തലവെച്ച് കോളോ മുവാനി ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. സ്കോർ 1-0.

എന്നാൽ അധികനേരം സ്പെയിൻ പിറകിൽ നിന്നില്ല. 21ആം മിനുട്ടിൽ സ്പെയിന്റെ വണ്ടർ കിഡ് ലമിൻ യമാൽ ഒരു അത്ഭുത നിമിഷം സൃഷ്ടിച്ചു. ലയണൽ മെസ്സിയുടെ ലോംഗ് റേഞ്ചറുകളെ ഓർമ്മിപ്പിച്ഛ രീതിയിൽ ഒരു ഇടം കാലൻ ഫിനിഷ്. സ്കോർ 1-1. ഈ ഗോളോടെ 16കാരനായ യമാൽ യൂറോ കപ്പ് സെമിയിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

ഈ ഗോൾ പിറന്ന് അഞ്ചു മിനുട്ടുകൾക്ക് അകം സ്പെയിൻ അവരുടെ രണ്ടാം ഗോളും നേടി ലീഡ് എടുത്തു. ഇത്തവണ ഡാനിൽ ഓൽമോയുടെ ഷോട്ട് കൗണ്ടേയുടെ ബ്ലോക്കും മറികടന്ന് വലയിൽ എത്തുക ആയിരുന്നു. സ്കോർ 2-1.

ആദ്യ പകുതിയിൽ ഉടനീളം ഫ്രാൻസ് സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. ഇനി ആവേശകരമായ ഒരു രണ്ടാം പകുതി കൂടെ കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം.

പെഡ്രിക്ക് ഇരട്ട ഗോൾ, യമാലിന് ഇരട്ട അസിസ്റ്റ്, സ്പെയിന് 5 ഗോൾ

യൂറോ കപ്പിനു മുമ്പായുള്ള സൗഹൃദ മത്സരത്തിൽ നോർത്ത് അയർലണ്ടിനെതിരെ ഗംഭീര വിജയം നേടി സ്പെയിൻ. ബാഴ്സലോണയുടെ യുവതാരങ്ങളുടെ മികവിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്പെയിൻ നേടിയത്. ബാഴ്സലോണ താരങ്ങളായ പെഡ്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ലമിനെ യമാൽ ഇരട്ട അസിസ്റ്റ് നൽകി.

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സ്പെയിൻ വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ബല്ലാർഡ് ആണ് നോർത്ത് അയർലണ്ടിനായി ഗോൾ നേടിയത്. പന്ത്രണ്ടാം മിനിറ്റിൽ പെട്രിയുടെ ഒരു ലോങ്ങ് റേഞ്ചറിലൂടെ സ്പെയിൻ സമനില പിടിച്ചു. പെഡ്രിയുടെ സ്പെയിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

പതിനെട്ടാം മിനിറ്റിൽ മൊറാട്ടയിലൂടെ സ്പെയിൻ ലീഡ് എടുത്തു. 29ആം മിനിട്ടിൽ വീണ്ടും പെഡ്രി വീണ്ടും സ്പെയിനായി ഗോൾ അടിച്ചു. ആദ്യ പകുതിയിൽ 3-1ന് മുന്നിൽ. രണ്ടാം പകുതിയിൽ ഫാബിയൻ റുയിസും ഒയെസബാളും കൂടെ ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ രണ്ടു ഗോളുകളും ലമിനെ യമാൽ ആയിരുന്നു ഒരുക്കിയത്. ഇനി ജൂൺ 15ന് സ്പെയിൻ യൂറോ കപ്പിൽ ക്രൊയേഷ്യയെ നേരിടും.

16കാരൻ ലമിനെ യമാലിനായി 200 മില്യറൺ ബിഡ് വന്നു എന്ന് ബാഴ്സലോണ പ്രസിഡന്റ്

ബാഴ്സലോണ യുവതാരം ലമിനെ യമാലിനായി 200 മില്യൺ യൂറോയുടെ വലിയ ബിഡ് വന്നു എന്ന് ബാഴ്സലോണ ക്ലബ് ഒരസിഡന്റ് ലപോർടെ. എന്നാൽ ഞങ്ങൾ ആ ബിഡ് നിരസിച്ചു എന്നും യുവതാരങ്ങളെ വിശ്വസിക്കാൻ ആണ് ഞങ്ങളുടെ താരം എന്നും ലപോർടെ പറഞ്ഞു.

“ലമിനെ യമലിനെപ്പോലുള്ള കളിക്കാർക്കായി ഞങ്ങൾക്ക് 200 മില്യൺ യൂറോയ്ക്ക് മുകളിൽ ഉള്ള ഭ്രാന്തമായ ബിഡുകൾ ലഭിക്കുന്നു, തീർച്ചയായും ഞങ്ങൾ ആ ബിഡുകൾ നിരസിക്കുന്നു.” ലപോർടെ പറഞ്ഞു.

“ഞങ്ങൾ ലമിനെ യമാലിനെ വിശ്വസിക്കുന്നു, ഞങ്ങൾക്ക് അവന്ര് വിൽക്കേണ്ടതില്ല”. അദ്ദേഹം പറയുന്നു.

“ബാൾഡെ, ഫെർമിൻ, പെഡ്രി, ഡി യോംഗ്, അരൗഹോ, ഗവി എന്നിവർക്കായും ഞങ്ങൾക്ക് ബിഡ്‌ഡുകൾ ലഭിച്ചു… ഞങ്ങളുടെ താരങ്ങളെ വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”. അദ്ദേഹം പറഞ്ഞു.

ലമിനെ യമാലിന് 18 വയസ്സായാൽ ദീർഘകാല കരാർ നൽകും എന്ന് ഡെക്കോ

ബാഴ്സലോണയുടെ യുവതാരം ലമിനെ യമാൽ ബാഴ്സലോണയിൽ തന്നെ തുടരും എന്ന് ബാഴ്സലോണ ഡയറക്ടർ ഡെകോ. 16-കാരനായ ലമാൽ 18 വയസ്സിൽ എത്തുമ്പോൾ ബാഴ്സലോണ താരത്തിന് ദീർഘമായ കരാർ തന്നെ നൽകും എന്ന് ഡെകോ പറഞ്ഞു. ഇപ്പോൾ തന്നെ ലമാലിന് 3 വർഷത്തെ കരാർ ഉണ്ട്. ലമാൽ ക്ലബിൽ തുടരും അതിൽ ആശങ്ക വേണ്ട. ഡെകോ പറഞ്ഞു.

ലമാലിന് 18 വയസ്സാകുമ്പോൾ താരം ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഒപ്പുവെക്കുമെന്നും ഡെക്കോ പറഞ്ഞു. ലമാൽ അത്ഭുതകരമായ പ്രകടനമാണ് ഈ ചെറിയ വയസ്സിൽ ബാഴ്സലോണ സീനിയർ ടീമിനായി കാഴ്ചവെക്കുന്നത്. ബാഴ്സലോണക്ക് ആയി ഇതിനകം 24 സീനിയർ മത്സരങ്ങൾ കളിച്ച താരം 2 അസിസ്റ്റും ഒരു ഗോളും നേടിയിട്ടുണ്ട്.

സ്പാനിഷ് ദേശീയ ടീമായും താരം അരങ്ങേറ്റം നടത്തി കഴിഞ്ഞു. ആറാം വയസ്സു മുതൽ യമാൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.

Exit mobile version