Picsart 25 03 20 07 49 54 389

ലമിൻ യമാൽ നോമ്പ് എടുക്കുന്നതിനെ ഞാനും ടീമും ബഹുമാനിക്കുന്നു – സ്പെയിൻ പരിശീലകൻ

റമദാൻ നോമ്പ് എടുക്കാനുള്ള ലമിൻ യമാലിൻ്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായി സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകൻ. നെതർലാന്റ്സിന് എതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലി്ൽ യമാൽ കളിക്കും എന്നും നോമ്പ് എടുക്കുന്നത് യമാൽ ടീമിൽ ഉൾപ്പെടുന്നതിനെ ബാധിക്കില്ല എന്നും സ്‌പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂൻ്റെ ഉറപ്പ് നൽകി.

റോട്ടർഡാമിലെ ആദ്യ പാദത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രൊഫഷണൽ മാർഗനിർദേശത്തോടെ ആണ് യമൽ തൻ്റെ നോമ്പ് കൈകാര്യം ചെയ്യുന്നത് എന്നും ഡി ലാ ഫ്യൂണ്ടേ ഊന്നിപ്പറഞ്ഞു.

“ഇത് ഞങ്ങൾക്ക് തികച്ചും സാധാരണമാണ്. അവൻ തൻ്റെ മതപരമായ കൽപ്പനകളും നിയമങ്ങളും പിന്തുടരുകയാണ്, അവൻ തൻ്റെ ക്ലബ്ബിലും (ബാഴ്സലോണ) അവ പിന്തുടർന്നിരുന്നു,” ഡി ലാ ഫ്യൂണ്ടെ പറഞ്ഞു.

“മെഡിക്കൽ ടീമും പോഷകാഹാര വിദഗ്ധരും അദ്ദേഹത്തിന് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.” കോച്ച് പറഞ്ഞു.

യമാലിന്റെ തീരുമാനത്തെ ടീം പൂർണ്ണമായി മാനിക്കുന്നുണ്ടെന്ന് ഡി ലാ ഫ്യൂണ്ടെ സ്ഥിരീകരിച്ചു. “എല്ലാ വിശ്വാസങ്ങളോടും ഞങ്ങൾക്ക് എല്ലായ്പ്പോഴും അങ്ങേയറ്റം ബഹുമാനമുണ്ട്. കളിക്കാൻ അദ്ദേഹം യോഗ്യനാണ്. ഒരു പ്രശ്നവും ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ പരിശീലക ജീവിതത്തിൽ ഇതൊരു പുതിയ അനുഭവമാണെന്നും സ്പെയിൻ കോച്ചും സമ്മതിച്ചു. “ഇതുപോലൊരു സാഹചര്യം ഞാൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഞാൻ പരിശീലിപ്പിക്കുന്ന ഒരു ടീമിൽ ഒരാൾ നോമ്പ് എടുക്കുന്നത് ഇത് ആദ്യമാണ്.” അദ്ദേഹം പറഞ്ഞു.

Exit mobile version