Premier League

ഒടുവിൽ കാർഡിഫ് ജയിച്ചു, ബ്രയ്റ്റനെ വീഴ്ത്തി

പ്രീമിയർ ലീഗിൽ കാർഡിഫിന്റെ ആശ്വാസ ജയം. ബ്രയ്റ്റനെ 2-1 നാണ് കാർഡിഫ് മറികടന്നത്. ജയത്തോടെ ലീഗിൽ അവസാന 3 ൽ നിന്ന് പുറത്ത് കടക്കാൻ കാർഡിഫിനായി. സോൾ ബാമ്പ 90 ആം മിനുട്ടിൽ നേടിയ ഗോളാണ് നീൽ വാർനോക്കിന്റെ ടീം ജയം ഉറപ്പാക്കിയത്.

ബ്രയ്റ്റനാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. ആറാം മിനുട്ടിൽ ഡിഫൻഡർ ലെവിസ് ടങ്ക് ആണ് ഗോൾ നേടിയത്. പക്ഷെ 28 ആം മിനുട്ടിൽ കാലം പീറ്റേഴ്സൻ കാർഡിഫിന്റെ സമനില ഗോൾ നേടി. 34 ആം മിനുട്ടിൽ ഡെയ്ൽ സ്റ്റീഫൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്രയ്റ്റന് വൻ തിരിച്ചടിയായി. പത്ത് പേരായി ചുരുങ്ങിയതോടെ മത്സരത്തിൽ അവർ ഏറെ പിറകോട്ട് പോയി.

രണ്ടാം പകുതിയിലും കാർഡിഫ് വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. അവസാന മിനുറ്റുകളിൽ കാർഡിഫ് നടത്തിയ ശക്തമായ ആക്രമണത്തിന് 90 ആം മിനുട്ടിൽ ഫലം കണ്ടു. ബോക്സിലെ ആശയ കുഴപ്പങ്ങൾക്ക് ഒടുവിൽ ബാമ്പ പന്ത് വലയിലാക്കുകയായിരുന്നു.