ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് സൂപ്പര്‍ 5 സാധ്യത നിലനിര്‍ത്തി

Newsroom

Picsart 24 03 04 21 39 29 685
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ, മാര്‍ച്ച് 4, 2024: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ സൂപ്പര്‍ 5 സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്. തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ടീം തോല്‍പ്പിച്ചു. സ്‌കോര്‍: 15-6, 15-11, 15-12. സേതു ടി.ആര്‍ ആണ് കളിയിലെ താരം.

ബെംഗളൂരു 24 03 04 21 39 54 729

തുടക്കത്തില്‍ തന്നെ സേതു തകര്‍പ്പന്‍ സെര്‍വുകളിലൂടെ ഹൈദരാബാദിന്റെ പ്രതിരോധത്തെ വിറപ്പിച്ചു. ഹൈദരാബാദിനായി സാഹില്‍ കുമാര്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും സ്രജന്‍ ഷെട്ടി പ്രതിരോധം തീര്‍ത്തു. തോമസ് ഹെപ്റ്റിന്‍സ്റ്റാളിന്റെ സ്‌പൈക്കുകള്‍ കൂടി വന്നതോടെ ഡേവിഡ് ലീയുടെ ടീം അധികം വിയര്‍ക്കാതെ തന്നെ ആദ്യ സെറ്റ് നേടി.

മികച്ച ടീം കളിയായിരുന്നു ബെംഗളൂരിന്റേത്. അതേസമയം, ഹൈദരാബാദ് താരങ്ങള്‍ക്കിടയിലെ ആശയകുഴപ്പം കോര്‍ട്ടില്‍ വ്യക്തമായിരുന്നു. അവസരം മുതലെടുത്ത ടോര്‍പ്പിഡോസ് മുന്നേറി. എന്നാല്‍ സാഹിലിലൂടെ ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തി. അപാരഫോമിലായിരുന്നു സേതു, മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ സേതു ബെംഗളൂരിന്റെ ലീഡുയര്‍ത്തി. കൂടാതെ സ്രജനും മുജീബും ചേര്‍ന്ന് ഹൈദരാബാദിനെതിരെ ശക്തമായ ബ്ലോക്കുകള്‍ തീര്‍ത്തതോടെ രണ്ടാം സെറ്റിലെ കളിയും ബെംഗളൂരുവിന്റെ നിയന്ത്രണത്തിലായി.

ബെംഗളൂരുവിന്റെ ആക്രമണങ്ങള്‍ പ്രിന്‍സിലൂടെ ബ്ലോക്‌ഹോക്‌സ് സമര്‍ഥമായി പ്രതിരോധിച്ചു, ബെംഗളൂരുവില്‍ നിന്ന് രണ്ട് സര്‍വീസ് പിഴവുകള്‍ കൂടി വന്നതോടെ ഹൈദരാബാദ് മൂന്നാം സെറ്റില്‍ മുന്നേറി. എങ്കിലും സേതുവിനെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്കായില്ല. നിര്‍ണായക നിമിഷത്തില്‍ സേതു സൂപ്പര്‍ സെര്‍വിലൂടെ ടീമിന് തുടര്‍ച്ചായി പോയിന്റുകള്‍ നേടിക്കൊടുത്തു. സ്രജന്റെ ശക്തമായൊരു ബ്ലോക്കിന് പിന്നാലെ, മനോഹരമായൊരു സ്‌പൈക്കിലൂടെ സേതു ബെംഗളൂരിന് മൂന്നാം സെറ്റും വിജയവും സമ്മാനിച്ചു.

ഇന്ന് (ചൊവ്വ) ഒരേയൊരു മത്സരം. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. നിലവില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ഇന്ന് ജയിച്ചാല്‍ ടീമിന് രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ 6 മത്സരങ്ങളും തോറ്റ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.