ലക്ഷദ്വീപിൽ ആവേശമായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം

ലക്ഷദ്വീപിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച വോളിബോൾ ടൂർണമെന്റ് ആയ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം. ആന്ത്രോത്ത് ദ്വീപിൽ ലക്ഷദ്വീപിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് തങ്ങളുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനു ഭാഗമായി ആണ് ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദധാരിയായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബിന്റെ പേരിലുള്ള അഞ്ചാമത് വോളിബോൾ ടൂർണമെന്റ് പ്രഖ്യാപിച്ചത്. മൂന്നു ദ്വീപുകളിൽ നിന്നായി കേരളത്തിൽ നിന്നുള്ള താരങ്ങൾ അടക്കം മാറ്റുരച്ച ടൂർണമെന്റിൽ 5 ടീമുകൾ ആണ് പങ്കെടുത്തത്.

വോളിബോൾ

ഒന്നാം സ്ഥാനക്കാർക്ക് 80,000 രൂപയും റോളിംഗ് ട്രോഫിയും മെഡലുകളും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും മെഡലുകളും ലഭിക്കും. 28 നു തുടങ്ങിയ ടൂർണമെന്റ് വലിയ ആവേശമാണ് ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ഇടയിൽ ഉണ്ടാക്കിയത്. ഒരു ഗ്രൂപ്പിൽ ആയി പരസ്പരം എല്ലാ ടീമുകളും ഏറ്റുമുട്ടിയതിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയവർ ആണ് ഇന്ന് ഫൈനലിൽ ഏറ്റുമുട്ടുക. എല്ലാ മത്സരങ്ങളും ജയിച്ച ആർ.എസ്.സി കവരത്തി ഒന്നാമത് എത്തിയപ്പോൾ ഒരു മത്സരത്തിൽ പരാജയം അറിഞ്ഞ നുനു ആൽമണ്ട് രണ്ടാമത് എത്തി. ഇന്ന് ഫൈനലിൽ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട പരാജയത്തിന് പകരം ചോദിക്കാൻ ആവും നുനു ഫൈനലിൽ ശ്രമിക്കുക.