ചരിത്രത്തിലാദ്യമായി വോളിബോൾ ക്ലബ്‌ ലോക ചാമ്പ്യൻഷിപ്പ്‌ ഇന്ത്യയിലേക്ക്‌

Newsroom

Picsart 23 02 01 10 49 46 683
Download the Fanport app now!
Appstore Badge
Google Play Badge 1

കിടയറ്റ രാജ്യാന്തര വോളിബോൾ ഇന്ത്യയിലേക്ക്‌

ന്യൂഡൽഹി, ജനുവരി 31, 2023: വോളിബോൾ പുരുഷ ക്ലബ്‌ ലോക ചാമ്പ്യൻഷിപ്പിന്‌ ഇന്ത്യ ആതിഥേയരാകുമെന്ന്‌ വോളിബോൾ വേൾഡും എഫ്ഐവിബിയും പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രൊഫഷണൽ വോളിബോൾ ലീഗായ, എ23 പ്രായോജകരായ റുപേ പ്രൈം വോളിബോൾ ലീഗുമായുള്ള പങ്കാളിത്തത്തോടെ രണ്ട്‌ വർഷത്തേക്കുള്ള ആതിഥേയരായാണ്‌ ഇന്ത്യയെ പ്രഖ്യാപിച്ചത്‌.

ആതിഥേയ രാജ്യമെന്ന നിലയിൽ, 2023, 2024 വർഷങ്ങളിലെ റുപേ പ്രൈം വോളിബോൾ ലീഗിലെ ജേതാക്കൾ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച വോളിബോൾ രാജ്യങ്ങളിൽനിന്നുള്ള ക്ലബ്ബുകളുമായി വലിയ പോരാട്ടങ്ങൾക്ക്‌ അവസരമൊരുങ്ങും. വോളിബോൾ ലോക ചാമ്പ്യൻഷിപ്‌ പോരാട്ടങ്ങളിൽ ഇന്ത്യയിൽ പ്രത്യേകമായി വിപണനം ചെയ്യുന്നത്‌ റുപേ പ്രൈം വോളിബോൾ ലീഗിന്റെ സ്ഥാപക പങ്കാളികൾ കൂടിയായ ഇന്ത്യയിലെ പ്രമുഖ സ്‌പോർട്‌സ് മാർക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈൻ വെഞ്ചേഴ്‌സാണ്‌.

2023 ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ചാമ്പ്യൻഷിപ്‌. ഈ വർഷം അവസാനം ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും.

2022-ൽ റുപേ പ്രൈം വോളിബോൾ ലീഗ് ആരംഭിച്ചതിന് ശേഷം കായികരംഗത്ത് വൻ കുതിച്ചുചാട്ടമാണ്‌ ഇന്ത്യയിൽ നടക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലേക്ക് ഈ ടൂർണമെന്റ് വഴി മികച്ച രാജ്യാന്തര വോളിബോളിനെ കൊണ്ടുവരുന്നത്‌. ലീഗിന്റെ സീസൺ 1 ഇന്ത്യയിൽ മാത്രം 133 ദശലക്ഷം പേർ ടിവിയിൽ കണ്ടു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ 84 ദശലക്ഷത്തിലധികം ആരാധകരിലേക്കുമെത്തി.

ലോകത്താകമാനം 20 വർഷത്തിലേറെയായി വോളിബോൾ ക്ലബ് ലോകചാമ്പ്യൻഷിപ് മികച്ച പുരുഷ താരങ്ങളുടെ പ്രൊഫഷണൽ ക്ലബ്ബുകളെ അവതരിപ്പിക്കുന്നു. വോളിബോൾ ലോക ചാമ്പ്യൻ പട്ടത്തിന്‌ പുറമെ 350,000 ഡോളർ സമ്മാനത്തുകയും ലഭിക്കും.

‘‘പുരുഷന്മാരുടെ ഏറ്റവും മികച്ച വോളിബോൾ ചാമ്പ്യൻഷിപ്‌ ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ എഫ്‌ഐവിബി അതീവ സന്തോഷത്തിലാണ്‌. ആതിഥേയ രാജ്യം ഉൾപ്പെടെ ലോകത്തെ മുൻനിര ക്ലബ്ബുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പാണ്‌. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആരാധകർക്ക്‌ ആവേശകരമായ വോളിബോൾ ചലനങ്ങളും കായിക താരങ്ങളുടെ അസാധ്യ പ്രകടനവും ഉറപ്പുനൽകാൻ ഞങ്ങൾക്ക്‌ കഴിയും.”‐ എഫ്‌ഐവിബി പ്രസിഡന്റ്‌ ഡോ. ആരി എസ്‌ ഗ്രാഫ എഫ്‌ പറഞ്ഞു.

ഉപഭൂഖണ്ഡത്തിൽ ആദ്യമായി ലോക ക്ലബ് ചാമ്പ്യൻഷിപ്‌ നടക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആവേശകരവും തകർപ്പൻ പോരാട്ടവീര്യമുള്ള മത്സരങ്ങൾക്കും പേരുകേട്ടതാണ് ഈ ടൂർണമെന്റ്. കൂടാതെ മികച്ച ക്ലബ്ബുകളും അത്‌ലറ്റുകളും ഉയർന്ന തലത്തിൽ മത്സരിക്കുന്നത് കാണാൻ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആരാധകർക്ക് ടിവിയിലൂടെ കാണാനുള്ള അവസരം നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്‌‐ വോളിബോൾ വേൾഡ് സിഇഒ ഫിൻ ടെയ്‌ലർ പറഞ്ഞു.

“ഇത് ഇന്ത്യൻ കായികരംഗത്തെ ചരിത്ര നിമിഷമാണ്. ലോകമെമ്പാടുമുള്ള മികച്ച കായിക താരങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇന്ത്യയിലേക്ക് എത്തുന്നു. ഒപ്പം നമ്മുടെ ഇന്ത്യൻ കളിക്കാർക്ക് അവർക്കെതിരെ മത്സരിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. 2028 ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് ഇന്ത്യൻ വോളിബോൾ ടീമിന്‌ സഹായിക്കുന്നതിനായൂള്ള ഞങ്ങളുടെ ദൗത്യത്തിന് മുതൽക്കൂട്ടാകും. തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഒരു ആഗോള കായിക മേള ഞങ്ങളുടെ കളിക്കാർക്ക് മികച്ച വേദിയും എക്സ്പോഷറും നൽകും’’‐ബേസ്‌ലൈൻ വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനും റുപേ പ്രൈം വോളിബോൾ ലീഗിന്റെ കോ-പ്രൊമോട്ടറുമായ തുഹിൻ മിശ്ര പറഞ്ഞു.

“ഞങ്ങളുടെ ലീഗിന് ഇതൊരു വലിയ വാർത്തയാണ്. റുപേ പ്രൈം വോളിബോൾ ലീഗിലെ എല്ലാ ടീമുകൾക്കും മികച്ച പ്രകടനം നടത്താനുള്ള പ്രോത്‌സാഹനമാണ്‌ ഇത്‌ നൽകുന്നത്‌.അങ്ങനെ അവർക്ക് ക്ലബ് ലോക ചാമ്പ്യൻഷിപ്പിൽ കളിക്കാനും കഴിയും. ഇന്ത്യയിലെ വോളിബോൾ ആരാധകർക്ക്‌ ഈ ആഗോള കായികമേള ആവേശകരമായ അനുഭവമായിരിക്കും നൽകുക. ഇന്ത്യൻ മണ്ണിൽ മികച്ച വോളിബോളിനായിരിക്കും അവർ സാക്ഷ്യം വഹിക്കുക‐ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ഉടമയും പ്രൈം വോളിബോൾ ലീഗ് ബോർഡ് ചെയർമാനുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.

എ23 പ്രായോജകരായ റുപേ പ്രൈം വോളിബോൾ ലീഗ് ഫെബ്രുവരി നാല്‌ ശനിയാഴ്ച മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് വോളിബോൾ വേൾഡ് ടിവിയിൽ തത്സമയം സ്ട്രീം ചെയ്യും. ലോക ക്ലബ് ചാമ്പ്യൻഷിപ്പിനായി യോഗ്യതയുള്ള ടീമുകളും അവസാന മത്സരക്രമവും പിന്നീട് പ്രഖ്യാപിക്കും. ടൂർണമെന്റിലെ മത്സരങ്ങൾ ആഗോളതലത്തിൽ വോളിബോൾ വേൾഡ് ടിവിയിലൂടെ കാണാനാകുമെന്ന്‌ ആരാധകർക്ക്‌ പ്രതീക്ഷിക്കാം.

(Press Release)