സ്വപ്ന ബര്‍മ്മനു പുതിയ ഷൂവെത്തുന്നു, അഡിഡാസ് വക

ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് സ്വപ്ന ബര്‍മ്മന്റെ ഏറ്റവും വലിയ വെല്ലുവിളി തന്റെ കാലിനു പറ്റിയ ഷൂ ഇല്ലായിരുന്നു എന്നതായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ കാലുകളില്‍ വിരലുകള്‍ ആറെണ്ണമാണെന്നതിനാല്‍ പാകമുള്ള ഷൂ എന്നും ഒരു തലവേദനയായിരുന്നു. പലപ്പോഴും അത് താരത്തിനു വേദന സമ്മാനിക്കുമ്പോളും അതെല്ലാം മറികടന്നാണ് താരം അത്‍ലറ്റിക്സ് ട്രാക്കില്‍ മികച്ച വിജയങ്ങള്‍ കൊയ്തിരുന്നത്.

ഇപ്പോള്‍ ഈ തലവേദനയ്ക്ക് അറുതി വന്നിരിക്കുകയാണ്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ഷൂ കമ്പനിയായ അഡിഡാസുമായി കരാറിലെത്തിയതോടെ താരത്തിനു തന്റെ കാലുകള്‍ക്ക് പാകമായ പ്രത്യേകം ഷൂകള്‍ ഇനി മുതല്‍ ലഭിക്കുമെന്നാണ് അറിയുന്നത്. ഇത് താരത്തിനു ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.