ലക്ഷദ്വീപ് സ്കൂൾ കായികമേളക്ക് ഒരുങ്ങി ചെത്ത്ലത്ത്, ആശങ്കയോടെ ചാമ്പ്യന്മാർ

- Advertisement -

ദ്വീപിന്റെ കായികപോരാട്ടങ്ങൾക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. വരുന്ന 31 തിയ്യതി മുതൽ നവംബർ 10 വരെയാണ് ലക്ഷദ്വീപ് കായിക മേള നടക്കുക. ദേശിയതലത്തിലേക്കുള്ള യോഗ്യത ഒപ്പം നടക്കുന്നതിനാൽ തന്നെ ആവേശപോരാട്ടത്തിനാവും ചെത്ത്ലത്ത് ദ്വീപ് സാക്ഷ്യം വഹിക്കുക. Dr. APJ അബ്ദുൽ കലാമിന്റെ പേരിലുള്ള അതിമനോഹരമായ മത്സരവേദിയൊരിക്കി ചെത്ത്ലത്ത് പൂർണ്ണസജ്ജവുമാണ്.

14 നു താഴെ, 17 നു താഴെ, 19 നു താഴെ എന്നിങ്ങനെയാണ് മേള നടക്കുക. അത് ലെ റ്റിക്സ്, സ്വിമ്മിങ്ങ്, ഗെയിംസ് എന്നീ ഇനങ്ങളിലാണ് മേള. അടുത്ത വർഷങ്ങളെ അപേക്ഷിച്ച് വിവാദങ്ങളും മേളക്ക് കൂട്ടിനുണ്ട്. വർഷങ്ങളായി ലക്ഷദ്വീപ് സ്കൂൾ കായികമേളക്ക് ആന്ത്രോത്ത് ദ്വീപ് എന്ന ഒറ്റ ചാമ്പ്യന്മാരെ ഉണ്ടാവാറുള്ളു എന്ന പതിവിന് ഇത്തവണ മാറ്റം വരുമോ എന്ന ചോദ്യമാണ് എല്ലാരുടേയും മനസ്സിൽ. റെക്കോർഡ് ചാമ്പ്യന്മാർ കഴിഞ്ഞ വർഷം അമിനിയിൽ തുടർച്ചയായ 14 മത് കിരീടമാണുയർത്തിയത്. എന്നാൽ ഇത്തവണ ആന്ത്രോത്തിന് അത്ര ശുഭകരമായ തുടക്കമല്ല മേളക്ക് മുമ്പേ ലഭിച്ചത്.

ഈ വർഷത്തെ സുബത്രോ മുഖർജിയിൽ അണ്ടർ 14, 17 വിഭാഗങ്ങളിലും ആന്ത്രോത്ത് ദ്വീപാണ് ലക്ഷദ്വീപിനെ പ്രതിനധീകരിക്കുക. LSG ക്കൊപ്പം ഡൽഹിൽ വച്ച് നടക്കുന്ന മുഖർജി കൂടി വന്നതോടെ ആന്ത്രോത്ത് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. കുട്ടികളുടെ അഭാവത്തിൽ ഉറച്ച 25-35 വരെയുള്ള പോയിന്റുകൾ ആന്ത്രോത്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. ഇതാണ് ആന്ത്രോത്തിന് ആശങ്കയും മറ്റ് ദ്വീപുകൾക്ക് പ്രതീക്ഷയും നൽകുന്നത്.

LSG മാറ്റി വക്കാൻ എല്ലാ വിധത്തിലും ആന്ത്രോത്ത് ദ്വീപ് ശ്രമിച്ചെങ്കിലും നാഷണൽസിന്റെ സമയം പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ അഭ്യർത്ഥന തള്ളി. എന്നാൽ ആന്ത്രോത്തിന്റെ ചാമ്പ്യൻ പട്ടം എങ്ങനെയും പിടിച്ചെടുക്കണമെന്ന ചിലരുടെ താൽപര്യവും ഇതിന് പിറകിലുണ്ടെന്നാണ് ആന്ത്രോത്ത് ദ്വീപിലെ പലരും കരുതുന്നത്. കവരത്തി, മിനിക്കോയി, അമിനി, അഗത്തി എന്നീ ദ്വീപുകളാവും ആന്ത്രോത്തിന്റെ പ്രധാന വെല്ലുവിളി. എങ്ങനെ വന്നാലും തങ്ങളുടെ അഭിമാനവും അഹങ്കാരവും അങ്ങനെ വിട്ട് കളയില്ലെന്ന വാശിയിൽ ആന്ത്രോത്തും, ആന്ത്രോത്തിന്റെ കുത്തക അവസാനിപ്പിക്കാൻ മറ്റ് 9 ദ്വീപുകളും ഇറങ്ങുമ്പോൾ ചെത്ത്ലത്തിലെ കളത്തിൽ തീ പാറും എന്നുറപ്പാണ്.

Advertisement