ബെംഗളൂരുവിനെതിരെ നേരിയ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍

പോയിന്റുകള്‍ അധികം പിറക്കാതിരുന്ന മത്സരത്തില്‍ 2 പോയിന്റ് ലീഡില്‍ മത്സരം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 27-25നാണ് പള്‍ട്ടന്റെ വിജയം. ആദ്യ പകുതിയില്‍ 13-10നു ലീഡ് ബെംഗളൂരുവിനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവാണ് പള്‍ട്ടന്‍ നടത്തിയത്.

റെയിഡിംഗില്‍ 13-12നു ബുള്‍സിനായിരുന്നു ലീഡെങ്കില്‍ പ്രതിരോധത്തില്‍ ഇരു ടീമുകളും ഒപ്പം നിന്നു. ഒരു തവണ പൂനെയെ ഓള്‍ഔട്ടും ആക്കിയ ബെംഗളൂരുവിനു തിരിച്ചടിയായത് പൂനെ നേടിയ അഞ്ച് അധിക പോയിന്റുകളാണ്. മറ്റു മേഖലകളിലെ തങ്ങളുടെ മേല്‍ക്കൈ ഇവിടെ ബെംഗളൂരുവിനു കൈമോശം വരികയായിരുന്നു.

8 പോയിന്റ് നേടിയ കാശിലിംഗ് അഡ്കേയും 6 പോയിന്റ് നേടിയ പവന്‍ ഷെഹ്റാവത്തും ബെംഗളൂരു നിരയില്‍ തിളങ്ങിയെങ്കിലും ഇവരുടെ വ്യക്തിഗത മികവിനു ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 5 പോയിന്റുകള്‍ സ്വന്തമാക്കിയ അക്ഷയ് ജാധവ് പൂനെ നിരയില്‍ വ്യത്യസ്തനായി. 2 ടച്ച് പോയിന്റും ബോണ്‍സ് പോയിന്റുമാണ് താരം പകരക്കാരനായി വന്ന് നേടിയത്. മോനു നാല് പോയിന്റ് നേടിയപ്പോള്‍ മൂന്ന് പോയിന്റുമായി നിതിന്‍ തോമര്‍, രവി കുമാര്‍, ശുഭം ഷിന്‍ഡേ എന്നിവരും പൂനെയ്ക്കായി തിളങ്ങി.