സമനില കുരുക്കില്‍ തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രൊകബഡി ലീഗില്‍ വീണ്ടുമൊരു സമനില. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹരിയാന സ്റ്റീലേഴ്സ് തമിഴ് തലൈവാസ് മത്സരം ആവേശകരമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-15നു ഹരിയാനയായിരുന്നു ലീഡിലെങ്കിലും മികച്ച തിരിച്ചുവരവ് നടത്തി തമിഴ് തലൈവാസ് ലീഡ് കൈവശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ അവശേഷിക്കെ 2 പോയിന്റ് ലീഡ് തലൈവാസ് നേടിയെങ്കിലും അവസാന നിമിഷങ്ങളില്‍ ഹരിയാന തലൈവാസിനു ഒപ്പം പിടിയ്ക്കുകയായിരുന്നു.

18-17നു റെയിഡിംഗില്‍ ഹരിയാനയായിരുന്നു മുന്നിലെങ്കില്‍ 11-9നു പ്രതിരോധത്തില്‍ തമിഴ് തലൈവാസ് ലീഡ് നേടി. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആവുകയായിരുന്നു. അധിക പോയിന്റില്‍ 3-2 എന്ന സ്കോറിനു ലീഡ് ഹരിയാനയ്ക്കായിരുന്നു.

സുകേഷ് ഹെഗ്ഡേ(7), അജയ് താക്കൂര്‍(6), മഞ്ജീത്ത് ചില്ലര്‍(4), ജസ്വീര്‍ സിംഗ്(4) എന്നിവരാണ് തമിഴ് തലൈവാസ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. ഹരിയാനയുടെ വികാസ് ഖണ്ഡോല 14 പോയിന്റുകളുമായി മത്സരത്തിലെ തന്നെ സൂപ്പര്‍ താരമായി മാറി. നവീന്‍ 5 പോയിന്റ് നേടി വികാസിനു പിന്തുണ നല്‍കി.