ഡല്‍ഹിയ്ക്ക് മികച്ച ജയം, ജയ്പൂരിനെ തകര്‍ത്തത് 11 പോയിന്റ് വ്യത്യാസത്തില്‍

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40-29 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 20-16ന്റെ നേരിയ ലീഡ് മാത്രമാണ് ടീമിനു നേടാനായതെങ്കിലും ഇടവേളയ്ക്ക് ശേഷം മികവ് ഉയര്‍ത്തിയ ഡല്‍ഹി ലീഡ് 11 പോയിന്റ് ആയി വര്‍ദ്ധിപ്പിച്ചു.

15 പോയിന്റ് നേടിയ ദീപക് ഹൂഡ മത്സരത്തിലെ ടോപ് സ്കോറര്‍ ആയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിനായില്ല. ജയ്പൂരിനായി അനൂപ് കുമാര്‍ 6 പോയിന്റും നേടി. ടീം വര്‍ക്കാണ് ഡല്‍ഹിയുടെ ജയം ഉറപ്പാക്കിയത്. നവീന്‍ കുമാര്‍(10), മെഹ്റാജ് ഷെയ്ഖ്(9), ചന്ദ്രന്‍ രഞ്ജിത്ത്(8) എന്നിവരാണ് ടീമിനായി തിളങ്ങിയവര്‍.

റെയിഡിംഗില്‍ 27-22നു ഡല്‍ഹി ലീഡ് കൈവശപ്പെടുത്തിയപ്പോള്‍ പ്രതിരോധത്തില്‍ നേരിയ ലീഡ് മാത്രമാണ് ടീമിനു ലഭിച്ചത്. 8-7 എന്ന സ്കോറിനാണ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്നിട്ട് നിന്നത്. രണ്ട് തവണ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കുവാനും ഡല്‍ഹിയ്ക്കായി. ഒരു അധിക പോയിന്റും ഡല്‍ഹി മത്സരത്തില്‍ നിന്ന് സ്വന്തമാക്കി.