ജോർജ് ഫ്ലോയിഡിന്റെ മരണം ഉണ്ടാക്കിയ വംശീയതക്ക് എതിരായ പോരാട്ടത്തിലെ ലിബ്രോൻ ജെയിംസിന്റെ നിലപാടുകളെ അഭിനന്ദിച്ചു ജോർജ് ഫ്ലോയിഡിന്റെ സുഹൃത്ത് കൂടിയായ മുൻ എൻ.ബി.എ ജേതാവ് സ്റ്റീഫൻ ജാക്സൻ. സമാനമായ രൂപമായതിനാൽ തന്റെ ഇരട്ടസഹോദരൻ എന്നു ജോർജ് ഫ്ലോയിഡിനെ വിളിച്ചിരുന്ന സ്റ്റീഫൻ ജാക്സൻ, അതിശക്തമായ രീതിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഏതാണ്ട് ഇത്രയും സമാനമായ രീതിയിൽ തന്നെയാണ് ഇതിനെതിരെ ലേക്കേഴ്‌സ് താരം ആയ ലിബ്രോൻ ജെയിംസ് പ്രതികരിച്ചത്. തുടക്കം മുതൽ തന്നെ വംശീയതക്ക് എതിരായി നീതിക്ക് ആയി ശബ്ദമുയർത്തിയ ലിബ്രോൻ മറ്റുള്ളവർക്ക് പ്രചോദനവും ആയിരുന്നു.
പോലീസ് ക്രൂരതക്കും വംശീയതക്കും ഇരയായ ജോർജ് ഫ്ലോയിഡിനു നീതിക്ക് ആയി അമേരിക്കയിൽ നിരവധി കായിക താരങ്ങൾ ആണ് രംഗത്ത് വന്നത്. എന്നാൽ എന്നും നീതിക്കും, വംശീയതക്ക് എതിരായ യുദ്ധത്തിലും, തുല്യതക്കും ആയി ആദ്യം മുന്നിട്ടിറങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് ലിബ്രോൻ ജെയിംസ്. ഈ ഒരു കാരണം തന്നെയാണ് ലിബ്രോനെ മഹാനായ താരം എന്നു സ്റ്റീഫൻ ജാക്സൻ വിളിക്കാൻ കാരണം. ഈ പോരാട്ടം ബാസ്‌ക്കറ്റ് ബോളിനെക്കാളും വലുത് ആണെന്ന് പറഞ്ഞ ജാക്സൻ പലപ്പോഴും ഇത് പോലുള്ള ഏതൊരു പ്രതിഷേധത്തിലും ആദ്യം പിന്തുണയും ആയി എത്തുന്ന ലിബ്രോന്റെ മേന്മയും എടുത്ത് പറഞ്ഞു. സുഹൃത്തിനും ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനും നീതിക്കായുള്ള പോരാട്ടം തുടരും എന്നു കൂടി ജാക്സൻ വ്യക്തമാക്കി.