സിന്ധുവിന് വിജയം, കിഡംബി പുറത്ത്, സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം, ഇത് ചരിത്ര നേട്ടം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ജയം. അതേ സമയം പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി തോറ്റ് പുറത്തായി. 21-14, 21-6 എന്ന സ്കോറിനാണ് അമേരിക്കയുടെ ബീവെന്‍ സാംഗിനോട് സിന്ധു വിജയിച്ചത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

12ാം സീഡായ തായ്‍ലാന്‍ഡിന്റെ കാന്റാഫോണ്‍ വാംഗ്ചാരോന്‍ ആണ് കിഡംബിയെ പരാജയപ്പെടുത്തിയത്. 40 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 14-21, 13-21.

തുടര്‍ച്ചയായ ആറ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ വനിത താരമായി പിവി സിന്ധു. ഇന്ന് സിംഗിള്‍സ് പോരാട്ടത്തില്‍ തന്റെ അമേരിക്കന്‍ എതിരാളിയെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു കീഴടക്കിയത്. ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടമായാണ് സിന്ധുവിന്റെ ഈ നേട്ടത്തെ വിലയിരുത്തുന്നത്. തന്റെ കരിയറിലെ ആദ്യ ആറ് അവസരങ്ങളില്‍ തന്നെ സിന്ധു ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കുകയായിരുന്നു.