ഏഷ്യന്‍ ഗെയിംസ് ജേതാവിനോട് കീഴടങ്ങി സമീര്‍ വര്‍മ്മ

ഏഷ്യന്‍ ഗെയിം ജേതാവായ സമീര്‍ വര്‍മ്മയോട് ആവേശകരമായ മത്സരത്തിനൊടുവില്‍ കീഴടങ്ങി സമീര്‍ വര്‍മ്മ. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യം ഗെയിം നേടിയ ശേഷമാണ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് സമീര്‍ വര്‍മ്മയുടെ തോല്‍വി. 21-16, 17-21, 15-21 എന്ന സ്കോറിനായിരുന്നു സമീര്‍ ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങിയത്.

കഴിഞ്ഞാഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇതേ എതിരാളിയോട് സമീര്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആ നേട്ടം സ്വന്തമാക്കുവാന്‍ സമീറിനായില്ല. ഒരു മണിക്കൂര്‍ ഒരു മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം അടിയറവു പറഞ്ഞത്.

അതേ സമയം പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് കൊറിയന്‍ ജോഡികളെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. 37 മിനുട്ടില്‍ 21-18, 21-17 എന്ന സ്കോറിനാണ് വിജയം.