ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം നേടി ചരിത്രം എഴുതി ഇറ്റാലിയൻ താരം ജിയാന്‍മാര്‍ക്കോ ടംബേരി. നേരത്തെ ഒളിമ്പിക്, ലോക ഇൻഡോർ ലോക ചാമ്പ്യൻഷിപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, യൂറോപ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പ് തുടങ്ങിയവയിൽ സ്വർണം നേടിയ താരത്തിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് സ്വർണം ആണ് ഇത്. ആവേശകരമായ ഫൈനലിൽ 2.36 മീറ്റർ ചാടിയാണ് ഇറ്റാലിയൻ താരം സ്വർണം നേടിയത്. തന്റെ സ്വതസിദ്ധമായ രീതിയിൽ സ്വർണ നേട്ടം താരം ആഘോഷിക്കുന്നതും കാണാൻ ആയി.
ഫൈനലിൽ സമാന ഉയരം താണ്ടാൻ അമേരിക്കൻ താരം ജുവോൺ ഹാരിസണിനും ആയെങ്കിലും കൂടുതൽ അവസരങ്ങൾ എടുത്തിനാൽ താരം വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. മൂന്നു അവസരങ്ങളിലും 2.36 മീറ്റർ ചാടാൻ പരാജയപ്പെട്ടു 2.33 മീറ്റർ ചാടിയ ഖത്തർ താരം മുത്താസ് ഇസ ബാശിം വെങ്കല മെഡൽ നേടി. കഴിഞ്ഞ ഒളിമ്പിക്സിൽ ഉറ്റ സുഹൃത്തുക്കൾ ആയ ടംബേരിയും ബാശിമും സ്വർണം പങ്ക് വെച്ചിരുന്നു. അതേസമയം വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ കെനിയയുടെ ഫെയ്ത്ത് കിപ്യഗോണ്‍ തുടർച്ചയായ മൂന്നാം സ്വർണം സ്വന്തമാക്കി. 3 മിനിറ്റ് 54.87 സെക്കന്റ് സമയം എടുത്താണ് ഫെയ്ത്ത് 1500 മീറ്റർ പൂർത്തിയാക്കിയത്. എത്യോപ്യയുടെ ദിരിബെ വെൽട്ടെജി വെള്ളി മെഡൽ നേടിയപ്പോൾ ഡച്ച് സൂപ്പർ താരം സിഫാൻ ഹസൻ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടു.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ മൊറോക്കോയുടെ സൗഫിയാനെ എൽ ബക്കലി തന്റെ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നിലനിർത്തി. 8 മിനിറ്റ് 3.53 സെക്കന്റ് എടുത്ത് ആണ് താരം റേസ് പൂർത്തിയാക്കിയത്. 2021 സെപ്റ്റംബറിനു ശേഷം ഒരു റേസും താരം തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എത്യോപയുടെ ലമച്ച ഗിർമ വെള്ളി നേടിയപ്പോൾ കെനിയയുടെ അബ്രഹാം കിബിവോറ്റ് വെങ്കലവും നേടി. വനിതകളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ആദ്യ അമേരിക്കൻ താരമായി ലൗലൗഗ തൗസാഗ മാറി. 69.49 മീറ്റർ ദൂരമാണ് താരം എറിഞ്ഞത്. അമേരിക്കയുടെ തന്നെ വലരി അൽമാൻ വെള്ളി നേടിയപ്പോൾ ചൈനയുടെ ഫെങ് ബിൻ വെങ്കലവും നേടി.