വിവാദങ്ങൾ പുകയുകയാണ് അത്ലറ്റിക് ലോകത്ത്. ദക്ഷിണാഫ്രിക്കയുടെ 800 മീറ്റർ ലോകജേതാവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ കാസ്റ്റർ സെമനിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾ അരങ്ങേറുകയാണ് അത്‌ലറ്റിക് ലോകത്ത്. ഒളിമ്പിക്സിന് ഇനി ഒരു വർഷം ശേഷിക്കെ ഈ വിവാദങ്ങൾ എങ്ങനെ അത്ലറ്റിക്സിനെ ബാധിക്കും എന്ന ആശങ്കയിൽ ആണ് കായികലോകം. പുരുഷ ഹോർമോൺ ആയി അറിയപ്പെടുന്ന ‘Testrosterone’ ന്റെ സാന്നിധ്യം സ്ത്രീശരീരത്തിൽ എത്രത്തോളം ഉണ്ടാകാം എന്ന ചർച്ച എന്നും കായികരംഗത്ത് വിവാദങ്ങൾ സൃഷ്ടിച്ച ഒന്നാണ്. പുരുഷ ഹോർമോൺ സാന്നിധ്യം പല അത്ലറ്റുകൾക്കും ശാരീരികമായ ആനുകൂല്യം നൽകുന്നു എന്നതാണ് ഇതിനെതിരെയുള്ള വലിയ പരാതി. എന്നാൽ ശാരീരിക രീതി അവരുടേതും തെറ്റ് ആവാത്തത് കൊണ്ട് ലോക അത്ലറ്റിക് ഫെഡറേഷൻ പുരുഷ ഹോർമോണിന്റെ അളവ് എത്രത്തോളം ഉണ്ടാകണം, എത്രത്തോളം ഉണ്ടാകാൻ പാടില്ല തുടങ്ങി പല നിഷ്ടകളും വച്ചിട്ടുണ്ട്.
എന്നും ഇത്തരം വിവാദങ്ങൾ വേട്ടയാടിയ താരമാണ് 800 മീറ്ററിലെ ലോകത്തിലെ കിരീടം വെക്കാത്ത ജേതാവായ ദക്ഷിണാഫ്രിക്കൻ താരം കാസ്റ്റർ സെമനിയ. പുരുഷ ഹോർമോണിന്റെ അളവ് കുറക്കാനുള്ള മരുന്നുകളുടെ സഹായം ഇല്ലാതെ സെമനിയ 400 മീറ്ററിനു മുകളിലുള്ള ഓട്ടങ്ങളിൽ പങ്കെടുക്കേണ്ട എന്ന നിലപാട് ലോക അത്ലറ്റിക് ഫെഡറേഷൻ എടുത്തതോടെയാണ് നിലവിലുള്ള വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ഈ മരുന്നുകൾ ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കാറുള്ളത് എന്നതാണ് വാസ്തവം. ഇതിനെ ചോദ്യം ചെയ്ത് അന്തരാഷ്ട്ര കായിക കോടതിയെ സമീപിച്ച സെമനിയക്ക് പൂർണമായും അനുകൂലമായ വിധിയല്ല കോടതിയും നൽകിയത്. നിലവിലെ സാഹചര്യത്തിൽ ഈ നില തുടരാൻ ആവശ്യപ്പെട്ട കോടതി ഭാവിയിൽ കൂടുതൽ പരിശോധനക്ക് ശേഷം നിലപാട് മാറ്റുമോ എന്നു കണ്ടറിയണം. വിധിയെ സ്വാഗതം ചെയ്തു അത്ലറ്റിക് ഫെഡറേഷനിലെ പലരും.
എന്നാൽ തന്നെ മാനസികമായും ശാരീരികമായും തളർത്തുന്ന നിലപാടുകൾ ആണ് ഇതെന്ന് തുറന്നു പറഞ്ഞു സെമനിയ. പലർക്കും താനടക്കമുള്ള താരങ്ങളുടെ ഭാവി തകർക്കാനുള്ള ഗൂഢലക്ഷ്യം ഉണ്ടെന്നും സെമനിയ പറഞ്ഞു. ദോഹയിൽ ഉടനെ നടക്കാൻ ഇരിക്കുന്ന അത്ലറ്റിക് ലോകചാമ്പ്യൻഷിപ്പിൽ തന്റെ കിരീടം പ്രതിരോധിക്കാൻ തനിക്ക് സാധിക്കാത്തതിൽ കടുത്ത ദുഖവും നിരാശയും തുറന്നു പറഞ്ഞ സെമനിയ നീതിക്കായുള്ള പോരാട്ടങ്ങൾ തുടർന്നും ഉണ്ടാകും എന്നും വ്യക്തമാക്കി. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡങ്ങൾ ശരിയല്ല എന്ന് വിമർശിക്കുന്ന നിരവധി വിദഗ്ധരും വനിത സാമൂഹിക പ്രവർത്തകരും ഈ നിലപാടിന് എതിരെ രംഗത്ത് വന്നു. സെമനിയ അല്ല അത്ലറ്റിക് ഫെഡറേഷന് പ്രിയപ്പെട്ട ആരെങ്കിലും ആണെങ്കിൽ ഇത്തരം നിലപാട് ഉണ്ടാകുമോ എന്നും സംശയമാണ്. അതിനാൽ തന്നെ ഒളിമ്പിക്സിന് ഒരു വർഷം മാത്രം ശേഷിക്കെ ലോകഅത്ലറ്റിക്സിലെ ഒരു സൂപ്പർ താരത്തെ ചുറ്റി ഉയരുന്ന വിവാദങ്ങൾ എങ്ങനെ കായിക മേഖലയെ ബാധിക്കും എന്നു കണ്ടറിയണം. നീതി തേടി സെമനിയയും നിയമം പറഞ്ഞു അത്ലറ്റിക് ഫെഡറേഷനും നേർക്ക്നേർ നിൽക്കുമ്പോൾ ജയം ആർക്കെന്നു കാലം തെളിയിക്കും.