വേഗതക്ക് വനിതകളിൽ ഒരേ ഒരു പേര് മാത്രമേ ഉള്ളു, അത് അമ്മയായിട്ടും ഇപ്പോഴും ഓടി ഒന്നാമത് എത്തുന്ന ജമൈക്കൻ ഇതിഹാസം ഷെല്ലി ഫ്രെയ്‌സർ പ്രൈസ് തന്നെ. ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ സമയമായ 10.71 സെക്കന്റ് ദോഹയിൽ ഷെല്ലി കുറിച്ചപ്പോൾ തന്റെ ലോകചാമ്പ്യൻഷിപ്പിലെ നാലാം സ്വർണം ആണ് സ്വന്തമാക്കിയത്. 100 മീറ്ററിൽ മുമ്പ് രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ ഷെല്ലി തന്റെ സമീപകാലത്തെ മികച്ച റേസ് ആണ് പുറത്ത് എടുത്തത്. ഇതിഹാസങ്ങളുടെ നിരയിൽ ഇതിനകം എണ്ണുന്ന ഷെല്ലിയുടെ കരിയറിലെ മറ്റൊരു സുവർണ രാത്രിയായി ദോഹയിൽ ഇന്ന്.
ബ്രിട്ടീഷ് റെക്കോർഡ് പ്രകടനം നടത്തിയ കരിയറിലെ മികച്ച പ്രകടനം നടത്തിയ 23 കാരിയായ ഡിന ആഷ്ലി സ്മിത്ത് ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 10.83 സെക്കന്റുകൾക്ക് റേസ് പൂർത്തിയാക്കിയ ഡിനക്ക് പക്ഷെ ഷെല്ലിയെ മറികടക്കാൻ ആയില്ല. ഐവറി കോസ്റ്റിന്റെ മേരി ജോസി താ ലൗ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. 10.90 സെക്കന്റുകൾക്ക് ആണ് ഐവറി കോസ്റ്റ് താരം ഓടിയെത്തിയത്. അതേസമയം ജമൈക്കയുടെ മറ്റൊരു ഇതിഹാസതാരം എലീൻ തോംപ്‌സൺ നാലാമത് ആയി ആണ് റേസ് പൂർത്തിയാക്കിയത്.