വനിത റിലേയിൽ വെള്ളി മെഡലുമായി ഇന്ത്യ

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം നടക്കുമ്പോള്‍ ഇന്ന് വനിതകളുടെ 4×400 മീറ്റര്‍ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ കൂടി മെഡൽ പട്ടികയിലേക്ക് ഇന്ത്യ ചേര്‍ത്തിട്ടുണ്ട്. വിത്യ രാംരാജ്, ഐശ്വര്യ കൈലാശ് മിശ്ര, പ്രാചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി മെഡൽ നേടിയത്.

പുതിയ ദേശീയ റെക്കോര്‍ഡ് കൂടി 3:27:85 എന്ന സമയം കുറിച്ച് ഇവര്‍ നേടി. ബഹ്റൈന്‍ ആണ് സ്വര്‍ണ്ണം നേടിയത്.

കിഷോർ ജെനയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ ഗവൺമെന്റ്

ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച ജാവലിൻ താരം കിഷോർ ജെനയ്ക്ക് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച 25 ലക്ഷം രൂപയുടെ പാരിതോഷികം ആണ് ഒഡീഷ ഗവൺമെന്റ് പ്രഖ്യാപിച്ചത്.

ഞായറാഴ്ച നടന്ന ഫൈനലിൽ കിഷോർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. 84.77 മീറ്ററുമായി പുതിയ വ്യക്തിഗത ബെസ്റ്റ് ത്രോയും അദ്ദേഹം എറിഞ്ഞു. ഇന്ത്യയുടെ നീരജ് ചോപ്ര ആയിരുന്നു ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്.

കിഷോറിന്റെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ പ്രകടനം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനം ആണെന്നും, വരും വർഷങ്ങളിൽ നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പട്നായിക് പറഞ്ഞു.

ഭുവനേശ്വറിലെ ഗവൺമെന്റ് സ്‌പോർട്‌സ് ഹോസ്റ്റലിലെ ഉൽപ്പന്നമായ ജെന, പരിശീലകന്റെ നിർദ്ദേശപ്രകാരം വോളിബോളിൽ നിന്ന് മാറി 2015-ൽ ജാവലിൻ ഏറ്റെടുത്തു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുമ്പ് ഭുവനേശ്വറിലെ റിലയൻസ് ഫൗണ്ടേഷൻ അത്‌ലറ്റിക്‌സ് ഹൈ പെർഫോമൻസ് സെന്ററിൽ പരിശീലനത്തിലായിരുന്നു.

“ഈ മെഡൽ ഇന്ത്യക്ക് ഉള്ളതാണ്, മത്സരം കാണാൻ ഉറക്കം കളഞ്ഞ് ഇരുന്നവർക്ക് നന്ദി” നീരജ് ചോപ്ര

തന്റെ മത്സരം കാണാൻ ഉറക്കം ഒഴിച്ചിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നീരജ് ചോപ്ര. ഇന്നലെ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ഫൈനൽ രാത്രി 11.45നു ആരംഭിച്ച് ഒരു മണിവരെ നീണ്ടു നിന്നിരുന്നു. ഇത്രയും സമയം തന്റെ മത്സരം കാണാ‌ ആയി നിന്നവർക്ക് ഗോൾഡ് മെഡൽ ജേതാവ് നന്ദി പറഞ്ഞു. ഇന്നലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി നീരജ് ചോപ്ര മാറിയിരുന്നു.

“വൈകി ഉണർന്ന് നിന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മെഡൽ ഇന്ത്യയ്ക്കാകെയുള്ളതാണ്. ഞാൻ ഒളിമ്പിക് ചാമ്പ്യനാണ്, ഇപ്പോൾ ഞാൻ ലോക ചാമ്പ്യനാണ്. വ്യത്യസ്ത മേഖലകളിൽ കഠിനാധ്വാനം ചെയ്യുക. നമുക്ക് ലോകത്ത് ഒരു പേര് ഉണ്ടാക്കണം. മത്സര ശേഷം നീരജ് പറഞ്ഞു.

നീരജിന്റെ പിതാവ് സതീഷ് കുനാർ തന്റെ മകൻ ഒന്നാമത് എത്തും എന്ന് വിശ്വാസം ഉണ്ടായിരുന്നു എന്ന് പറഞ്ഞു

“എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, അവനും ആത്മവിശ്വാസമുണ്ടായിരുന്നു,” നീരജിന്റെ പിതാവ് അഭിമാനത്തോടെ പറഞ്ഞു.

പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഇന്ത്യ അഞ്ചാമത്, ഒളിമ്പിക് യോഗ്യത നേടി പരുൾ ചൗധരി

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഫൈനലിൽ ഇന്ത്യ അഞ്ചാമത്. യോഗ്യതയിൽ രണ്ടാമത് ആയി ഫൈനലിൽ മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് ആ മികവ് ഫൈനലിൽ പുറത്ത് എടുക്കാൻ ആയില്ല. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവർ അടങ്ങിയ ടീം 2 മിനിറ്റ് 59.92 സെക്കന്റിൽ ആണ് റിലെ ഫിനിഷ് ചെയ്തത്. അമേരിക്ക ആണ് ഈ ഇനത്തിൽ സ്വർണം നേടിയത്. ഫ്രാൻസ് വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. മെഡൽ നേടാൻ ആയില്ലെങ്കിലും ഏഷ്യൻ റെക്കോർഡ് കുറിച്ചു ഒളിമ്പിക് യോഗ്യതയും ആയാണ് ഇന്ത്യൻ ടീം മടങ്ങുന്നത്.

അതേസമയം വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽചേസ് ഫൈനലിൽ ഇന്ത്യയുടെ പരുൾ ചൗധരി 11 സ്ഥാനത്ത് എത്തി. 9 മിനിറ്റ് 15.31 സെക്കന്റ് സമയം കുറിച്ച പരുൾ പുതിയ ദേശീയ റെക്കോർഡ് ആണ് കുറിച്ചത്. ഇതിനു ഒപ്പം 2024 ലേക്കുള്ള പാരീസ് ഒളിമ്പിക്സിലേക്കും പരുൾ ചൗധരി യോഗ്യത നേടി. അവസാന ലാപ്പിലെ കുതിപ്പിലൂടെ കെനിയൻ വംശജയായ ബഹ്‌റൈൻ താരം വിൻഫ്രഡ് യാവി ഈ ഇനത്തിൽ സ്വർണം നേടിയപ്പോൾ കെനിയയുടെ ബിയാട്രിസ് ചെപ്കൊച് വെള്ളിയും കെനിയയുടെ തന്നെ ഫെയ്ത്ത് ചെറോറ്റിച് വെങ്കലവും നേടി.

വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര!! ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം

നീരജ് ചോപ്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലെറ്റ് താൻ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്. ഒളിമ്പിക് ഗോൾഡ് നേടിയ, ഡയമണ്ട് ലീഗിൽ ഒന്നാമതായ നീരജ് ചോപ്ര ഇന്ന് പുതിയ ഒരു ചരിത്രം കൂടെ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറി. ബുഡാപസ്റ്റിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണ്ണം ഉറപ്പിച്ചത്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് ഒരു ഫൗൾ ത്രോയോടെ ആണ് നീരജ് ചോപ്ര തുടങ്ങിയത്. എന്നാൽ രണ്ടാം ത്രോയിൽ നീരജ് ചോപ്ര ആ നിരാശ തീർത്തു. 88.17 മീറ്റർ എറിഞ്ഞു കൊണ്ട് നീരജ് ചോപ്ര ഒന്നാം സ്ഥാനത്തേക്ക് കയറി. നീരജിന്റെ മൂന്നാം ത്രോ 86.32 മീറ്റർ ആയിരുന്നു.

ഫൈനൽ റൗണ്ടിലെ നീരജിന്റെ നാലാം ത്രോ 84.64 ആയിരുന്നു. അഞ്ചാം ത്രോയിൽ 87.73ഉം നീരജ് എറിഞ്ഞു. നദീമിന് അവസാന ത്രോയിലും നീരജിനെ മറികടക്കാൻ ആവത്തതോടെ നീരജ് ഗോൾദ് ഉറപ്പിച്ചു.

പാകിസ്താന്റെ നദീം 87.82 മീറ്റർ എറിഞ്ഞ് വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ കിഷോർ ജെന 84.77 മീറ്ററും ഡി പി മനു 84.14 മീറ്ററും എറിഞ്ഞത്‌ അവരുടെ ഫൈനലിലെ മികച്ച ദൂരം കുറിച്ചു. കിശോർ അഞ്ചാമതും മനു ആറാമതും ഫിനിഷ് ചെയ്തു.

ഡുപ്ലാന്റിസ്! ഉയരങ്ങളുടെ രാജാവിന് വീണ്ടും പോൾ വോൾട്ട് സ്വർണം, വീണ്ടും സ്വർണം നേടി ഫെയ്ത്ത്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് പോൾ വോൾട്ടിലും സ്വർണം നേടി സ്വീഡന്റെ ലോക റെക്കോർഡ് ജേതാവ് അർമാൻഡ് ഡുപ്ലാന്റിസ്. പോൾ വോൾട്ടിലെ ഒരേയൊരു രാജാവ് ആയ ഡുപ്ലാന്റിസ് തന്റെ ലോക ചാമ്പ്യൻഷിപ്പ് സ്വർണം നിലനിർത്തിയത് 6.10 മീറ്റർ ഉയരം താണ്ടിയായിരുന്നു. സ്വർണം ഉറപ്പിച്ച ശേഷം തന്റെ തന്നെ 6.22 മീറ്റർ എന്ന ലോക റെക്കോർഡ് തകർക്കാൻ 6.23 മീറ്റർ ഉയരം വെച്ചു ശ്രമിച്ചു എങ്കിലും സ്വീഡിഷ് താരം പരാജയപ്പെട്ടു. 5 താരങ്ങൾ 5.90 മീറ്റർ ഉയരം താണ്ടിയ ഫൈനലിൽ ഏഷ്യൻ റെക്കോർഡ് കുറിച്ച് 6.00 മീറ്റർ താണ്ടിയ ഫിലിപ്പീൻസ് താരം ഏർനെസ്റ്റ് ജോൺ വെള്ളി മെഡൽ നേടി.

5.95 മീറ്റർ താണ്ടി ഏറ്റവും മികച്ച വ്യക്തിഗത ഉയരം കുറിച്ച ഓസ്‌ട്രേലിയൻ താരം കർട്ടിസ് മാർഷലും സീസൺ ബെസ്റ്റ് കുറിച്ച അമേരിക്കയുടെ ക്രിസ്റ്റഫർ നീൽസണും വെങ്കലം പങ്ക് വെച്ചു. 1500 മീറ്ററിന് പിന്നാലെ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിലും കെനിയയുടെ ഫെയ്ത്ത് കിപ്യഗോണ്‍ സ്വർണം നേടി. അവസാന ലാപ്പ് വെറും 56 സെക്കന്റിൽ പൂർത്തിയാക്കിയ ഇതിഹാസ കെനിയൻ താരം 14 മിനിറ്റ് 53.88 സെക്കന്റിൽ ആണ് 5000 മീറ്റർ പൂർത്തിയാക്കിയത്. ഡച്ച് സൂപ്പർ താരം സിഫാൻ ഹസൻ വെള്ളി മെഡൽ നേടിയപ്പോൾ കെനിയയുടെ ബിയാട്രിസ് ചെബറ്റ് വെങ്കലം നേടി.

പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ കാനഡയുടെ മാർകോ അറോപ് സ്വർണം നേടി. 1 മിനിറ്റ് 44.24 സെക്കന്റിൽ 800 മീറ്റർ പൂർത്തിയാക്കിയ മാർകോ 800 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ കനേഡിയൻ താരമായി. കെനിയയുടെ ഇമ്മാനുവൽ വെള്ളി നേടിയപ്പോൾ ബ്രിട്ടന്റെ ബെൻ പാറ്റിസണിനു ആണ് ഈ ഇനത്തിൽ വെങ്കലം. വനിതകളുടെ ഷോട്ട് പുട്ടിൽ സീസൺ ബെസ്റ്റ് ആയ 20.43 മീറ്റർ എറിഞ്ഞ അമേരിക്കയുടെ ചെസ് ഈലി സ്വർണം നേടിയപ്പോൾ സീസൺ ബെസ്റ്റ് ആയ 20.08 മീറ്റർ എറിഞ്ഞ കാനഡയുടെ സാറ മിറ്റോൺ വെള്ളി നേടി. ചൈനയുടെ ഗോങ് ലിഹിയോ ആണ് വെങ്കലം നേടിയത്.

മൂന്നാം സ്വർണം നേടി നോഹ ലെയ്ൽസ്, 4×100 മീറ്റർ രണ്ടു റിലെയിലും അമേരിക്കൻ ആധിപത്യം

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്വർണം സ്വന്തമാക്കി അമേരിക്കൻ സ്പ്രിന്റർ നോഹ ലെയ്ൽസ്. 100, 200 മീറ്ററുകളിൽ സ്വർണം നേടിയ താരം ഇന്ന് 4×100 മീറ്റർ റിലെയിലും സ്വർണം നേടി. സാക്ഷാൽ ഉസൈൻ ബോൾട്ടിനു ശേഷം ഒരു ലോക ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണം നേടുന്ന താരമായും ലെയിൽസ് മാറി. ടെയ്‌സൻ ഗെ, ആലിസൻ ഫെലിക്‌സ് എന്നിവർക്ക് ശേഷം ഒരു ലോക ചാമ്പ്യൻഷിപ്പിൽ 3 സ്വർണം നേടുന്ന ആദ്യ അമേരിക്കൻ താരം കൂടിയാണ് ലെയ്ൽസ്. 37.38 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ അവർ ഈ വർഷത്തെ ഏറ്റവും മികച്ച സമയവും കുറിച്ചു വേൾഡ് ലീഡ് സ്വന്തമാക്കി. 37.62 സെക്കന്റിൽ സീസൺ ബെസ്റ്റ് കുറിച്ച ഇറ്റലി വെള്ളി മെഡൽ നേടിയപ്പോൾ ജമൈക്കയാണ് വെങ്കലം നേടിയത്.

അതേസമയം 4×100 മീറ്റർ റിലെയിൽ സ്വർണം നേടിയ അമേരിക്കൻ വനിത ടീം ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് ആണ് കുറിച്ചത്. ഇത് ആദ്യമായാണ് ഈ ഇരു ഇനങ്ങളിലും അമേരിക്ക സ്വർണം നേടുന്നത്. തമാറി ഡേവിസ്, ടി ടി ടെറി, ഗാബി തോമസ്, ഷ’കാരി റിച്ചാർഡ്സൺ എന്നിവർ അടങ്ങിയ ടീം 41.03 സെക്കന്റിൽ റിലെ പൂർത്തിയാക്കി ചാമ്പ്യൻഷിപ്പ് റെക്കോർഡ് തകർത്തു. 100 മീറ്ററിലും സ്വർണം നേടിയ റിച്ചാർഡ്സണിന്റെ രണ്ടാം സ്വർണം കൂടിയാണ് ഇത്. 41.21 സെക്കന്റിൽ സീസൺ ബെസ്റ്റ് സമയം കുറിച്ച ജമൈക്ക വെള്ളി മെഡൽ നേടിയപ്പോൾ ബ്രിട്ടൻ ആണ് വെങ്കലം നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ മുന്നേറ്റം തുടരുകയാണ്.

അതേസമയം വനിതകളുടെ മാരത്തോൺ എത്യോപ്യൻ ആധിപത്യം ആണ് കണ്ടത്. സീസൺ ബെസ്റ്റ് സമയം ആയ 2 മണിക്കൂർ 24 മിനിറ്റ് 23 സെക്കന്റ് സമയം കുറിച്ച അമനെ ബെറിസോ സ്വർണം നേടിയപ്പോൾ എത്യോപയുടെ തന്നെ ഗബ്രസലിസെ വെള്ളിയും മൊറോക്കോയുടെ ഫാത്തിമ ഗെർദാദി വെങ്കലവും നേടി. പുരുഷന്മാരുടെ ഡെക്കാത്തലോണിൽ സീസണിലെ മികച്ച പോയിന്റ് കണ്ടത്തി വേൾഡ് ലീഡ് കുറിച്ച കാനഡയുടെ പിയേഴ്‌സ് ലെപേജ് ആണ് സ്വർണം നേടിയത്. 8909 പോയിന്റ് ആണ് താരം നേടിയത്. സീസൺ ബെസ്റ്റ് പോയിന്റ് നേടിയ കാനഡയുടെ തന്നെ ഡാമിയൻ വാർണർ വെള്ളി നേടിയപ്പോൾ ദേശീയ റെക്കോർഡ് കുറിച്ച ഗ്രനാഡയുടെ ലിന്റൻ വിക്ടർ വെങ്കല മെഡൽ നേടി.

ഏഷ്യൻ റെക്കോർഡ് തകർത്തു 4×400 മീറ്റർ റിലെയിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ പുരുഷ ടീം

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഏഷ്യൻ റെക്കോർഡ് കുറിച്ചു ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ ടീം. മലയാളി താരങ്ങൾ അടക്കം അടങ്ങുന്ന മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവർ അടങ്ങുന്ന ടീം ആണ് ചരിത്രം സൃഷ്ടിച്ചത്.

തങ്ങളുടെ ഹീറ്റ്സിൽ അമേരിക്കക്ക് പിന്നിൽ രണ്ടാമത് ആയ ഇന്ത്യൻ ടീം 2 മിനിറ്റ് 59.05 സെക്കന്റ് സമയം കുറിച്ചാണ് പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ചത്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഈ ഇനത്തിൽ പുരുഷ ടീം ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്നത്. നാളെ നടക്കുന്ന ഫൈനലിൽ ഇതിലും മികച്ച പ്രകടനം നടത്താൻ ആവും ഇന്ത്യൻ ടീമിന്റെ ശ്രമം.

200 മീറ്ററിൽ ചാമ്പ്യൻഷിപ്പ് റെക്കോർഡ് കുറിച്ചു ഷെറിക ജാക്സൺ, 200 മീറ്ററിലും സ്വർണം നേടി നോഹ ലെയിൽസ്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ചാമ്പ്യൻഷിപ്പ് റെക്കോർഡ് കുറിച്ചു ജമൈക്കയുടെ ഷെറിക ജാക്സൺ. വെറും 21.41 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയ ജമൈക്കൻ താരം ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം ആണ് ഇന്ന് കുറിച്ചത്. 21.81 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ അമേരിക്കയുടെ ഗാബി തോമസ് വെള്ളി മെഡൽ നേടിയപ്പോൾ 21.92 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ 100 മീറ്ററിൽ സ്വർണം നേടിയ അമേരിക്കയുടെ തന്നെ ഷ’കാരി റിച്ചാർഡ്സൺ വെങ്കല മെഡൽ നേടി.

അതേസമയം പുരുഷന്മാരുടെ 200 മീറ്ററിൽ 100 മീറ്ററിൽ സ്വർണം നേടിയ നോഹ ലെയിൽസ് തന്നെ സ്വർണം നേടി. തന്റെ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പ് സ്വർണം ആണ് അമേരിക്കൻ താരത്തിന് ഇത്. ഉസൈൻ ബോൾട്ടിനു ശേഷം ഒരു ലോക ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്ററുകളിൽ സ്വർണം നേടുന്ന ആദ്യ താരമാണ് നോഹ. 19.52 സെക്കന്റിൽ 200 മീറ്റർ ഓടിയാണ് നോഹ സ്വർണം സ്വന്തമാക്കിയത്. 19.75 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയുടെ തന്നെ 19 കാരനായ എറിയോൻ നൈറ്റൺ വെള്ളി മെഡൽ നേടിയപ്പോൾ 19.81 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയ ബോട്സ്വാനയുടെ 20 കാരനായ ലെറ്റ്സ്ലി തെബോഗോ വെങ്കലം നേടി.

അവസാന ചാട്ടത്തിൽ നാലാം ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടി യൂലിമർ റൊഹാസ്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ നാലാം തവണയും സ്വർണം നേടി വെനസ്വേലൻ താരം യൂലിമർ റൊഹാസ്. കരിയറിൽ തന്നെ ഏറ്റവും കടുത്ത പോരാട്ടം ആണ് ഇതിഹാസ താരം ഇത്തവണ നേരിട്ടത്. എന്നാൽ തന്റെ അവസാന ചാട്ടത്തിൽ 15.08 മീറ്റർ ചാടിയ റൊഹാസ് നാലാം തവണയും ലോക ചാമ്പ്യൻ ആവുക ആയിരുന്നു. വനിത ട്രിപ്പിൾ ജംപിൽ തന്റെ അവിശ്വസനീയ ആധിപത്യം താരം ഒന്നു കൂടി ഇന്ന് ഉറപ്പിച്ചു.

15.00 മീറ്റർ ചാടിയ യുക്രെയ്ൻ താരം ബെക്-റൊമാൻചുക് വെള്ളി മെഡൽ നേടിയപ്പോൾ 14.96 മീറ്റർ ചാടിയ ക്യൂബയുടെ ലെയാനിസ് ഫെർണാണ്ടസ് വെങ്കലം നേടി. അതേസമയം വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കി ജപ്പാന്റെ ഹറുക കിറ്റഗുചി. 66.73 മീറ്റർ ദൂരം എറിഞ്ഞാണ് ജാവലിനിൽ ലോക ചാമ്പ്യൻ ആവുന്ന ആദ്യ ജപ്പാൻ താരമായി അവർ മാറിയത്. തന്റെ അവസാന ശ്രമത്തിൽ ആണ് ജപ്പാനീസ് താരം സ്വർണം ഉറപ്പിച്ചത്. 65.47 മീറ്റർ എറിഞ്ഞ കൊളംബിയയുടെ ഫ്ലോർ ഡെന്നിസ് റൂയിസ് വെള്ളി മെഡൽ നേടിയപ്പോൾ 63.38 മീറ്റർ ദൂരം എറിഞ്ഞ ഓസ്‌ട്രേലിയയുടെ മകെൻസി ലിറ്റിൽ വെങ്കല മെഡൽ നേടി.

ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ പോര്, നീരജിന് ഒപ്പം ഫൈനലിൽ എത്തി മനുവും, കിഷോറും

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒരിക്കൽ കൂടി ഇന്ത്യ-പാകിസ്ഥാൻ പോര്. യോഗ്യതയിൽ 88.77 മീറ്റർ എറിഞ്ഞു ഒന്നാമൻ ആയി നീരജ് ചോപ്ര ഫൈനലിലേക്ക് നേരത്തെ യോഗ്യത നേടിയപ്പോൾ പാകിസ്ഥാന്റെ അർഷദ് നദീമും ഫൈനൽ ഉറപ്പിച്ചു. 2022 ഓഗസ്റ്റിൽ 90 മീറ്റർ താണ്ടിയ ശേഷം പരിക്കേറ്റു പുറത്തായ അർഷദ് നദീം ഒരു വർഷത്തിന് ശേഷം ആണ് ട്രാക്കിൽ തിരിച്ചു വന്നത്. യോഗ്യതയിൽ 86.79 മീറ്റർ എറിഞ്ഞു നീരജിന്റെ പിറകിൽ രണ്ടാമത് ആയാണ് പാകിസ്ഥാൻ താരം ഫൈനൽ ഉറപ്പിച്ചത്.

2024 ലെ പാരീസ് ഒളിമ്പിക്സിന്റെ യോഗ്യത ആയ 85.50 മീറ്റർ യോഗ്യതയിൽ മറികടന്ന ഇരുവരും ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു. യോഗ്യതയിൽ ഈ ദൂരം മറികടക്കാൻ ഇവർ രണ്ടു പേർക്കും മാത്രം ആണ് ആയത്. ഗ്രൂപ്പ് എയിൽ നീരജിന് ഒപ്പം മത്സരിച്ചു 81.31 മീറ്റർ എറിഞ്ഞു മൊത്തം ആറാമത് എത്തിയ ഇന്ത്യയുടെ ഡി.പി മനുവും, ഗ്രൂപ്പ് ബിയിൽ മത്സരിച്ചു 80.55 മീറ്റർ എറിഞ്ഞു മൊത്തം ഒമ്പതാം സ്ഥാനത്ത് എത്തിയ കിഷോർ ജെനയും ആദ്യ 1പന്ത്രണ്ടിൽ എത്തി ഫൈനലിൽ സ്ഥാനം പിടിച്ചു. നേരിട്ട് ഫൈനലിൽ പ്രവേശിക്കാൻ 83 മീറ്റർ ആയിരുന്നു എറിയേണ്ടി ഇരുന്നത്. ഞായറാഴ്ച ആണ് ഫൈനൽ നടക്കുക. കരിയറിൽ ആദ്യമായി 90 മീറ്റർ എറിഞ്ഞു ഫൈനൽ കയ്യിലാക്കാൻ ആണ് നീരജ് ഇറങ്ങുക.

വനിതകളുടെ 100 മീറ്റർ ഹർഡിൽസിലും പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിലും സ്വർണം നേടി ജമൈക്കൻ താരങ്ങൾ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി ജമൈക്കയുടെ ഡാനിയേല വില്യംസ്. 8 വർഷങ്ങൾക്ക് ശേഷം തന്റെ സ്വർണ നേട്ടം ഡാനിയേല ആവർത്തിക്കുക ആയിരുന്നു. 12.43 സെക്കന്റിൽ ആണ് താരം 100 മീറ്റർ താണ്ടിയത്. 12.44 സെക്കന്റിൽ ഓടിയെത്തിയ പോർട്ടോ റിക്കോയുടെ ജാസ്മിൻ കമാച്ചോ-ക്വിൻ വെള്ളി മെഡൽ നേടിയപ്പോൾ അമേരിക്കയുടെ കെന്ത്ര ഹാരിസൺ വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ അന്റോണിയോ വാട്സൺ സ്വർണം നേടി.

ഇന്നേവരെ 45 സെക്കന്റിൽ 400 മീറ്റർ പൂർത്തിയാക്കാത്ത താരം അപ്രതീക്ഷിതമായി ആണ് സ്വർണം നേടിയത്. 44.22 സെക്കന്റ് സമയം ആണ് അന്റോണിയോ വാട്സൺ 400 മീറ്റർ ഓടി തീർക്കാൻ എടുത്ത സമയം. ബ്രിട്ടന്റെ മാറ്റ് ഹഡ്സൺ-സ്മിത്ത് വെള്ളി നേടിയപ്പോൾ കരിയറിലെ മികച്ച സമയം കുറിച്ച അമേരിക്കൻ താരം ക്വുൻസി ഹാൾ വെങ്കലം നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 51.70 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ഡച്ച് താരം ഫെംകെ ബോൽ സ്വർണം നേടി. 4×400 മീറ്റർ മിക്സഡ് റിലെയിൽ താഴെ വീണത് കാരണം മെഡൽ നഷ്ടമായ താരത്തിന് ഈ സ്വർണ നേട്ടം വലിയ തിരിച്ചു വരവായി.

കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പ് വെള്ളി നേടിയ താരം അത് ഇത്തവണ സ്വർണം ആക്കി മാറ്റുക ആയിരുന്നു. അമേരിക്കയുടെ ഷാമിയർ ലിറ്റിൽ വെള്ളി മെഡൽ നേടിയപ്പോൾ ജമൈക്കയുടെ റഷെൽ ക്ലയ്റ്റൺ വെങ്കലം നേടി. വനിതകളുടെ ഹാമർ ത്രോയിൽ കാനഡയുടെ കാമറെയിൻ റോജേഴ്‌സ് സ്വർണം നേടി. 77.22 മീറ്റർ ദൂരം എറിഞ്ഞാണ് റോജേഴ്‌സ് സ്വർണം നേടിയത്. ഹാമർ ത്രോയിൽ പുരുഷന്മാരുടെ സ്വർണവും കാനഡക്ക് ആയിരുന്നു. അമേരിക്കയുടെ ജാനീ കാസനവോയിഡ് ഹാമർ ത്രോയിൽ വെള്ളി മെഡൽ നേടിയപ്പോൾ മറ്റൊരു അമേരിക്കൻ താരമായ ഡിഅന്ന പ്രൈസ് വെങ്കല മെഡൽ നേടി.

Exit mobile version