Picsart 23 08 26 02 19 51 306

200 മീറ്ററിൽ ചാമ്പ്യൻഷിപ്പ് റെക്കോർഡ് കുറിച്ചു ഷെറിക ജാക്സൺ, 200 മീറ്ററിലും സ്വർണം നേടി നോഹ ലെയിൽസ്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ചാമ്പ്യൻഷിപ്പ് റെക്കോർഡ് കുറിച്ചു ജമൈക്കയുടെ ഷെറിക ജാക്സൺ. വെറും 21.41 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയ ജമൈക്കൻ താരം ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം ആണ് ഇന്ന് കുറിച്ചത്. 21.81 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ അമേരിക്കയുടെ ഗാബി തോമസ് വെള്ളി മെഡൽ നേടിയപ്പോൾ 21.92 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ 100 മീറ്ററിൽ സ്വർണം നേടിയ അമേരിക്കയുടെ തന്നെ ഷ’കാരി റിച്ചാർഡ്സൺ വെങ്കല മെഡൽ നേടി.

അതേസമയം പുരുഷന്മാരുടെ 200 മീറ്ററിൽ 100 മീറ്ററിൽ സ്വർണം നേടിയ നോഹ ലെയിൽസ് തന്നെ സ്വർണം നേടി. തന്റെ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പ് സ്വർണം ആണ് അമേരിക്കൻ താരത്തിന് ഇത്. ഉസൈൻ ബോൾട്ടിനു ശേഷം ഒരു ലോക ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്ററുകളിൽ സ്വർണം നേടുന്ന ആദ്യ താരമാണ് നോഹ. 19.52 സെക്കന്റിൽ 200 മീറ്റർ ഓടിയാണ് നോഹ സ്വർണം സ്വന്തമാക്കിയത്. 19.75 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയുടെ തന്നെ 19 കാരനായ എറിയോൻ നൈറ്റൺ വെള്ളി മെഡൽ നേടിയപ്പോൾ 19.81 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയ ബോട്സ്വാനയുടെ 20 കാരനായ ലെറ്റ്സ്ലി തെബോഗോ വെങ്കലം നേടി.

Exit mobile version