നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു ബെലാറസ് താരം ക്രിസ്റ്റീന സിമനയോസ്കിയ. തന്റെ സുരക്ഷയിൽ ആശങ്കയും താരം പ്രകടിപ്പിച്ചു. ബെലാറസ് പരിശീലകരുടെ തീരുമാനത്തിന് എതിരെ പ്രതികരിച്ചതിനു പിറകെയാണ് താരത്തെ നാട്ടിലേക്ക് അയക്കാൻ ബെലാറസ് ടീം തീരുമാനിച്ചത്. എന്നാൽ ടോക്കിയോ എയർപോർട്ടിൽ തുർക്കിഷ് എയർലൈനിസിൽ കയറാൻ താരം വിസമ്മതിച്ചു. തുടർന്ന് പോലീസ് സംരക്ഷണവും താരം ആവശ്യപ്പെട്ടു. നിലവിൽ താരം ജപ്പാൻ പോലീസ് സംരക്ഷണയിൽ ആണ് എന്നാണ് സൂചന. തന്റെ സമ്മതം ഇല്ലാതെയാണ് ബെലാറസ് അധികൃതർ തന്നെ ജപ്പാനിൽ നിന്നു അയക്കുന്നത് എന്നു പറഞ്ഞ താരം തന്റെ കാര്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടണം എന്നും ആവശ്യപ്പെട്ടു. നാളെ 200 മീറ്ററിൽ മത്സരിക്കാൻ ഇറങ്ങേണ്ട താരം ആയിരുന്നു ക്രിസ്റ്റീന. എന്നാൽ ചില താരങ്ങൾക്ക് മത്സരിക്കാൻ പറ്റാത്തതിനാൽ താരത്തോട് ചൊവ്വാഴ്ച നടക്കുന്ന 400 മീറ്റർ റിലെയിൽ വലിയ മുന്നറിയിപ്പ് പോലും ഇല്ലാതെ പരിശീലകർ ആവശ്യപ്പെടുക ആയിരുന്നു.
തുടർന്ന് ഇതിനെതിരെ പരിശീലകരെ വിമർശിച്ചു കൊണ്ടു ക്രിസ്റ്റീനയുടെതായി ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ആണ് കാര്യങ്ങളുടെ തുടക്കം. ഇതോടെ ബെലാറസ് ദേശീയ ചാനൽ അടക്കം താരത്തിന് ‘ടീം സ്പിരിറ്റ്’ ഇല്ല ആത്മാർഥതയില്ല തുടങ്ങിയ വിമർശങ്ങളുമായി രംഗത്ത് വന്നു. ഇതിന് ശേഷം ഞായറാഴ്ച ക്രിസ്റ്റീനയുടെ റൂമിലേക്ക് വന്ന പരിശീലകർ വസ്ത്രം അടുക്കി വക്കാനും നാട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെടുക ആയിരുന്നു. പരിശീലകരുടെ കൊള്ളരുതായ്മക്ക് എതിരെ പ്രതികരിച്ചത് ആണ് തന്നോടുള്ള പ്രതികാര നടപടിക്ക് കാരണം എന്ന് ക്രിസ്റ്റീന ഒരു അന്താരാഷ്ട്ര മാധ്യമത്തിനോട് പറഞ്ഞു. എന്നാൽ താരത്തിന് മത്സരിക്കാൻ പറ്റിയ മാനസികാവസ്ഥ അല്ലെന്നും അതിനാൽ 200 മീറ്റർ, 400 മീറ്റർ റിലെ എന്നിവയിൽ താരത്തെ പിൻവലിക്കുന്നു എന്നുമാണ് ബെലാറസ് ടീം പ്രതികരിച്ചത്. ഇതോടെ ബെലാറസ് സ്പോർട്ട് സോളിഡാരിറ്റി ഫൗണ്ടേഷൻ എന്ന ടെലഗ്രാം ചാനലിൽ തന്റെ സുരക്ഷയിലും തന്റെ സമ്മതം ഇല്ലാതെ ബെലാറസിലേക്ക് അയക്കുന്നതിനെയും പറ്റിയുള്ള വീഡിയോ ക്രിസ്റ്റീന പങ്ക് വച്ചു.
2020 ഓഗസ്റ്റിൽ യൂറോപ്പിലെ അവസാനത്തെ ഏകാധിപതി എന്നറിയപ്പെടുന്ന ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകഷെങ്കോക്ക് എതിരായ ജനാധിപത്യ പ്രതിഷേധത്തിൽ അക്രമിക്കപ്പെടുകയും ജയിലിൽ അടക്കുകയും ചെയ്യപ്പെട്ട കായിക താരങ്ങൾക്ക് പിന്തുണയുമായി രൂപപ്പെട്ട സംഘടനയാണ് ബെലാറസ് സ്പോർട്ട് സോളിഡാരിറ്റി ഫൗണ്ടേഷൻ. ബെലാറസ് ഉരുക്കു മുഷ്ടിയാൽ ഭരിക്കുന്ന ലുകഷെങ്കോ ഇലക്ഷനിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് ലുകഷെങ്കോക്ക് എതിരെ പതിനായിരങ്ങൾ ആണ് ബെലാറസിൽ അന്ന് തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്. അന്ന് ഇതിൽ പങ്കെടുത്ത ദേശീയ താരങ്ങളെ ടീമിൽ നിന്നു പുറത്താക്കുകയും അവർക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു ബെലാറസ് സർക്കാർ. തന്നെയും കാത്തതിരുന്നത് ഈ വിധിയാണോ എന്ന ആശങ്കയാണ് ക്രിസ്റ്റീനയെ ബെലാറസിലേക്ക് മടങ്ങാൻ ആശങ്കപ്പെടുത്തുന്ന ഘടകം. താരം തനിക്ക് അഭയം നൽകണം എന്നും ആവശ്യപ്പെടുന്നുണ്ട്. താരത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാൻ അധികൃതരും എന്ത് നടപടി എടുക്കും എന്നു കണ്ടറിയാം.