50 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ ഏക പ്രതിനിധിയായ ഗുർപ്രീത് സിംഗിനു നടത്തം പൂർത്തിയാക്കാൻ ആയില്ല. കടുത്ത ചൂടിൽ നടന്ന മത്സരത്തിൽ ഏതാണ്ട് 35 കിലോമീറ്റർ കഴിഞ്ഞപ്പോൾ സന്ധിവേദന അലട്ടിയ ഇന്ത്യൻ താരം റേസിൽ നിന്നു പിന്മാറുക ആയിരുന്നു. 25 കിലോമീറ്റർ കഴിയുമ്പോൾ 49 സ്ഥാനത്ത് ആയിരുന്നു ഇന്ത്യൻ താരം. 30 കിലോമീറ്ററിന് ശേഷം റേസിൽ വലിയ ആധിപത്യം കണ്ടത്തി അത് തുടർന്ന് നിലനിർത്തിയ പോളണ്ട് താരം ഡേവിഡ് തൊമാലയാണ് സ്വർണം നേടിയത്.
മൂന്നു മണിക്കൂർ 50.08 സെക്കന്റിൽ ആണ് പോളണ്ട് താരം റേസ് പൂർത്തിയാക്കി സ്വർണം സ്വന്തം പേരിലാക്കിയത്. 2012 ലണ്ടൻ ഒളിമ്പിക്സ് മുതൽ പോളണ്ട് ടീമിനായി ഇറങ്ങുന്ന 31 കാരന്റെ ആദ്യ ഒളിമ്പിക് സ്വർണം ആണ് ഇത്. 3 മണിക്കൂർ 50.44 സെക്കന്റിൽ രണ്ടാമത് എത്തിയ ജർമ്മൻ താരം ജോനാഥൻ ഹിൽബർട്ടിനു ആണ് വെള്ളി മെഡൽ. 3 മണിക്കൂർ 50.59 സെക്കന്റിൽ മൂന്നാമത് എത്തിയ കനേഡിയൻ താരം ഇവാൻ ഡൻഫിയാണ് വെങ്കലം നേടിയത്.