1980 ഒളിമ്പിക്‌സിനു ശേഷം നടന്ന എല്ലാ ഒളിമ്പിക്‌സിലും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൽചേസിൽ സ്വർണം നേടിയ കെനിയൻ താരങ്ങളുടെ ആധിപത്യം ടോക്കിയോയിൽ അവസാനിപ്പിച്ചു മൊറോക്കൻ താരം. മൊറോക്കൻ താരമായ സോഫിയന എൽ ബക്കാലിയാണ് കെനിയയുടെ 4 പതിറ്റാണ്ടു നീണ്ട ഇനത്തിലെ ആധിപത്യം അവസാനിപ്പിച്ചത്. റെസിന്റെ തുടക്കം മുതൽ എത്യോപ്യൻ താരങ്ങൾ ആയ ലമെച്ച ഗിർമ, ഗനറ്റ് വെയിൽ കെനിയൻ താരമായ ബെഞ്ചമിൻ കീഗൻ എന്നിവർ തമ്മിൽ ആയിരുന്നു ആദ്യ സ്ഥാനത്തിന് ആയുള്ള പോരാട്ടം. എന്നാൽ അവസാന നിമിഷങ്ങളിൽ മൊറോക്കൻ താരം അവിസ്മരണീയമായ മുന്നേറ്റം ആണ് നടത്തിയത്.
എല്ലാവരെയും അവസാന മീറ്ററുകളിൽ കടന്ന മൊറോക്കൻ താരം 8 മിനിറ്റ് 8.90 സെക്കന്റുകളിൽ ആണ് സ്വർണം സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മൊറോക്കൻ താരം 3000 മീറ്റർ സ്റ്റീപ്പിൽചേസിൽ സ്വർണം നേടുന്നത്. 2004 ഒളിമ്പിക്‌സിനു ശേഷം മൊറോക്കയുടെ ആദ്യ ഒളിമ്പിക് സ്വർണം കൂടിയാണ് ഇത്. അവസാന മീറ്ററുകളിൽ കാല് അടറി വീണ ഗനറ്റ് വെയിൽ പിന്നിലേക്ക് പോയി നാലാമത് ആയപ്പോൾ മറ്റൊരു എത്യോപ്യൻ താരമായ ലമെച്ച ഗിർമ വെള്ളി മെഡൽ സ്വന്തമാക്കി. കെനിയൻ നിരാശക്ക് ഇടയിലും അവർക്ക് വെങ്കല മെഡൽ സമ്മാനിക്കാൻ ബെഞ്ചമിൻ കീഗനു ആയി. ടോക്കിയോയിൽ നല്ല മഴക്ക് ശേഷം നനഞ്ഞു കിടന്ന ട്രാക്കിലൂടെയാണ് താരങ്ങൾ ഓടിയത്.