ലക്ഷദ്വീപ് സ്‌കൂൾ കായിക മേളക്ക് നാളെ ആന്ത്രോത്ത് ദ്വീപിൽ തുടക്കമാവും. ഗ്രൈസ് മാർക്കിന്റെ അഭാവത്തിലും മികച്ച കായികപങ്കാളിത്തം തന്നെയാണ് എല്ലാ ദ്വീപിൽ നിന്നും ഉള്ളത്. ഇന്ന് മുതൽ വിവിധ ദ്വീപുകളിൽ നിന്നായി ടീമുകൾ കപ്പലിൽ ആന്ത്രോത്ത് ദ്വീപിൽ എത്തി തുടങ്ങി. ഏറ്റവും ചെറിയ ദ്വീപ് ആയ ബിത്ര അടക്കം 10 ദ്വീപിൽ നിന്നുമുള്ള വിദ്യാർത്ഥി കായിക താരങ്ങളെയും അവരുടെ അധ്യാപകരെയും ഉൾക്കൊള്ളാൻ വിഭുലമായ സജ്ജീകരണങ്ങൾ ആണ് ആന്ത്രോത്ത് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. മത്സരങ്ങൾ നടക്കുന്ന ഇന്റോർ, ഔട്ട്ഡോർ മൈതാനങ്ങളും ഒക്കെ പൂർണമായും ഒരുങ്ങി കഴിഞ്ഞു. മഴ ഭീഷണി ആവുമെന്ന ആശങ്ക ഉണ്ടെങ്കിലും കുറെ വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ മേള ഉഷാർ ആക്കാൻ ആണ് നാട്ടുകാരും അധികൃതരും ശ്രമിക്കുന്നത്. നാളത്തെ രാവിലെയാണ് മേളക്ക് തുടക്കമാവുക.
ഫുട്‌ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ ഗെയിംസ് ഇനങ്ങളും അത്ലറ്റിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളും അടക്കം നിരവധി ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക. വിവിധ പ്രായ ഗ്രൂപ്പുകളിൽ ആയി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ആണ് മത്സരങ്ങൾ. ഏതാണ്ട് കഴിഞ്ഞ ഒന്നൊര പതിറ്റാണ്ട് ആയി ലക്ഷദ്വീപിലെ കായിക കിരീടം കയ്യിൽ വച്ചിരിക്കുന്ന ആന്ത്രോത്ത് ദ്വീപ് സ്വന്തം മണ്ണിൽ അത് നിലനിർത്തും എന്നുറച്ചാണ് കളത്തിൽ ഇറങ്ങുക. അതേസമയം ആന്ത്രോത്ത് ദ്വീപിനു അൽപ്പമെങ്കിലും വെല്ലുവിളി ഉയർത്താൻ ആവുക അമിനി, കവരത്തി ദ്വീപുകാർക്ക് ആവും. എന്നാൽ സ്വന്തം മൈതാനത്ത് ആന്ത്രോത്ത് കിരീടം കൈവിടാനുള്ള സാധ്യത വിരളമാണ്.