വിംബിൾഡണിൽ നിന്നു നയോമി ഒസാക്ക പിന്മാറി, ഒളിമ്പിക്സ് കളിക്കും

ലോക രണ്ടാം നമ്പർ താരമായ ജപ്പാന്റെ നയോമി ഒസാക്ക ഈ വർഷത്തെ വിംബിൾഡണിൽ നിന്നു പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ കുടുബതത്തോടും സുഹൃത്തുക്കളോടും കൂടുതൽ സമയം ചിലവഴിക്കുന്നതിനു വേണ്ടിയാണ് ഒസാക്കയുടെ പിന്മാറ്റം എന്നാണ് അവരുടെ ടീം അറിയിച്ചത്. അതേസമയം വിംബിൾഡൺ കളിക്കില്ലെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സ് നാട്ടുകാർക്ക് മുന്നിൽ കളിക്കാൻ താരം ഭയങ്കര ആവേശത്തിൽ ആണെന്നും ഒളിമ്പിക്സ് കളിക്കും എന്നും അവർ അറിയിച്ചു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ കളി കഴിഞ്ഞ ഉടനെ നൽകുന്ന വാർത്ത സമ്മേളത്തിൽ പങ്കെടുക്കില്ല എന്ന നിലപാട് എടുത്ത ഒസാക്ക ആദ്യം പിഴ ശിക്ഷ നേരിടുകയും പിന്നീട് ടൂർണമെന്റിൽ നിന്നു പിന്മാറുകയും ചെയ്തിരുന്നു. ജൂൺ 28 നു ആണ് വിംബിൾഡൺ തുടങ്ങുക അതേസമയം ഏതാണ്ട് ഒരു മാസത്തിനുള്ളിൽ ജൂലൈ 24 നു ഒളിമ്പിക്സ് കൂടി തുടങ്ങും. വിംബിൾഡൺ, ഒളിമ്പിക്സ് എന്നിവയിൽ നിന്നു നദാൽ പിന്മാറിയ വാർത്തക്ക് പിറകെയാണ് ഒസാക്കയുടെ വാർത്ത വരുന്നത്.

വിംബിൾഡണിൽ നിന്നും ഒളിമ്പിക്സിൽ നിന്നും റാഫേൽ നദാൽ പിന്മാറി!

ഈ വർഷത്തെ വിംബിൾഡൺ, ടോക്കിയോ ഒളിമ്പിക്സ് എന്നിവയിൽ നിന്നു ഇതിഹാസ സ്പാനിഷ് താരം റാഫേൽ നദാൽ പിന്മാറി. 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ 35 കാരനായ നദാൽ മുമ്പ് 2008,2010 വർഷങ്ങളിൽ വിംബിൾഡൺ കിരീടം നേടിയിട്ടുമുണ്ട്. തീരുമാനം ഒരിക്കലും എളുപ്പമായിരുന്നില്ല എന്നു പ്രതികരിച്ച നദാൽ പക്ഷെ തന്റെ ശരീരത്തിനു നിലവിൽ വിശ്രമം വേണം എന്ന് കൂട്ടിച്ചേർത്തു. കടുത്ത കളിമണ്ണ് സീസണിനു ശേഷം തന്റെ ശരീരത്തിനു നിലവിൽ ഈ ടൂർണമെന്റിനു ആവശ്യമായത് നൽകാൻ ആവില്ലെന്ന് നദാൽ കൂട്ടിച്ചേർത്തു. തന്റെ ടീമിനോട് ആലോചിച്ച ശേഷം ആണ് തീരുമാനം എടുത്തത് എന്നു പറഞ്ഞ നദാൽ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ഈ വിശ്രമം ആവശ്യമാണ് എന്നും പറഞ്ഞു.

കടുത്ത കളിമണ്ണ് സീസണിൽ തന്റെ സ്വന്തം റോളണ്ട് ഗാരോസിൽ സെമിയിൽ നദാൽ തോറ്റപ്പോൾ മുതൽ ഇത്തരം ഒരു പിന്മാറ്റം പ്രതീക്ഷിച്ചത് ആണ്. സാധാരണയിൽ നിന്നു വിഭിന്നം ആയി ഇത്തവണ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ മത്സരങ്ങളുടെ ഇടവേള മൂന്നു ആഴ്ചയിൽ നിന്നു 2 ആഴ്ച ആയി കുറഞ്ഞതും തന്റെ തീരുമാനത്തെ സ്വാധീനിച്ചത് ആയി നദാൽ പറഞ്ഞു. ഇതോടെ ഫെഡറർ കളിക്കുന്നു എങ്കിലും ജ്യോക്കോവിച്ചിനു വലിയ സാധ്യത ആണ് വിംബിൾഡണിൽ അങ്ങനെ സംഭവിച്ചാൽ 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ആയി ജ്യോക്കോവിച്ച് ഫെഡറർ, നദാൽ എന്നിവരുടെ റെക്കോർഡിനു ഒപ്പമെത്തും. മുമ്പ് 3 ഒളിമ്പിക്സിൽ സ്പെയിന് ആയി കളിച്ച നദാൽ സിംഗിൾസ്, ഡബിൾസ് എന്നിവയിൽ സ്വർണ മെഡൽ ജേതാവും ആണ്. രാജ്യത്തിനായി ഒളിമ്പിക്സിൽ കളിക്കാൻ ആവാത്തതിന്റെ നിരാശയും നദാൽ പ്രകടിപ്പിച്ചു.

ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ട് സുമിത് മാലിക്, ടോക്കിയോ ഒളിമ്പിക്സിനില്ല

ബൾഗേറിയയിൽ നടന്ന യോഗ്യത റൗണ്ടിൽ നടത്തിയ ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ട് ഇന്ത്യയുടെ ഗുസ്തി താരം സുമിത് മാലിക്. ഇതോടെ താരത്തിന് ഒളിമ്പിക്സിന് പോകാനാകില്ല. 2016 റിയോ ഒളിമ്പിക്സിന് മുമ്പും ഇതു പോലെ നര്‍സിംഗ് യാദവ് ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. മാലികിനെ റസലിംഗ് ഫെഡറേഷൻ സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ താരത്തിന് അപ്പൽ പോകാമെങ്കിലും അതിലെ നടപടികൾ കഴിയുമ്പോളേക്കും ഒളിമ്പിക്സ് കഴിയുവാനുള്ള സാധ്യത ഏറെയാണ്.

49 ദിവസങ്ങൾ കൂടിയാണ് ഒളിമ്പിക്സിനായി ഇനി ബാക്കിയുള്ളത്. നാല് വനിതകളും നാല് പുരുഷന്മാരുമാണ് ഗുസ്തി വിഭാഗത്തിൽ ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാനിരുന്നത്. കഴി‍ഞ്ഞ മാസമാണ് താരം 125 കിലോ വിഭാഗത്തിൽ യോഗ്യത നേടിയത്.

ജൂൺ പത്തിന് താരത്തിന്റെ ബി സാംപിൾ പരിശോധനയ്ക്കായി അയയ്ക്കും.

ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ ടോക്കിയോ തെരുവുകളില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാരിനോട് തീരുമാനം പരിശോധിക്കുവാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനും മറ്റുമായുള്ള പ്രതിഷേധ പരിപാടിയ്ക്കൊപ്പം തന്നെ ചിലര്‍ ടോക്കിയോ നഗരത്തിലെ തെരുവിലേക്ക് ഇറങ്ങിയും പ്രതിഷേധിക്കുന്നുണ്ട്. ജപ്പാനീസ് പ്രധാന മന്ത്രി യോഷിഡേ സുഗയുടെ സുരക്ഷിതമായി ഒളിമ്പിക്സ് നടത്താമെന്ന പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനത്തിലധികം ആളുകള്‍ പറഞ്ഞത്.

ജപ്പാനിലെ വാക്സിനേഷന്‍ ഡ്രൈവുകള്‍ പതിഞ്ഞ വേഗതയിലാണ് നടക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ജപ്പാനിലെ ജനസംഖ്യയില്‍ വെറും 3.7 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കുവാന്‍ സാധിച്ചിട്ടുള്ളതെന്നാണ് ലഭിയ്ക്കുന്ന വിവരം.

വാക്സിനേഷന് ആവശ്യമായ വാക്സിനുകളുണ്ടെങ്കിലും സ്ലോട്ട് ബുക്കിംഗിലെ പാളിച്ചയുമെല്ലാം വാക്സിനേഷന്‍ ഡ്രൈവ് തടസ്സപ്പെടുവാന്‍ കാരണമായി എന്നാണ് അറിയുന്നത്.

ഒളിമ്പിക്സ് യോഗ്യത നേടി സീമ ബിസ്‍ല

ലോക ഗുസ്തി ഒളിമ്പിക്സ് ക്വാളിഫയറിന്റെ 50 കിലോ വിഭാഗം ഫൈനല്‍ സ്ഥാനം ഉറപ്പിച്ച സീമ ബിസ്‍ലയ്ക്ക് ഒളിമ്പിക്സ് യോഗ്യതയും. ഫൈനല്‍ സ്ഥാനം ഉറപ്പാക്കിയതോടെയാണ് സീമയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിയ്ക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന എട്ടാമത്തെ താരമാണ് സീമ ബിസ്‍ല.

ഇന്ത്യയ്ക്ക് വേണ്ടി യോഗ്യത നേടുന്ന നാലാമത്തെ വനിത ഗുസ്തി താരമാണ് സീമ. 2016 ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് എട്ട് ഗുസ്തിക്കാരാണ്. ബള്‍ഗേറിയയിലാണ് യോഗ്യത മത്സരങ്ങള്‍ നടന്നത്.

ഇന്ത്യന്‍ റിലേ ടീമിന്റെ ഒളിമ്പിക്സ് മോഹങ്ങള്‍ തിരിച്ചടിയായി മാറുമോ കോവിഡ് വ്യാപനം?

ഒളിമ്പിക്സ് യോഗ്യതയുള്ള ലോക അത്ലറ്റിക്സ് റിലേ മത്സരങ്ങള്‍ മേയ് 1 – 2 തീയ്യതികളില്‍ പോളണ്ടില്‍ നടക്കുവാനിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ഹിമ ദാസും ദ്യുതി ചന്ദും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘത്തിന് ഈ മത്സരങ്ങള്‍ക്ക് പോളണ്ടിലെത്തുവാന്‍ ആകുമോ എന്ന പ്രതിസന്ധിയാണ് കോവിഡ് കാരണം ഉടലെടുത്തിരിക്കുന്നത്.

വനിതകളുടെ 4×100 മീറ്റര്‍ റിലേ ടീമും പുരുഷന്മാരുടെ 4×400 മീറ്റര്‍ ടീമും ആംസ്റ്റര്‍ഡാമിലേക്ക് കണക്ഷന്‍ ഫ്ലൈറ്റ് എടുക്കുവാന്‍ നിന്ന സമയത്ത് ആണ് തിരിച്ചടിയായ തീരുമാനം ഡച്ച് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇന്ത്യയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ റദ്ദാക്കുവാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. പോളണ്ടിലേക്ക് നേരിട്ട് ഫ്ലൈറ്റ് ഇല്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ ഇന്ത്യന്‍ അത്ലറ്റിക്ക് ഫെഡറേഷന്‍ മറ്റു യൂറോപ്യന്‍ രാജ്യത്തിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുവാനുള്ള അവസാന നിമിഷ ശ്രമത്തിലാണുള്ളത്.

സെയിലിംഗില്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ താരങ്ങളായ നേത്ര കുമനന്‍, വിഷ്ണു ശരവണന്‍, വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടി. നേത്ര ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയായാണ് യോഗ്യത നേടിയത്. സെയിലിംഗില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി കൂടി നേത്ര സ്വന്തമാക്കി.

Vishnusaravanan

വിഷണു ശരവണന്‍ ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് വിഭാഗത്തിലാണ് യോഗ്യത നേടിയത്. സെയിലിംഗ് ജോഡികളായ വരുണ്‍ താക്കര്‍, കെസി ഗണപതി എന്നിവര്‍ പുരുഷന്മാരുടെ 49er ക്ലാസ്സില്‍ യോഗ്യത നേടി.

ഒമാനിലാണ് യോഗ്യത മത്സരങ്ങള്‍ നടന്നത്.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാലിനും യോഗ്യത

ദോഹയില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്ക് ക്വാളിഫിക്കേഷന്‍ ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ താരത്തെ 4-0ന് പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍. നേരത്തെ സത്യന്‍ സഹതാരം ശരത് കമാലിനെതിരെ 4-3ന്റെ വിജയം നേടിയിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ശരത് കമാലും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. വനിത താരം സുതീര്‍ത്ഥ മുഖര്‍ജ്ജിയ്ക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായി.

വനിത താരം മണിക ബത്ര റാങ്കിംഗിന്റെ മികവില്‍ യോഗ്യത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യനും സുതീര്‍ത്ഥയും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കുറിച്ചാണ് യോഗ്യത നേടിയത്. ശരത് കമാലിനെയും റമീസ് മുഹമ്മദിനെയും സത്യന്‍ വീഴ്ത്തിയപ്പോള്‍ സുതീര്‍ത്ഥ മണിക ബത്രയെ പരാജയപ്പെടുത്തി.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഫെന്‍സിംഗ് താരം ഭവാനി ദേവി

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യയുടെ ഫെന്‍സിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടം കരസ്ഥമാക്കി ഇന്ത്യയുടെ മുന്‍ നിര ഫെന്‍സിംഗ് താരം ഭവാനി ദേവി. 2020ല്‍ നടക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ കാരണം മാറ്റി വയ്ക്കുകയായിരുന്നു. നിലവില്‍ 2021 ജൂലൈ 23ന് ഒളിമ്പിക്സ് ആരംഭിയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് എട്ടിന് ഒളിമ്പിക്സ് അവസാനിക്കും. വ്യക്തിഗത സാബ്രേ ഇനത്തിലാണ് താരം യോഗ്യത നേടിയത്. ഏപ്രില്‍ അഞ്ചിന് റാങ്കിംഗ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമ്പോള്‍ താരത്തിന് ഔദ്യോഗിക എന്‍ട്രി ഒളിമ്പിക്സിന് ലഭിയ്ക്കും.

രോഹിത് ശർമ്മയടക്കം നാല് കായിക താരങ്ങൾക്ക് ഖേൽ രത്ന ശുപാർശ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കം നാല് കായിക താരങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേൽ രത്നക്ക് ശുപാർശ. രോഹിത് ശർമ്മയെ കൂടാതെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ ഗുസ്തി താരം വിനേഷ് പോഗട്ട്, ടേബിൾ ടെന്നീസ് താരം മണിക ബത്ര, പാരാലിമ്പിക് സ്വർണ മെഡൽ ജേതാവ് മരിയപ്പൻ തങ്കവേലു എന്നിവരെയാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിന് വേണ്ടി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

2016ന് ശേഷം ആദ്യമായാണ് 4 പേരെ ഒരു വർഷം ഈ അവാർഡിനായി നാമനിർദേശംചെയ്യപ്പെടുന്നത് . നാഷണൽ സ്പോർട്സ് അവാർഡ് കമ്മിറ്റിയുടെ യോഗമാണ് 4 പേരുടെ പട്ടിക പ്രഖ്യാപിച്ചത്. രോഹിത് ശർമ്മക്ക് ഈ അവാർഡ് ലഭിക്കുകയായെങ്കിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്‌ലിക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ഖേൽ രത്ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാകും. റിയോ പാരാലിമ്പിക്സിൽ ഹൈ ജമ്പിൽ സ്വർണം നേടിയതോടെയാണ് മരിയപ്പൻ തങ്കവേലുവിനെ അവാർഡിന് പരിഗണിക്കാൻ തീരുമാനിച്ചത്.

ടോക്കിയോ ഒളിമ്പിക്സ് ഇനിയും നീട്ടാൻ അനുവദിക്കുകയില്ല

ടോക്കിയോ ഒളിമ്പിക്സ് ഇനിയും നീട്ടാൻ ഒരു വിധത്തിലും അനുവദിക്കില്ല എന്ന് ജപ്പാൻ. കഴിഞ്ഞ ദിവസം 2021ലും ഒളിമ്പിക്സ് നടത്താൻ കഴിഞ്ഞേക്കില്ല എന്ന് ഒളിമ്പിക്സ് അധികൃതർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജപ്പാൻ രംഗത്തു വന്നിരിക്കുന്നത്. ഈ വർഷം നടക്കേണ്ട ഒളിൻപിക്സ് കൊറോണ കാരണം അടുത്ത വർഷത്തേക്ക് മാറ്റിയത് തന്നെ ജപ്പാന് വലിയ സാമ്പത്തിക പ്രതിസന്ധി നൽകുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇനിയും നീട്ടുന്നത് ആലോചിക്കാൻ ആവില്ല എന്ന് ജപ്പാൻ പറയുന്നു. മാത്രമല്ല രണ്ടു വർഷത്തേക്ക് നീട്ടുന്നത് ജപ്പാന്റെ ഉൾപ്പെടെയുള്ള കായിക താരങ്ങളുടെ വർഷങ്ങളായുള്ള ഒരുക്കമാണ് നഷ്ടമാക്കുന്നത് എന്നും ജപ്പാൻ പറയുന്നു. 2022ലേക്ക് മാറ്റേണ്ടി വരും എന്നും യോഗ്യതാ മത്സരങ്ങൾ വരെ നടത്താൻ കഴിയാത്ത സാഹചര്യമാണ് എന്നുമാണ് നിരീക്ഷകർ പറയുന്നത്.

ടോക്കിയോ ഒളിമ്പിക്സ് പുതിയ തീയ്യതി പ്രഖ്യാപിച്ചു

2020ല്‍ നടക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ വ്യാപനം മൂലം അടുത്ത വര്‍ഷത്തേക്ക് നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി മാറ്റിയിരുന്നു. ഇന്ന് അടുത്ത വര്‍ഷം നടക്കുന്ന ഗെയിംസിന്റെ തീയ്യതി കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഗെയിംസ് നടത്തുക.

2021ലാണ് നടത്തുകയെങ്കിലും ടോക്കിയോ ഒളിമ്പിക്സ് 2020 എന്ന് തന്നെയാവും ഗെയിംസിനെ വിളിക്കുക.

Exit mobile version