ലോക ചാമ്പ്യന്മാരായ അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീമിന് ഒളിംപിക്സിൽ ഞെട്ടിക്കുന്ന തോൽവി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്വീഡൻ ആണ് അമേരിക്കയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുൾക്ക് ആയിരുന്നു സ്വീഡന്റെ വിജയം. 44 മത്സരങ്ങൾക്ക് ശേഷമാണ് അമേരിക്കൻ വനിതാ ടീം ഒരു മത്സരം പരാജയപെടുന്നത്. ലോകത്തെ തന്നെ മികച്ച വനിതാ ഫുട്‌ബോൾ താരങ്ങൾ അണിനിരക്കുന്ന നിരയാണ് അമേരിക്ക. സ്വർണ്ണ മെഡൽ പ്രതീക്ഷയുമായാണ് അമേരിക്ക ഇത്തവണ ഒളിമ്പിക്‌സിന് എത്തിയത്. കഴിഞ്ഞ ഒളിംപിക്സിൽ ക്വാർട്ടർ ഫൈനലിൽ സ്വീഡൻ തന്നെ ആയിരുന്നു അമേരിക്കയെ പുറത്താക്കിയത്.
ഇന്ന് ബ്ളാക്സ്റ്റിനിയസിന്റെ ഇരട്ട ഗോളുകളാണ് സ്വീഡന് കരുത്തതായത്. സബ്ബായി എത്തിയ ലീന ഹർട്ടിഗും സ്വീഡനായി ഗോൾ നേടി. അമേരിക്കൻ നിരയിൽ ടോബി ഹീത്, അലക്‌സ് മോർഗൻ, റോസ് ലവലെ, കെലി ഒഹാര, മേഗൻ റപ്പിനോ എന്നിവരൊക്കെ ഉണ്ടായിരുന്നു. ഇനി ജൂലൈ 24ന് ന്യൂസിലാൻഡിന് എതിരെയാണ് അമേരിക്കയുടെ മത്സരം. ശക്തമായ ഗ്രൂപ്പ് ജിയിൽ ഓസ്‌ട്രേലിയയും ഉണ്ട്.