ആദ്യ ദിനം മൂന്നു സ്വർണം അടക്കം നാലു മെഡലുകളുമായി ചൈന മെഡൽ നിലയിൽ ഒന്നാമത്

Screenshot 20210724 222919

ടോക്കിയോ ഒളിമ്പിക്‌സിൽ ആദ്യ ദിനം സ്വന്തം പേരിൽ കുറിച്ചു ചൈന. വനിതകളുടെ 10 മീറ്റർ എയർ റൈഫിലിളിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ചു ഗെയിംസിലെ ആദ്യ സ്വർണ മെഡൽ നേടിയ യാൻ ഷിയാങിനു പിറകെ ഭാരോദ്വഹനത്തിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ചു ചൈനീസ് താരം ഹൗ അവർക്ക് രണ്ടാം സ്വർണ മെഡൽ സമ്മാനിച്ചു. ഈ ഇനത്തിൽ ആണ് ഇന്ത്യൻ താരം മീരഭായ് ചാനു വെള്ളി മെഡൽ നേടിയത്. തുടർന്ന് ഫെൻസിങിലും ചൈനക്ക് സ്വർണം സമ്മാനിച്ച സൺ അവരുടെ സ്വർണ മെഡൽ നേട്ടം മൂന്നാക്കി ഉയർത്തി. ഇത് കൂടാതെ ഒരു വെങ്കല മെഡലും ചൈന ആദ്യ ദിനം സ്വന്തമാക്കി.

ഒരു സ്വർണ മെഡലും വെള്ളി മെഡലും സ്വന്തമാക്കിയ ഇറ്റലിയും ആതിഥേയരായ ജപ്പാനും ആണ് ചൈനക്ക് പിറകിൽ ആദ്യ ദിനം രണ്ടാമതും മൂന്നാമതും നിൽക്കുന്നത്. തങ്ങളുടെ പരമ്പരാഗത ശക്തിയായ അമ്പഴ്‌ത്തിൽ സ്വർണം നേടിയ ദക്ഷിണ കൊറിയ 2 വെങ്കല മെഡലുകൾ കൂടി നേടി നാലാം സ്ഥാനത്ത് ആണ്. ഇക്വഡോർ, ഹംഗറി, ഇറാൻ, കൊസോവ, തായിലാന്റ് ടീമുകൾ ആണ് ആദ്യ ദിനം സ്വർണ മെഡൽ കരസ്ഥമാക്കിയ മറ്റ് രാജ്യങ്ങൾ. അതേസമയം ഒരു വെള്ളി മെഡലുമായി ഇന്ത്യ ആദ്യ ദിനം പന്ത്രണ്ടാം സ്ഥാനത്ത് ആണ്. അതേസമയം ഒളിമ്പിക്‌സിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കക്ക് ആദ്യ ദിനം മെഡൽ ഒന്നും നേടാൻ സാധിച്ചിട്ടില്ല.

Previous articleപോൾ പോഗ്ബയുമായി ക്ലബ് ചർച്ച നടത്തുന്നുണ്ട് എന്ന് ഒലെ
Next articleജോബി ജസ്റ്റിൻ മോഹൻ ബഗാൻ വിട്ടു, ചെന്നൈയിനിലേക്ക് പോകുമെന്ന് സൂചന