കൊൽക്കത്തയുടെ നടുവൊടിച്ച് മൊഹ്സിന്‍ ഖാന്‍, റിങ്കുവിന്റെ ഇന്നിംഗ്സിന്റെ ബലത്തിൽ 155 റൺസിലെത്തി കൊൽക്കത്ത

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മൊഹ്സിന്‍ ഖാന്റെ അഞ്ച് വിക്കറ്റ് നേട്ടം കൊൽക്കത്തയെ തകര്‍ത്തെറിഞ്ഞപ്പോള്‍ റിങ്കു സിംഗ് ആണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍. റിങ്കു 51 പന്തിൽ 83 റൺസ് നേടി കൊൽക്കത്തയെ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചു. 93/7 എന്ന നിലയിൽ ഒരു ഘട്ടത്തിൽ 120 കടക്കുമോ എന്ന് കൊൽക്കത്ത സംശയിച്ചുവെങ്കിലും റിങ്കു മാജിക് ടീമിന്റെ ബൗളര്‍മാര്‍ക്ക് ഒരു കൈ നോക്കാവുന്ന സ്കോര്‍ നൽകി.

ഇന്ന് ലക്നൗവിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. പവര്‍പ്ലേ കഴിഞ്ഞ ആദ്യ പന്തിൽ റോവ്മന്‍ പവലിനെയും നഷ്ടമായപ്പോള്‍ 31/4 എന്ന നിലയിലായിരുന്നു കൊൽക്കത്ത. ഇതിൽ 3 വിക്കറ്റും വീഴ്ത്തിയത് മൊഹ്സിന്‍ ഖാനായിരുന്നു.
കാമറൺ ഗ്രീനും റിങ്കു സിംഗും ചേര്‍ന്ന് കൊൽക്കത്തയ്ക്കായി അഞ്ചാം വിക്കറ്റിൽ 42 റൺസ് കൂട്ടുകെട്ട് നേടിയെങ്കിലും 34 റൺസ് നേടിയ ഗ്രീനിനെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ ഈ കൂട്ടുകെട്ടും അവസാനിപ്പിച്ചു. അടുത്ത പന്തിൽ അനുകുല്‍ റോയിയെയും മൊഹ്സിന്‍ പുറത്താക്കിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. തന്റെ നാലോവറിൽ 23 റൺസ് ആണ് മൊഹ്സിന്‍ ഈ 5 വിക്കറ്റ് നേടാനായി വിട്ട് കൊടുത്തത്.
പിന്നീട് റിങ്കു സിംഗ് പൊരുതി നിന്നാണ് ടീമിനെ 155 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്. റിങ്കു അവസാന ഓവറിൽ ദിഗ്വേഷ് രഥിയെ 4 സിക്സുകള്‍ക്ക് പായിച്ചാണ് കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോര്‍ നൽകിയത്. 30 പന്തിൽ സുനിൽ നരൈനുമായി എട്ടാം വിക്കറ്റിൽ 62 റൺസ് റിങ്കു നേടിയപ്പോള്‍ ഇതിൽ നരൈന്‍ നേടിയത് 4 റൺസാണ്.