Indian Premier LeagueCricketFeatured

തോൽവിയറിയാതെ പഞ്ചാബ്, മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയം

Prabhsimransingh

ഐപിഎലില്‍ ക്വിന്റൺ ഡി കോക്കിന്റെ ശതകത്തിന്റെ ബലത്തിൽ 195 റൺസ് നേടിയ മുംബൈയ്ക്കെതിരെ 3വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ 198 റൺസ് നേടി വിജയം കുറിച്ച് പഞ്ചാബ് കിംഗ്സ്. പ്രഭ്സിമ്രാന്‍ സിംഗും ശ്രേയസ്സ് അയ്യരും നേടിയ അര്‍ദ്ധ ശതകങ്ങളാണ് പഞ്ചാബിന്റെ അപരാജിത കുതിപ്പ് തുടരുവാന്‍ സഹായിച്ചത്.

Shreyasiyer

പ്രിയാന്‍ഷ് ആര്യയും കൂപ്പര്‍ കൊണ്ണോലിയും അതിവേഗത്തിൽ സ്കോര്‍ ചെയ്തുവെങ്കിലും വലിയ സ്കോറിലേക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം മാറ്റാനാകാതെ പോയത് പഞ്ചാബിന് തിരിച്ചടിയായി. ആര്യ 9 പന്തിൽ 15 റൺസ് നേടിയപ്പോള്‍ കൊണ്ണോലി 12 പന്തിൽ 17 റൺസ് നേടി പുറത്തായി. ഇരു താരങ്ങളെയും പുറത്താക്കിയത് എഎം ഗസാന്‍ഫര്‍ ആയിരുന്നു.

45/2 എന്ന നിലയിൽ നിന്ന് പഞ്ചാബിനെ മുന്നോട്ട് നയിച്ചത് പ്രഭ്സിമ്രാന്‍ സിംഗും ശ്രേയസ്സ് അയ്യരുമായിരുന്നു. ഇരുവരും പഞ്ചാബ് സ്കോര്‍ നൂറ് കടത്തിയപ്പോള്‍ 23 പന്തിൽ നിന്ന് പ്രഭ്സിമ്രാന്‍ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 66 പന്തിൽ നിന്ന് 139 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ പഞ്ചാബ് 184 റൺസാണ് നേടിയത് ശ്രേയസ്സ് അയ്യര്‍ പുറത്താകുമ്പോള്‍ 35 പന്തിൽ നിന്ന് 66 റൺസാണ് അയ്യര്‍ നേടിയത്.

പ്രഭ്സിമ്രാന്‍ 39 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 5 പന്തിൽ 10 റൺസ് നേടി മാര്‍ക്കസ് സ്റ്റോയിനിസ് വിജയ റൺസ് നേടി.