ചെന്നൈയ്ക്ക് രണ്ടാം തോൽവി, 5 വിക്കറ്റ് വിജയവുമായി പഞ്ചാബ്

ശ്രേയസ്സ് അയ്യരുടെ ഫിഫ്റ്റിയ്ക്കൊപ്പം ടോപ് ഓര്‍ഡറിൽ പ്രിയാന്‍ഷ് ആര്യ (39), പ്രഭ്സിമ്രന്‍ സിംഗ് (43), കൂപ്പര്‍ കോണോലി (36) എന്നിവരുടെ ബാറ്റിംഗ് മികവും ചേര്‍ന്നപ്പോള്‍ ചെന്നൈ നൽകിയ 210 റൺസ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ നേടി പഞ്ചാബ് കിംഗ്സ്. വിജയത്തിനരികെ എത്തിയപ്പോള്‍ അയ്യര്‍ പുറത്തായെങ്കിലും ശശാങ്ക് സിംഗ് – മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ട് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രിയാന്‍ഷ് ആര്യ പഞ്ചാബിന് മിന്നും തുടക്കമാണ് നൽകിയത്. 11 പന്തിൽ 39 റൺസ് നേടിയ താരം ആദ്യ വിക്കറ്റായി മടങ്ങിയപ്പോള്‍ പഞ്ചാബ് 4.2 ഓവറിൽ 61 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 68 റൺസാണ് പഞ്ചാബ് നേടിയത്.

തുടര്‍ന്ന് പ്രഭ്സിമ്രാന്‍ സിംഗും കൂപ്പര്‍ കോണോലിയും ചേര്‍ന്ന് 34 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ 43 റൺസ് നേടിയ പ്രഭ്സിമ്രാന്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു. കൂപ്പര്‍ 36 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് താരം 32 റൺസ് കൂട്ടിചേര്‍ത്ത ശേഷമാണ് അന്‍ഷുൽ കാംബോജിന് വിക്കറ്റ് നൽകി മടങ്ങിയത്.
മൂന്നാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ 127 റൺസായിരുന്നു പഞ്ചാബ് നേടിയത്. അവിടെ നിന്ന് ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശ്രേയസ്സ് അയ്യര്‍ ബാറ്റ് വീശിയപ്പോള്‍ പഞ്ചാബ് വിജയത്തിലേക്ക് കൂടുതൽ അടുത്തു. 26 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി തികച്ച ശ്രേയസ്സ് ഉടന്‍ പുറത്തായപ്പോള്‍ 24 റൺസായിരുന്നു പഞ്ചാബ് ജയത്തിനായി നേടേണ്ടിയിരുന്നത്.

29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയും നേഹൽ വദേരയെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായപ്പോള്‍ പഞ്ചാബ് 186/3 എന്ന നിലയിൽ നിന്ന് 186/5 എന്ന നിലയിലേക്ക് വീണു. അയ്യരെ കാംബോജും വദേരയെ മാറ്റ് ഹെന്‍റിയുമാണ് പുറത്താക്കിയത്.
തൊട്ടടുത്ത പന്തിൽ മാറ്റ് ഹെന്‍റിയെ ബൗണ്ടറി പായിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് സമ്മര്‍ദ്ദത്തിന് അയവ് വരുത്തിയപ്പോള്‍ ഓവറിൽ നിന്ന് ഒരു ബൗണ്ടറി കൂടി ശശാങ്ക് സിംഗും നേടി കാര്യം പഞ്ചാബിന് അനുകൂലമാക്കി. ഇതോടെ ലക്ഷ്യം 2 ഓവറിൽ 12 റൺസായി ചുരുങ്ങി.
കാംബോജ് എറിഞ്ഞ 19ാം ഓവറിൽ ശശാങ്കും മാര്‍ക്കസും ഓരോ ബൗണ്ടറി നേടിയപ്പോള്‍ 18.4 ഓവറിൽ പഞ്ചാബ് വിജയം കൈക്കലാക്കി. ശശാങ്ക് 14 റൺസും സ്റ്റോയിനിസ് 9 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ ഈ കൂട്ടുകെട്ട് 9 പന്തിൽ നിന്ന് 24 റൺസാണ് നേടിയത്.