Indian Premier LeagueCricketFeatured

രക്ഷയ്ക്കെത്തി ക്ലാസ്സനും നിതീഷ് റെഡ്ഡിയും, സൺറൈസേഴ്സിന് 156 റൺസ്

Klaasenreddy

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റഅസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 156 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രബാദ്. മൊഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ തന്നെ അഭിഷേക് ശര്‍മ്മയെ നഷ്ടമായ സൺറൈസേഴ്സിന് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ ട്രാവിസ് ഹെഡിനെയും നഷ്ടമായി. 8/2 എന്ന നിലയിൽ നിന്ന് അധികം മുന്നേറുന്നതിന് മുമ്പ് തന്നെ ഇഷാന്‍ കിഷനെയും നഷ്ടമായ സൺറൈസേഴ്സ് 11/3 എന്ന നിലയിൽ പരുങ്ങലിലായി.

14 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിനെ നഷ്ടമാകുമ്പോള്‍ ഹൈദ്രാബാദ് 26/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ ഹെയിന്‍‍റിച്ച് ക്ലാസ്സനും നിതീഷ് റെഡ്ഢിയും മികവ് പുലര്‍ത്തിയപ്പോള്‍ സൺറൈസേഴ്സ് തകര്‍ച്ചയിൽ നിന്ന് കരകയറി. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഇവര്‍ 116 റൺസാണ് 63 പന്തിൽ നിന്ന് നേടിയത്. 56 റൺസ് നേടിയ നിതീഷ് റെഡ്ഢിയെ നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 142 റൺസാണ് നേടിയത്. നിതീഷിനെ മണിമാരന്‍ സിദ്ധാര്‍ത്ഥ് പുറത്താക്കിയപ്പോള്‍ 62 റൺസ് നേടിയ ക്ലാസ്സനെയും ഹര്‍ഷ് ദുബേയെയും ഒരേ ഓവറിൽ പുറത്താക്കി അവേശ് ഖാന്‍ സൺറൈസേഴ്സിന് തിരിച്ചടി നൽകി.

142/4 എന്ന നിലയിൽ നിന്ന് 144/7 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണപ്പോള്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ 156/9 എന്ന സ്കോര്‍ മാത്രമാണ് ടീമിന് നേടാനായത്.