Indian Premier LeagueCricketFeatured

ട്വിസ്റ്റുകള്‍ നിറഞ്ഞ ത്രില്ലറിൽ രാജസ്ഥാന് 6 റൺസ് വിജയം

Ravibishnoi

ത്രില്ലര്‍ ചേസിംഗിൽ രാജസ്ഥാനെ മറികടന്ന് വിജയം ഗുജറാത്ത് ടൈറ്റന്‍സ് കരസ്ഥമാക്കുമെന്ന ഘട്ടത്തിൽ നിന്ന് തിരികെ വന്ന് 6 റൺസ് ജയം സ്വന്തമാക്കി റിയാന്‍ പരാഗും സംഘവും. സായി സുദര്‍ശന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയ്ക്ക് ശേഷം 4 വിക്കറ്റുമായി രവി ബിഷ്ണോയി രാജസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കിയെങ്കിലും എട്ടാം വിക്കറ്റിൽ റഷീദ് ഖാന്‍ കാഗിസോ റബാഡ കൂട്ടുകെട്ട് ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിക്കുന്നതാണ് കണ്ടത്. അവസാന രണ്ടോവറിൽ 15 റൺസാക്കി ലക്ഷ്യം ചുരുക്കിയെങ്കിലും പിന്നീട് ഗുജറാത്തിന് കാലിടറി. 211 റൺസ് പിന്തുടര്‍ന്നെത്തിയ ഗുജറാത്ത് 8 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് നേടിയത്.

Saisudarsan

18 റൺസ് നേടിയ കുമാര്‍ കുഷാഗ്രയെയാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. 78 റൺസാണ് ഒന്നാം വിക്കറ്റിൽ സുദര്‍ശനും കുശാഗ്രയും നേടിയത്. രണ്ടാം വിക്കറ്റിൽ സുദര്‍ശനും ജോസ് ബട്‍ലറും 29 റൺസുമായി മുന്നോട്ട് പോയപ്പോള്‍ ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ രവി ബിഷ്ണോയി സായി സുദര്‍ശനെ തന്റെ ആദ്യ ഓവറിലും ഗ്ലെന്‍ ഫിലിപ്പ്സിനെയും വാഷിംഗ്ടൺ സുന്ദറിനെയും തന്റെ രണ്ടാം ഓവറിലും പുറത്താക്കി ഗുജറാത്തിന്റെ കുതിപ്പിന് തടയിട്ടു. സായി സുദര്‍ശന്‍ 44 പന്തിൽ 73 റൺസ് നേടിയാണ് പുറത്തായത്.

26 റൺസ് നേടിയ ജോസ് ബട്‍ലറെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ രാഹുല്‍ തെവാത്തിയയെ പുറത്താക്കി രവി ബിഷ്ണോയി തന്റെ നാലാം വിക്കറ്റ് നേടി. ഷാരുഖ് ഖാന്‍ റണ്ണൗട്ടായി പുറത്തായതോടെ ഗുജറാത്തിന് തങ്ങളുടെ ഏഴാം വിക്കറ്റ് നഷ്ടമായി.

മത്സരം അവസാന 4 ഓവറിലേക്ക് കടന്നപ്പോള്‍ 40 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടേണ്ടിയിരുന്നത്. ബിഷ്ണോയി എറിഞ്ഞ 17ാം ഓവറിൽ 10 റൺസ് പിറന്നപ്പോള്‍ സന്ദീപ് സിംഗ് എറിഞ്ഞ 18ാം ഓവറിൽ നിന്ന് 15 റൺസ് വന്നതോടെ ഗുജറാത്തിന്റെ ലക്ഷ്യം 12 പന്തിൽ 15 റൺസായി ചുരുങ്ങി.

ജോഫ്ര എറിഞ്ഞ 19ാം ഓവറിൽ വെറും 4 റൺസ് മാത്രം വന്നപ്പോള്‍ ഗുജറാത്തിന് അവസാന ഓവറിൽ 11 റൺസ് ആയിരുന്നു ലക്ഷ്യം. തുഷാര്‍ ദേശ്പാണ്ടേ എറിഞ്ഞ അവസാന ഓവറിലെ 5ാം പന്തിൽ റഷീദ് ഖാനെ നഷ്ടമായതോടെ അവസാന പന്തിൽ 7 റൺസെന്ന അപ്രാപ്യമായ ലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നിൽ. റഷീദ് ഖാന്‍ 24 റൺസ് നേടി പുറത്തായപ്പോള്‍ കാഗിസോ റബാഡ 23 റൺസുമായി പുറത്താകാതെ നിന്നു. 30 പന്തിൽ നിന്ന് 40 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജോഫ്രയ്ക്ക് പിന്നാലെ അവസാന ഓവറിൽ തുഷാറും വെറും 4 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 6 റൺസ് ജയത്തോടെ രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം ജയം കൈക്കലാക്കി.