ഡൽഹിയെ 155 റൺസിലെത്തിച്ച് സ്റ്റബ്സും റിസ്വിയും

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡൽഹിയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 69/5 എന്ന നിലയിലേക്ക് വീണ ടീമിനെ ട്രിസ്റ്റന്‍ സ്റ്റബ്സ് – സമീര്‍ റിസ്വി കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 65 റൺസുമായി മുന്നോട്ട് നയിച്ച് മാന്യമായ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ഡൽഹി നേടിയത്.

പതും നിസ്സങ്കയും കെഎൽ രാഹുലും ഓപ്പണിംഗ് വിക്കറ്റിൽ 29 റൺസ് നേടിയെങ്കിലും 19 റൺസ് നേടിയ നിസ്സങ്കയെ മുകേഷ് ചൗധരി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ കെഎൽ രാഹുലിനെയും നഷ്ടമായതോടെ ഡൽഹി 36/2 എന്ന നിലയിലേക്ക് വീണു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 37 റൺസ് മാത്രമാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടിയത്.

കരുൺ നായരും – നിതീഷ് റാണയും മൂന്നാം വിക്കറ്റിൽ 16 റൺസ് കൂടി നേടിയെങ്കിലും 13 റൺസ് നേടിയ കരുൺ നായരെ നൂര്‍ അഹമ്മദ് തിരികെ ഡഗ്ഗൗട്ടിലേക്ക് മടക്കി. തന്റെ അടുത്ത ഓവറിൽ നിതീഷ് റാണയെയും പുറത്താക്കി നൂര്‍ അഹമ്മദ് തന്റെ രണ്ടാം വിക്കറ്റ് ആഘോഷിച്ചു.
അക്സര്‍ പട്ടേലിനെയും നഷ്ടമായ ഡൽഹി 69/5 എന്ന നിലയിലേക്ക് വീണപ്പോള്‍ അവിടെ നിന്ന് ട്രിസ്റ്റന്‍ സ്റ്റബ്സ് ആണ് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. ഈ കൂട്ടുകെട്ട് 65 റൺസ് നേടിയപ്പോള്‍ 134 റൺസുള്ളപ്പോള്‍ സ്റ്റബ്സ് പുറത്തായി.

സ്റ്റബ്സ് 38 റൺസ് നേടി പുറത്തായപ്പോള്‍ 24 പന്തിൽ 40 റൺസുമായി സമീര്‍ റിസ്വി പുറത്താകാതെ നിന്നു. 5 പന്തിൽ 14 റൺസ് നേടി അശുതോഷ് ശര്‍മ്മയും മികച്ച് നിന്നു.