മലേഷ്യന്‍ ചെറുത്ത്നില്പിനെ മറികടന്ന് ജര്‍മ്മനി ഗ്രൂപ്പ് ജേതാക്കള്‍

മലേഷ്യയുടെ ചെറുത്ത്നില്പിനെ മറികടന്ന് ജര്‍മ്മനി ജേതാക്കള്‍. വിജയത്തോടെ മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ജര്‍മ്മനി ഗ്രൂപ്പ് ഡിയിലെ ജേതാക്കളായി. 5-3 എന്ന സ്കോറിനായിരുന്നു ജര്‍മ്മനിയുടെ ജയം. രണ്ടാം മിനുട്ടില്‍ ടിം ഹെര്‍സ്ബ്രുച്ച് നേടിയ ഗോളിലൂടെ ലീഡ് നേടിയ ജര്‍മ്മനി ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ കൂടി നേടി. ആദ്യ ഇരുപത് മിനുട്ടിനുള്ള ക്രിസ്റ്റഫര്‍ റൂഹര്‍, മാര്‍ക്കോ മില്‍ടാകു എന്നിവര്‍ ജര്‍മ്മനിയ്ക്കായി വല ചലിപ്പിച്ചു.

എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ റാസി റഹിം, നബീല്‍ നൂര്‍ എന്നിവര്‍ മലേഷ്യയ്ക്കായി ഗോളുകള്‍ മടക്കി ലീഡ് കുറച്ചു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-2ന്റെ ലീഡാണ് ജര്‍മ്മനി സ്വന്തമാക്കിയത്. 39ാം മിനുട്ടില്‍ മാര്‍ക്കോ മില്‍ടാകു വീണ്ടും ജര്‍മ്മനിയ്ക്കായി സ്കോര്‍ ചെയ്തുവെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ റാസി റഹിം തന്റെ രണ്ടാം ഗോളും കുറിച്ചു. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകളുള്ളപ്പോള്‍ ടിം ഹെര്‍സ്ബ്രുച്ച് ജര്‍മ്മനിയുടെ അഞ്ചാം ഗോള്‍ നേടി.